ജോര്‍ദന്‍ മരുഭൂമിയില്‍ പൃഥ്വിയും ബ്ലെസിയും മാത്രമല്ല ഒരു ഷോട്ടിന് വേണ്ടി ദിവസങ്ങളോളം കാത്തുനിന്നത്, വേറൊരു ഹോളിവുഡ് ടീമും ഉണ്ടായിരുന്നു: വൈറലായി ഇന്റര്‍വ്യൂ
Entertainment
ജോര്‍ദന്‍ മരുഭൂമിയില്‍ പൃഥ്വിയും ബ്ലെസിയും മാത്രമല്ല ഒരു ഷോട്ടിന് വേണ്ടി ദിവസങ്ങളോളം കാത്തുനിന്നത്, വേറൊരു ഹോളിവുഡ് ടീമും ഉണ്ടായിരുന്നു: വൈറലായി ഇന്റര്‍വ്യൂ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 28th March 2024, 3:40 pm

ആടുജീവിതത്തിന്റെ പ്രൊമോഷന്റ ഭാഗമായി പൃഥ്വി അഭിമുഖങ്ങളില്‍ പറഞ്ഞ കാര്യമാണ് ഒരു ഷോട്ട് എടുക്കാന്‍ ഏട്ട് ദിവസം കാത്തുനിന്നു എന്നത്. പലരും അതിനെ പ്രൊമോഷന്‍ തള്ളെന്നും, മറ്റ് ചിലര്‍ സിനിമയോടുള്ള സമര്‍പ്പണമെന്നും അതിനെ പറഞ്ഞിരുന്നു. എന്നാല്‍ ആടുജീവിതം ടീം മാത്രമല്ല, മറ്റൊരു ഹോളിവുഡ് സിനിമയുടെ ടീമും അതേ മരുഭൂമിയില്‍ ഒരു ഷോട്ടിന് വേണ്ടി കാത്തിരുന്നിട്ടുണ്ട്.

ഈ വര്‍ഷം റിലീസായ ബ്രഹ്‌മാണ്ഡ ഹോളിവുഡ് ചിത്രം ഡ്യൂണ്‍ 2 വിന്റെ ചിത്രീകരണവും ജോര്‍ദനിലെ വാദി റം മരുഭൂമിയിലായിരുന്നു. സിനിമയുടെ സംവിധായകന്‍ ഡെന്നിസ് വില്ലന്യൂവും വിഖ്യാത സംവിധായകന്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗും തമ്മിലുള്ള സംഭാഷണത്തിനിടെയാണ് ഡ്യൂണ്‍ 2വിന്റെ ഷൂട്ടിനിടയില്‍ ഒരു ഷോട്ടിനായി എട്ട് ദിവസം വരെ കാത്തിരുന്നെന്ന് ഡെന്നിസ് പറഞ്ഞത്. ഈ ഭാഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

ഡ്യൂണില്‍ എല്ലാവരും ചര്‍ച്ച ചെയ്ത തിമോത്തി ഷാര്‍ലറ്റും സെന്‍ഡായയും മരുഭൂമിയില്‍ ഒന്നിച്ചിരിക്കുന്ന ഷോട്ടിനാണ് ഏറ്റവും കൂടുതല്‍ ദിവസം കാത്തിരിക്കേണ്ടി വന്നതെന്ന് സ്പീല്‍ബര്‍ഗിനോട് വില്ലന്യൂ പറഞ്ഞു. മരുഭൂമിയില്‍ വൈകുന്നേര സമയങ്ങളില്‍ വരുന്ന ലൈറ്റിന് വേണ്ടിയാണ് കൂടുതല്‍ കാത്തിരിക്കാറെന്നും എട്ട് ദിവസം കൊണ്ടാണ് ആ ഷോട്ട് എടുത്തതെന്നും വില്ലന്യൂ പറഞ്ഞു.

ആടുജീവിതം ഷൂട്ടിനിടെ ഡ്യൂണ്‍ സിനിമയുടെ ഛായാഗ്രഹകനും വി.എഫ്.എക്‌സ് സൂപ്പര്‍വൈസറും കൂടി ലൊക്കേഷന്‍ ഹണ്ടിങ്ങിന് വന്നത് കണ്ടിരുന്നുവെന്നും പൃഥ്വി അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. അതേസമയം ഇന്ന് റിലീസായ ആടുജീവിതത്തിന് മികച്ച പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. നജീബായി പൃഥ്വി ഞെട്ടിച്ചെന്നും, നോവലിനെക്കാള്‍ മികച്ചതായി സിനിമയെടുക്കാന്‍ ബ്ലെസിക്ക് കഴിഞ്ഞെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Conversation between Dennis Villeneuve and Steven Speilberg going viral after Prithviraj’s interview