Kerala News
തോക്ക് ശേഖരവുമായി പിടിയിലായ ആള്‍ കോട്ടയത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Nov 12, 08:52 am
Thursday, 12th November 2020, 2:22 pm

കോട്ടയം: കോട്ടയത്ത് തോക്ക് ശേഖരവുമായി അറസ്റ്റിലായ ആള്‍ ബി.ജെ.പിയുടെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി. പള്ളിക്കത്തോട് 12ാം വാര്‍ഡില്‍ മത്സരിക്കുന്ന ബി.ജെ.പി പ്രാദേശിക നേതാവ് കെ. എന്‍ വിജയനാണ് അറസ്റ്റിലായത്.

ഇയാളുടെ തെരഞ്ഞെടുപ്പ് പ്രചാരണവും ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചിലാണ് ആയുധ ശേഖരവുമായി വിജയന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റിലായത്. പത്ത് തോക്കുകളും വെടിയുണ്ടകളും പൊലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു.

റിമാന്‍ഡിലായ വിജയന് ഇപ്പോള്‍ ജാമ്യം ലഭിച്ചിട്ടുണ്ട്. വെല്‍ഡിംഗ് കടയില്‍ തോക്കിന്റെ ഭാഗങ്ങള്‍ വെല്‍ഡ് ചെയ്യാന്‍ ഒരാള്‍ എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

പിടിയിലായവരുടെ വീടുകള്‍ റെയ്ഡ് നടത്തിയതിന്റെ ഫലമായി വന്‍ ആയുധ ശേഖരം കണ്ടെത്തിയിരുന്നു. തോക്കിന്റെ വിവിധ ഭാഗങ്ങള്‍, വെടിയുണ്ടകള്‍, വെടിമരുന്ന്, തോക്കിന്റെ ബാരലുണ്ടാക്കാന്‍ ഉപയോഗിക്കുന്ന കുഴല്‍പ്പിടി എന്നിവയും പൊലീസ് അന്ന് പിടിച്ചെടുത്തിരുന്നു.

കൊമ്പിലാക്കന്‍ ബിനേഷ് കുമാര്‍, രതീഷ് ചന്ദ്രന്‍, ആനിക്കാട് രാജന്‍, ആനിക്കാട് തട്ടാംപറമ്പില്‍ മനേഷ് കുമാര്‍ എന്നിവരാണ് വിജയനൊപ്പം പിടിയിലായ മറ്റു പ്രതികള്‍. ഇവര്‍ക്കെതിരെ ആംസ് ആക്ട്, അനധികൃത ആയുധ നിര്‍മാണം എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Convict arrested with collection of guns who is bjp candidate at Kottayam