കിടിലന്‍ കണ്‍വെര്‍ട്ടിബിള്‍ എസ്.യു.വിയുമായി റേഞ്ച് റോവര്‍; വില 69.53 ലക്ഷം രൂപ; ഫീച്ചറുകള്‍ വായിക്കാം (ചിത്രങ്ങള്‍, വീഡിയോ)
Land Rover
കിടിലന്‍ കണ്‍വെര്‍ട്ടിബിള്‍ എസ്.യു.വിയുമായി റേഞ്ച് റോവര്‍; വില 69.53 ലക്ഷം രൂപ; ഫീച്ചറുകള്‍ വായിക്കാം (ചിത്രങ്ങള്‍, വീഡിയോ)
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th March 2018, 11:43 pm

ന്യൂദല്‍ഹി: ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ ലിമിറ്റഡ് തങ്ങളുടെ കണ്‍വെര്‍ട്ടിബിള്‍ റേഞ്ച് റോവര്‍ അവതരിപ്പിച്ചു. റേഞ്ച് റോവര്‍ ഇവോക്ക് കണ്‍വെര്‍ട്ടിബിള്‍ എന്ന മോഡലാണ് അവതരിപ്പിച്ചത്. എക്‌സ് ഷോറൂം വില 69.53 ലക്ഷം രൂപയാണ്.

ഇവോക്കിന്റെ എച്ച്.എസ്.ഇ ഡൈനാമിക്ക് വാരിയന്റിനെ അടിസ്ഥാനമാക്കിയുള്ള ഈ മോഡല്‍ 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ മാത്രമാണ് ലഭ്യമാകുക. രാജ്യത്തെ ആദ്യ കണ്‍വെര്‍ട്ടിബിള്‍ എസ്.യു.വിയാണ് റേഞ്ച് റോവര്‍ ഇവോക്ക് എന്ന പ്രത്യേകതയും ഉണ്ട്. ആഡംബരത്തിലും കരുത്തിലും ഒരേ പോലെ മികച്ചു നില്‍ക്കുന്ന റേഞ്ച് റോവര്‍ ഇവോക്ക് ആഡംബര കാര്‍ പ്രേമികളുടെ മനസിളക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

“ഇന്ത്യയിലെ ആദ്യ കണ്‍വെര്‍ട്ടിബിള്‍ ആഡംബര എസ്.യു.വിയായ റേഞ്ച് റോവര്‍ ഇവോക്ക് അവതരിപ്പിക്കുന്നത് ഞങ്ങളെ ആവേശഭരിതരാക്കുന്നു. നൂതനമായ തരത്തിലുള്ള മടക്കാവുന്ന റൂഫാണ് ഇതില്‍ ഉള്ളത്. ലാന്‍ഡ് റോവര്‍ കുടുംബത്തിന് ഇവോക്ക് പുതിയൊരു മാനം നല്‍കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പാണ്.” -ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ ലിമിറ്റഡിന്റെ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ രോഹിത് ഷൂരി ഇവോക്ക് പുറത്തിറക്കുന്ന ചടങ്ങില്‍ പറഞ്ഞു.

റേഞ്ച് റോവര്‍ ഇവോക്കിന്റെ ഡിസൈന്‍ മുന്‍ മോഡലില്‍ നിന്നു മാറ്റമില്ല. കണ്‍വെര്‍ട്ടിബിളായ റൂഫ് മാത്രമാണ് വ്യത്യാസം. Z ഫോള്‍ഡിങ് കണ്‍വെര്‍ട്ടിബിള്‍ റൂഫ് സിസ്റ്റമാണ് റേഞ്ച് റോവര്‍ ഇവോക്കില്‍. വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോഴും റൂഫ് മടക്കാനും നിവര്‍ത്താനും കഴിയും. അടയ്ക്കാനോ തുറക്കാനോ വേണ്ടത് കേവലം 20 സെക്കന്റുകള്‍ മാത്രമാണ്. മണിക്കൂറില്‍ 48 കിലോമാറ്റര്‍ വേഗതയിലാണ് റൂഫ് അടയുകയും തുറക്കുകയും ചെയ്യുക.

വണ്ടിയുടെ സ്പീഡ്, ഗിയര്‍ പൊസിഷന്‍ തുടങ്ങിയ വിവരങ്ങള്‍ കാണിക്കുന്ന ഡിസ്‌പ്ലേ ഇവോക്കില്‍ ഉണ്ട്. വിന്‍ഡ് സ്‌ക്രീനില്‍ തന്നെ നാവിഗേഷന്‍ ദിശ കാണിക്കുമെന്നതിനാല്‍ ഡ്രൈവര്‍ക്ക് നാവിഗേഷന്‍ അറിയാനായി നോട്ടം തിരിക്കേണ്ട കാര്യമില്ല. വൈഫൈ ഹോട്ട്‌സ്‌പോട്ടില്‍ സിം കാര്‍ഡ് ഇട്ടാല്‍ 8 ഉപകരണങ്ങളില്‍ വരെ വൈഫൈ ഉപയോഗിക്കാം.

പുതിയ 2.0 ലിറ്റര്‍ ഇന്‍ജീനിയം പെട്രോള്‍ എഞ്ചിനാണ് റേഞ്ച് റോവര്‍ ഇവോക്കിന് കരുത്തേകുന്നത്. ഒന്‍പതു സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ ട്രാന്‍സ്മിഷനും ഫോര്‍ വീല്‍ ഡ്രൈവും ഇവോക്കിലുണ്ട്. വെറും 8.1 സെക്കന്റുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ നൂറു കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ റേഞ്ച് റോവര്‍ ഇവോക്കിന് കഴിയുമെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. കൈവരിക്കാവുന്ന പരമാവധി വേഗത മണിക്കൂറില്‍ 217 കിലോമീറ്ററാണ്.

വീഡിയോ കാണാം: