| Friday, 17th January 2020, 8:09 am

പരോളിനിറങ്ങിയ മുംബൈ ബോംബാക്രമണക്കേസിലെ പ്രതിയെ കാണാനില്ലെന്ന് പൊലിസ്; തിരച്ചില്‍ ശക്തമാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: 1993 മുംബൈ സ്‌ഫോടന കേസിലെ പ്രതി ജലീസ് അന്‍സാരിയെ കാണാതായി.  21 ദിവസത്തെ പരോളിനിറങ്ങിയ ജലീസ് വെള്ളിയാഴ്ച തിരിച്ചെത്താതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചിരിക്കുകയാണെന്നും പൊലിസ് അറിയിച്ചു.

ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ജലീസ് രാജസ്ഥാനിലെ അജ്മീര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു കഴിഞ്ഞിരുന്നത്. സ്വദേശമായ മുംബൈയിലെ അഗ്രിപാടയിലുള്ള പൊലീസ് സ്റ്റേഷനില്‍ പരോളിലുള്ള എല്ലാ ദിവസവും രാവിലെ ഹാജരാകണമായിരുന്നു.

കൃത്യമായി ഹാജരായിരുന്ന ജലീസ് വ്യാഴാഴ്ച സ്‌റ്റേഷനില്‍ എത്തിയിരുന്നില്ല. ഉച്ച കഴിഞ്ഞ് പിതാവിനെ കാണാനില്ലെന്ന പരാതിയുമായി ജലീസിന്റെ മകന്‍ ജയ്ദ് അന്‍സാരി എത്തിയപ്പോഴാണ് വിഷയം അഗ്രിപാടിയിലെ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ശ്രദ്ധിച്ചത്.

അതിരാവിലെ പ്രാര്‍ത്ഥനക്കായി വീട്ടില്‍ നിന്നും ഇറങ്ങിയ ജലീസ് തിരിച്ചെത്തിയില്ലന്നാണ് മകന്‍ പറയുന്നത്. ജയ്ദിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൂടാതെ മഹാരാഷ്ട്ര പൊലിസും മഹാരാഷ്ട്ര എ.ടി.എസും ജലീസിന് വേണ്ടി ശക്തമായ തിരച്ചിലാണ് നടത്തുന്നത്.

വിവിധ തീവ്രവാദ സംഘങ്ങള്‍ക്ക് ആക്രമണത്തിനാവശ്യമായ ബോംബ് നിര്‍മ്മാണത്തിന് പ്രധാന സഹായിയാരുന്നെന്ന് പൊലിസ് സംശയിക്കുന്ന ജലീസിനെ 2008ലെ മുബൈ സ്‌ഫോടന കേസുമായി ബന്ധപ്പെട്ടും ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more