| Friday, 21st July 2023, 1:15 pm

നിങ്ങള്‍ സെഞ്ച്വറിയടിക്കൂ, അതെനിക്ക് കണ്‍നിറയെ കാണണം; വിന്‍ഡീസ് കീപ്പറുടെ വാക്കുകളില്‍ ഞെട്ടി ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ രണ്ടാം മത്സരം ക്യൂന്‍സ് പാര്‍ക്കില്‍ തുടരുകയാണ്. ആദ്യ ദിവസം തന്നെ 288ന് നാല് എന്ന പടുകൂറ്റന്‍ സ്‌കോറാണ് ഇന്ത്യ പടുത്തുയര്‍ത്തിയത്. 87 റണ്‍സുമായി വിരാട് കോഹ്‌ലിയും 36 റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.

161 പന്തില്‍ നിന്നും എട്ട് ബൗണ്ടറിയുടെ അകമ്പടിയോടെ 87 റണ്‍സാണ് വിരാട് നേടിയത്. തന്റെ 500ാം മത്സരത്തില്‍ 76ാം അന്താരാഷ്ട്ര സെഞ്ച്വറിയിലേക്കാണ് വിരാട് നടന്നടുക്കുന്നത്.

കരിയറിലെ പ്രധാന നാഴികക്കല്ലില്‍ നില്‍ക്കവെ വിരാട് സെഞ്ച്വറിയടിക്കണമെന്നാണ് ആരാധകര്‍ ഒന്നടങ്കം ആഗ്രഹിക്കുന്നത്. വിരാട് സെഞ്ച്വറിയടിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാള്‍ വിന്‍ഡീസ് ടീമിനൊപ്പവുമുണ്ട്. വിക്കറ്റ് കീപ്പര്‍ ജോഷ്വ ഡ സില്‍വയാണ് അത്.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

ഇരുവരും തമ്മിലുള്ള സംഭാഷണം സ്റ്റംപ് മൈക്ക് പിടിച്ചെടുത്തതോടെ ആരാധകര്‍ ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 72ാം ഓവറിന് ശേഷം വിരാട് തന്റെ ഗ്ലൗവും ഹെല്‍മെറ്റും അഡ്ജസ്റ്റ് ചെയ്യുന്നതിനിടെയാണ് ഇരുവരും സംഭാഷണത്തിലേര്‍പ്പെട്ടത്.

‘വിരാട് കോഹ്‌ലി ബാറ്റ് ചെയ്യുന്നത് കാണാന്‍ എന്റെ അമ്മ വരുമെന്നാണ് പറഞ്ഞത്. എനിക്കൊരിക്കലും വിശ്വസിക്കാന്‍ കഴിഞ്ഞില്ല. നിങ്ങള്‍ സെഞ്ച്വറിയടിക്കൂ വിരാട്, എനിക്കത് കാണണം,’ ഡ സില്‍വ പറഞ്ഞു.

‘എന്റെ മൈല്‍സ്റ്റോണുകളോട് നിങ്ങള്‍ക്ക് അത്രത്തോളം ഇഷ്ടമുണ്ടോ?’ എന്നായി വിരാട്.

‘ഇല്ല, അങ്ങനെയൊന്നുമില്ല. പക്ഷേ ഇത് നിങ്ങള്‍ക്ക് ലഭിക്കണമെന്ന് ഞാന്‍ അതിയായി ആഗ്രഹിക്കുന്നു,’ എന്നായിരുന്നു വിന്‍ഡീസ് വിക്കറ്റ് കീപ്പറുടെ മറുപടി.

തന്റെ 76ാം സെഞ്ച്വറിയിലേക്ക് നടന്നടുക്കുന്ന വിരാട് ഇതിനോടകം തന്നെ മറ്റൊരു തകര്‍പ്പന്‍ റെക്കോഡും സ്വന്തമാക്കിയിരുന്നു. ഏറ്റവുമധികം അന്താരാഷ്ട്ര റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഇതിഹാസ താരം ജാക് കാലിസിനെ മറികടന്ന് അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചാണ് വിരാട് റെക്കോഡിട്ടത്.

പരമ്പരയിലെ രണ്ടാം ടെസ്റ്റിന് മുമ്പ് 25,461 റണ്‍സായിരുന്നു വിരാടിന്റെ പേരിലുണ്ടായിരുന്നത്, കാലിസിനെക്കാള്‍ 73 റണ്‍സിന്റെ മാത്രം കുറവ്. 25,534 റണ്‍സാണ് കാലിസ് തന്റെ ഐതിഹാസിക കരിയറില്‍ സ്വന്തമാക്കിയത്. എന്നാല്‍ ക്യൂന്‍സ് പാര്‍ക്കില്‍ 87 റണ്‍സുമായി ബാറ്റിങ് തുടരുന്ന വിരാട് കാലിസിനെ മറികടന്നിരിക്കുകയാണ്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍

(താരം – രാജ്യം – റണ്‍സ് എന്നീ ക്രമത്തില്‍)

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 34,357

കുമാര്‍ സംഗക്കാര – ശ്രീലങ്ക – 28,016

റിക്കി പോണ്ടിങ് – ഓസ്ട്രേലിയ – 27,483

മഹേല ജയവര്‍ധനെ – ശ്രീലങ്ക – 25,957

വിരാട് കോഹ്‌ലി- ഇന്ത്യ – 25,548*

ജാക് കാലീസ് – സൗത്ത് ആഫ്രിക്ക – 25,534

രാഹുല്‍ ദ്രാവിഡ് – ഇന്ത്യ – 24,208

Content Highlight: Conversation between Virat Kohli and Joshua da Silva

We use cookies to give you the best possible experience. Learn more