കൊച്ചി: കൊച്ചിയില്‍ യുവാവിനെ ഫ്‌ളാറ്റില്‍ വെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന അര്‍ഷാദിനെ പൊലീസ് പിടികൂടി. കാസര്‍ഗോഡ് നിന്നാണ് യുവാവിനെ പിടികൂടിയത്. മോഷണക്കേസില്‍ കൂടി പ്രതിയാണ് അര്‍ഷാദ് എന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ നാഗരാജ് പറഞ്ഞു.
ലഹരിത്തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
‘കൊലപാതകത്തില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കുകയാണ്. കൊണ്ടോട്ടിയിലെ ജ്വല്ലറിയില്‍ നടന്ന മോഷണത്തിന് പിന്നാലെ അര്‍ഷാദ് ഒളിവിലായിരുന്നു. ഇതിനിടെയായിരുന്നു കൊലപാതകം നടന്നത്. ബോഡി പരിശോധിച്ചപ്പോള്‍ കൊലപാതകം നടന്നിട്ട് ഏകദേശം 48 മണിക്കൂര്‍ ആയിട്ടുണ്ടാകുമെന്നാണ് നിഗമനം,’ പൊലീസ് അറിയിച്ചു.
മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് അര്‍ഷാദിനെ പൊലീസ് പിടികൂടിയത്. കര്‍ണാടകയിലേക്ക് കടക്കുന്നതിനിടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണയെ ഇന്നലെയാണ് കാക്കനാട് ഇടച്ചിറയിലെ ഓക്‌സോണിയ ഫ്‌ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വൈകിട്ടോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
ശരീരമാസകലം മാരകമായി കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുതപ്പുകൊണ്ട് വരിഞ്ഞു കെട്ടിയ നിലയിലായിരുന്നു.
തലയിലും കഴുത്തിലുമടക്കം 20 ലേറെ മുറിവുകളുണ്ട്. ഫ്‌ളാറ്റിലെ പൈപ്പ് ഡെക്റ്റിനിടയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകി എന്ന് സംശയിക്കുന്ന അര്‍ഷാദ് ഈ ഫ്‌ളാറ്റിലെ സ്ഥിരതാമസക്കാരനായിരുന്നില്ല.
കൊലപാതകം നടക്കുമ്പോള്‍ അര്‍ഷാദും സജീവും മാത്രമായിരുന്നു ഫ്‌ളാറ്റിലുണ്ടായിരുന്നത്. കൂടെ താമസിക്കുന്ന മറ്റ് മൂന്നുപേരും യാത്രയിലായിരുന്നുവെന്നും ഞായരാഴ്ച തിരികെയെത്തുന്നതുവരെ സജീവുമായി സംസാരിച്ചിരുന്നുവെന്നും ഇവര്‍ പൊലീസിന് മൊഴി നല്‍കി. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ സുഹൃത്തുക്കള്‍ സജീവിനെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്ന് പുറത്ത് മുറിയെടുത്ത് താമസിക്കുകയായിരുന്നു. പിറ്റേദിവസം ഉച്ചയായിട്ടും സജീവിനെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാതിരുന്നതോടെ സംശയം തോന്നിയ മൂവരും ചേര്‍ന്ന് മറ്റൊരു താക്കോല്‍ ഉപയോഗിച്ച റൂമില്‍ കയറുകയായിരുന്നു. ഇതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
സജീവിന്റെ ഫോണില്‍ നിന്ന് മെസേജുകള്‍ ഇന്നലെ ഉച്ചവരെ വന്നിരുന്നുവെന്നും കൊലപാതക വിവരം പുറത്തായതോടെ ഫോണ്‍ സ്വിച്ച് ഓഫ് ആയെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. മെസേജുകള്‍ കണ്ടപ്പോള്‍ ഭാഷയില്‍ സംശയം തോന്നിയിരുന്നതായും സുഹൃത്തുക്കള്‍ പറയുന്നു.
സജീവെന്ന വ്യാജേനെ ഇവരോട് സംസാരിച്ചിരുന്നത് അര്‍ഷാദ് ആയിരുന്നുവെന്നാണ് പൊലീസ് നിഗമനം.
ഇപ്പോള്‍ ഫ്‌ളാറ്റിലേക്ക് വരേണ്ടതില്ലെന്നും താന്‍ സ്ഥലത്തില്ലെന്നുമാണ് സജീവിന്റെ ഫോണിലൂടെ അര്‍ഷാദ് സുഹൃത്തുക്കളോട് പറഞ്ഞത്. ഇത് ആവര്‍ത്തിച്ചതും ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാതിരുന്നതും സുഹൃത്തുക്കളില്‍ സംശയമുണ്ടാക്കി. മെസേജിലൂടെ മാത്രം കമ്യൂണിക്കേറ്റ് ചെയ്യുകയും ചെയ്തതോടെ സംശയം ബലപ്പെടുകയായിരുന്നു. ഇതോടെയാണ് ഫ്‌ളാറ്റിലെത്തി പരിശോധന നടത്തിയത്.
Content Highlight; Convict arrested in kochi flat murder case, crime due to drunkenness says police