കോഴിക്കോട്: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷിന്റെ സുഹൃത്ത് എന്ന നിലയില്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട മുന്‍ മാധ്യപ്രവര്‍ത്തകന്‍ ഷാജ് കിരണിനെക്കുറിച്ചുള്ള പഴയ സഹപ്രവര്‍ത്തകരുടെ സംഭാഷണം വൈറലാകുന്നു.
ഫേസ്ബുക്കില്‍ ശിവലാല്‍ രവീന്ദ്രന്‍ എന്ന പ്രൊഫൈല്‍ ഷാജ് കിരണിനെക്കുറിച്ചെഴുതിയതിന് താഴെയാണ് മാധ്യമ സുഹൃത്തുക്കള്‍ ഒത്തുകൂടിയത്.
‘ഷാജ് കിരണിനെ അറിയും, ഒരേ സ്ഥാപനത്തില്‍ ഒരേകാലത്തുണ്ടായിരുന്നു, രണ്ട് സ്ഥലങ്ങളില്‍. അതുകൊണ്ട് തന്നെ ഇപ്പോള്‍ കേള്‍ക്കുന്ന വെളിപ്പെടുത്തലുകളില്‍ പലതും ഞെട്ടിക്കുന്നില്ലെന്ന് മാത്രമല്ല, പൊട്ടിച്ചിരിയാണുണ്ടാക്കുന്നത്. അല്ലേ.. ഹാഷ്മി, സുജിത്,’ എന്നായിരുന്നു ശിവലാല്‍ രവീന്ദ്രന്റെ പോസ്റ്റ്.
24 ന്യൂസിലെ മാധ്യമപ്രവര്‍ത്തകന്‍ ഹാഷ്മി താജ് ഇബ്രാഹിമിനെയടക്കം ടാഗ് ചെയ്തായിരുന്നു ശിവലാലിന്റെ പോസ്റ്റ്. ‘അവന്റെ ചുറ്റിലും കെടന്ന് സാക്ഷാല്‍ കേരള രാഷ്ട്രീയം കറങ്ങുമ്പൊള്‍ ഇതേത് പാരലല്‍ വേള്‍ഡ് കടവുളേ എന്ന് അന്തം വിട്ട് ഞാനും,’ എന്നായിരുന്നു ഹാഷ്മി പോസ്റ്റിന് കമന്റ് ചെയ്തത്. അഭിമാനിക്കുക, അത്ര തന്നെ!, എന്ന് സനീഷ് ഇളയിടത്തും കമന്റ് ചെയ്തു.
‘2007 മുതലറിയും, എം.ജിയിലും ഉണ്ടായിരുന്നു. എന്റെ പൊന്നോ,’ എന്നായിരുന്നു സുജിത്ത് ചന്ദ്രന്‍ എന്ന പ്രൊഫൈലില്‍ നിന്ന് വന്ന കമന്റ്. കഥകള്‍ പറയാന്‍ സമയം ഇപ്പോഴില്ല. കുറച്ച് കഴിഞ്ഞ് ഫ്രീ ആകും, വിളിക്കാം, എന്ന് മറ്റൊരു സുഹൃത്തും കമന്റില്‍ പറഞ്ഞു.
അതേസമയം, സ്വപ്ന പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഷാജ് കിരണും സുഹൃത്തും ഡി.ജി.പിക്ക് പരാതി നല്‍കി. സംസ്ഥാന സര്‍ക്കാരിനെതിരെ സ്വപ്ന നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാക്കാന്‍ ശ്രമം നടത്തുന്നു എന്ന് പരാതിയില്‍ പറയുന്നു. ഏതന്വേഷണത്തോടും സഹകരിക്കുമെന്നും ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കണമെന്നുമാണ് ഷാജ് കിരണിന്റെ ആവശ്യം.
ഷാജ് കിരണും താനും തമ്മിലുള്ള ശബ്ദ സംഭാഷണം സ്വപ്ന ഇന്നലെ പുറത്തുവിട്ടിരുന്നു. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ശബ്ദരേഖയാണ് സ്വപ്ന സുരേഷ് പുറത്തുവിട്ടത്. പാലക്കാടുള്ള സ്വപ്നയുടെ ഓഫീസിന് മുന്നില്‍ വെച്ചാണ് ശബ്ദരേഖ പുറത്തുവിട്ടിത്.
പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ടുകള്‍ അമേരിക്കയിലേക്ക് പോകുന്നത് ബിലീവേഴ്‌സ് ചര്‍ച്ച് വഴിയാണെന്ന് ശബ്ദരേഖയില്‍ പറഞ്ഞിരുന്നു. അതുകൊണ്ടാണ് ബിലിവേഴ്‌സ് ചര്‍ച്ചിന്റെ എഫ്.സി.ആര്‍.എ. റദ്ദായതെന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നു
ഷാജ് കിരണ്‍ പറയുന്ന ഒന്നാം നമ്പറുകാരന്‍ മുഖ്യമന്ത്രി തന്നെയാണ്. ബിലീവേഴ്സ് ചര്‍ച്ചിന്റെ ഡയറക്ടര്‍മാരില്‍ ഒരാളാണ് ഷാജ് കിരണ്‍. മുഖ്യമന്ത്രിയടക്കമുള്ള ആളുകളുടെ ബിനാമിയാണ് ഷാജ് കിരണ്‍. മൂന്നും അഞ്ചും ശതമാനം കമ്മീഷന്‍ വാങ്ങുന്ന റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ മാത്രമായ ഷാജിന് എങ്ങനെയാണ് ഇത്രയും കമ്പനികളുടെ ഡയറക്ടറാവാന്‍ കഴിയുന്നതെന്നും സ്വപ്ന സുരേഷ് ചോദിച്ചിരുന്നു.