'മരിക്കാന്‍ തയ്യാറായി വരുന്നവര്‍ മരിക്കും'; പൗരത്വ പ്രതിഷേധത്തിനിടെയുണ്ടായ മരണത്തെ ന്യായീകരിച്ച് വീണ്ടും ആദിത്യനാഥ്
India
'മരിക്കാന്‍ തയ്യാറായി വരുന്നവര്‍ മരിക്കും'; പൗരത്വ പ്രതിഷേധത്തിനിടെയുണ്ടായ മരണത്തെ ന്യായീകരിച്ച് വീണ്ടും ആദിത്യനാഥ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th February 2020, 5:12 pm

ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബറില്‍ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ വെടിവെപ്പില്‍ ആളുകള്‍ കൊല്ലപ്പെട്ട സംഭവത്തെ വീണ്ടും ന്യായീകരിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

നിയമസഭയിലായിരുന്നു പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസ് നടപടിയെ ന്യായീകരിച്ച് യോഗി ആദിത്യനാഥ് രംഗത്തെത്തിയത്. മരിക്കാനുറപ്പിച്ച് ഒരാള്‍ വന്നാല്‍ അവര്‍ മരിച്ചിരിക്കുമെന്നും അവര്‍ എങ്ങനെ ജീവിച്ചിരിക്കുമെന്നുമായിരുന്നു 20 ഓളം ആളുകള്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട സംഭവത്തെ ന്യായീകരിച്ച് യോഗി ആദിത്യനാഥ് ഇന്ന് പറഞ്ഞത്.

”പൊലീസ് വെടിവെപ്പില്‍ ആരും മരിച്ചിട്ടില്ല. കലാപകാരികളില്‍ നിന്നുണ്ടായ വെടിവെപ്പിലാണ് മരണങ്ങള്‍ സംഭവിച്ചത്. ആളുകളെ വെടിവച്ചുകൊല്ലാനുള്ള ഉദ്ദേശ്യത്തോടെ ആരെങ്കിലും തെരുവിലിറങ്ങിയാല്‍ ഒന്നുകില്‍ അയാള്‍ മരിക്കുകയോ പൊലീസുകാര്‍ മരിക്കുകയോ ചെയ്യും”, – ആദിത്യനാഥ് പറഞ്ഞു.

കഴിഞ്ഞ ഒരു മാസമായി സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെയും ആദിത്യനാഥ് രംഗത്തെത്തി.

‘ഇവിടെ ചിലര്‍ ആസാദി (സ്വാതന്ത്ര്യം) മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നു. എന്താണ് ‘ആസാദി’? ജിന്നയുടെ (മുഹമ്മദ് അലി ജിന്ന) സ്വപ്നത്തിനായിട്ടാണോ നാം പ്രവര്‍ത്തിക്കേണ്ടത്? അതോ ഗാന്ധിയുടെ സ്വപ്നത്തിന് വേണ്ടിയോ ? , ആദിത്യനാഥ് ചോദിച്ചു.

ഡിസംബറിലെ അക്രമത്തില്‍ യഥാര്‍ത്ഥത്തില്‍ പൊലീസിന്റെ പ്രവര്‍ത്തനത്തെ പ്രശംസിക്കുകയാണ് വേണ്ടത്. ഡിസംബറില്‍ സംസ്ഥാനത്ത് കലാപങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

തന്റെ സര്‍ക്കാര്‍ പ്രതിഷേധക്കാര്‍ക്കെതിരല്ലെന്നും എന്നാല്‍ അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായി രംഗത്തെത്തുമെന്നും ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ യോഗി ആദിത്യനാഥ് അവകാശപ്പെട്ടു.

”നിയമത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ എന്നെ അതിശയിപ്പിക്കുകയാണ്. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധത്തെ ഞങ്ങള്‍ പിന്തുണയ്ക്കുമെന്ന് ഞാന്‍ എല്ലായ്‌പ്പോഴും പറഞ്ഞിട്ടുണ്ട്. പക്ഷേ, സാഹചര്യത്തെ ദുര്‍ബലപ്പെടുത്താന്‍ ആരെങ്കിലും ശ്രമിച്ചാല്‍, അക്രമമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ അവരുടെ ഭാഷയില്‍ തന്നെ മറുപടി നല്‍കിയിരിക്കും ”,ആദിത്യനാഥ് പറഞ്ഞു.

അതേസമയം പൊലീസ് വെടിവയ്പ്പ് മൂലം സംസ്ഥാനത്ത് മരണമൊന്നുമില്ലെന്ന മുഖ്യമന്ത്രിയുടെ വാദം ഇതിനിടെ പൊളിഞ്ഞിരുന്നു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ ജില്ലയില്‍, പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം അക്രമാസക്തമായതിനെത്തുടര്‍ന്ന് വെടിവയ്പ്പ് നടത്തിയതായി പ്രാദേശിക പൊലീസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

കൊല്ലപ്പെട്ട രണ്ട് പേരില്‍ ഒരാളുടെ മരണം പൊലീസ് വെടിവെപ്പില്‍ തന്നെയാണ് പൊലീസ് സ്ഥിരീകരിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സി.എ.എ വിരുദ്ധ അക്രമത്തില്‍ സംസ്ഥാനത്ത് 22 പേര്‍ മരിച്ചതായി യു.പി സര്‍ക്കാര്‍ തിങ്കളാഴ്ച അലഹബാദ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
പൊതു സ്വത്തുക്കള്‍ നശിപ്പിച്ചതിനും കലാപത്തിന് ആഹ്വാനം ചെയ്തതിനും 883 പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇതില്‍ 561 പേര്‍ക്ക് ജാമ്യം അനുവദിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

അതേസമയം യു.പിയില്‍ സി.എ.എയ്ക്കെതിരായ പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് നടപടിയ്‌ക്കെതിരെ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജികള്‍ മാര്‍ച്ച് 18 നാണ് പരിഗണിക്കുക.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് അമിത ബലപ്രയോഗം നടത്തിയെന്നും നിരവധി മരണങ്ങളും പരിക്കുകളും ഉണ്ടായെന്നും ഹരജിയില്‍ ആരോപിച്ചിരുന്നു. പൊലീസ് നടപടി നീതീകരിക്കപ്പെടാത്തതാണെന്നും പ്രതിഷേധക്കാരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നും ഹരജിയില്‍ ആരോപിച്ചിട്ടുണ്ട്.

പരിക്കേറ്റവര്‍ക്ക് ശരിയായ വൈദ്യസഹായം നല്‍കിയിട്ടില്ലെന്നും പ്രക്ഷോഭത്തിനിടെ മരിച്ചവരുടെ മൃതദേഹം അധികൃതര്‍ കുടുംബാംഗങ്ങള്‍ക്ക് നല്‍കിയില്ലെന്നും ഹരജിയില്‍ ആരോപിച്ചിട്ടുണ്ട്.