ചിലപ്പോള്‍ നമ്മള്‍ തോറ്റു പോകും, പക്ഷേ... U19 ഫൈനലിനിടെ ക്രീസില്‍ നിന്നുള്ള ഇന്ത്യന്‍ താരങ്ങളുടെ സംഭാഷണം
Sports News
ചിലപ്പോള്‍ നമ്മള്‍ തോറ്റു പോകും, പക്ഷേ... U19 ഫൈനലിനിടെ ക്രീസില്‍ നിന്നുള്ള ഇന്ത്യന്‍ താരങ്ങളുടെ സംഭാഷണം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 12th February 2024, 12:53 pm

കഴിഞ്ഞ ദിവസം നടന്ന അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ഓസീസ് കിരീടം ചൂടിയിരുന്നു. സഹാറ പാര്‍ക് വില്ലോമൂര്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തല്‍ നടന്ന മത്സരത്തില്‍ 79 റണ്‍സിനാണ് ഓസ്‌ട്രേലിയ വിജയിച്ചത്. കുട്ടി കങ്കാരുക്കളുടെ നാലാം അണ്ടര്‍ 19 കിരീടമാണിത്.

മത്സരത്തിനിടെ നടന്ന ഒരു സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. 151 റണ്‍സിന് എട്ട് വിക്കറ്റ് നഷ്ടപ്പെട്ട് നില്‍ക്കവെ ക്രീസിലുണ്ടായിരുന്ന നമന്‍ തിവാരിയുടെയും മുരുകന്‍ പെരുമാള്‍ അഭിഷേകിന്റെയും സംഭാഷണമാണ് ചര്‍ച്ചയാകുന്നത്. സമ്മര്‍ദ സാഹചര്യത്തിലും ആത്മവിശ്വാസം നഷ്ടപ്പെടാതെ പൊരുതാനുറച്ച ഇന്ത്യന്‍ താരങ്ങളെയാണ് ആ വിഡിയോയിലൂടെ ക്രിക്കറ്റ് ലോകം കണ്ടത്.

‘ഗുരു, യാദ് രഖ്‌നാ, ഹാരേംഗേ പര്‍ സീഖ് കേ ജായേംഗേ’ (ഓര്‍ക്കുക, നമ്മള്‍ ചിലപ്പോള്‍ തോറ്റുപോയേക്കാം, എന്നാല്‍ ഇവിടെ നിന്നും പാഠം ഉള്‍ക്കൊണ്ടാകും പോകുന്നത്) എന്നാണ് നമന്‍ തിവാരി അഭിഷേക് മുരുകനോട് പറഞ്ഞത്.

സംഭവത്തിന്റെ വീഡിയോ കാണാം.

അതേസമയം, അണ്ടര്‍ 19 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടം മുതലുള്ള എല്ലാ മത്സരങ്ങളും വിജയിച്ച ശേഷം ഫൈനലില്‍ ഇന്ത്യ കലമുടയ്ക്കുകയായിരുന്നു. 2023 ഐ.സി.സി ഏകദിന ലോകകപ്പിലും സമാനമായ തോല്‍വിയാണ് ഇന്ത്യക്ക് നേരിടേണ്ടി വന്നത്.

ഫൈനലില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസീസിനായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത ഹാരി ഡിക്‌സണ്‍ 56 പന്തില്‍ ഒരു സിക്‌സറും മൂന്ന് ബൗണ്ടറിയും അടക്കം 42 റണ്‍സ് നേടി മികച്ച തുടക്കം നല്‍കിയപ്പോള്‍ സാം കോണ്‍സ്റ്റസ് പൂജ്യം റണ്‍സിനാണ് പുറത്തായത്.

ക്യാപ്റ്റന്‍ ഹ്യൂഗ് വെയ്ബ്ജന്‍ 66 പന്തില്‍ നിന്നും 48 റണ്‍സ് നേടി. ഹര്‍ജാസ് സിങ് 64 പന്തില്‍ നിന്ന് മൂന്ന് സിക്‌സറുകളും മൂന്ന് ബൗണ്ടറികളും അടക്കം 55 റണ്‍സ് നേടി ഫൈനലിലെ ഏക അര്‍ധ സെഞ്ച്വറി നേടി. 85.94 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 253 എന്ന നിലയില്‍ ഓസീസ് ഇന്നിങ്‌സ് അവസാനിപ്പിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കം പാളിയിരുന്നു. ഓപ്പണര്‍ ആദര്‍ശ് സിങ് 77 പന്തില്‍ നിന്ന് ഒരു സിക്സറും നാലു ബൗണ്ടറികളും ഉള്‍പ്പെടെ 47 റണ്‍സ് നേടി. അര്‍ഷിന്‍ കുല്‍ക്കര്‍ണി വെറും മൂന്ന് റണ്‍സിന് കൂടാരം കയറിയതോടെ മുഷീര്‍ ഖാന്‍ 33 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറികള്‍ അടക്കം 22 റണ്‍സ് നേടി കുറച്ചെങ്കിലും പിടിച്ചുനിന്നു.

ക്യാപ്റ്റന്‍ ഉദയ് സഹരണ്‍ എട്ട് റണ്‍സും സച്ചിന്‍ ദാസ്, പ്രിയന്‍ഷു മോലിയ എന്നിവര്‍ ഒമ്പത് റണ്‍സിനും കൂടാരം കയറി. മധ്യനിരയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ആരവല്ലി അവനിഷ് റാവു പൂജ്യം റണ്‍സിനും പുറത്തായി.

ഏറെ വിജയപ്രതീക്ഷ നല്‍കിയ മുരുകന്‍ പെരുമാള്‍ അഭിഷേക് 46 പന്തില്‍ ഒരു സിക്സറും 5 ബൗണ്ടറിയും ഉള്‍പ്പെടെ 42 റണ്‍സ് നേടി പൊരുതി നിന്നു. ബൗളിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചെങ്കിലും രാജ് ലിംബാനി പൂജ്യം റണ്‍സിനാണ് പുറത്തായത്. അഭിഷേകിന് കൂട്ട് നിന്ന നമന്‍ തിവാരി ഒരു സിക്സര്‍ അടക്കം 35 പന്തില്‍ 14 നേടി.

 

Content Highlight: Conversation between Naman Tiwari and Murugan Perumal Ashwin during U19 World Cup goes viral