കോണ്‍ഗ്രസ് സോണിയ ഗാന്ധിയുടെ മക്കളുടെ തൊഴില്‍ശാലയാകുമ്പോള്‍
DISCOURSE
കോണ്‍ഗ്രസ് സോണിയ ഗാന്ധിയുടെ മക്കളുടെ തൊഴില്‍ശാലയാകുമ്പോള്‍
യാസിര്‍ എ.എം
Sunday, 30th August 2020, 8:45 pm

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനകത്ത് എന്തു സംഭവിച്ചാലും അധികം വൈകാതെ അത് പുറംലോകം അറിയും. അങ്ങനെയൊരു മെക്കാനിസമുണ്ട്. സോണിയാഗാന്ധിയുടെ മകള്‍ പ്രിയങ്കയ്ക്ക് ഭര്‍തൃഗൃഹത്തില്‍ വെച്ച് എന്തെങ്കിലും സങ്കടമുണ്ടായാല്‍ അത് പരിഹരിക്കുക ടൈംസ് ഓഫ് ഇന്ത്യ ദിനപത്രമാണ്. റോബര്‍ട്ട് വാദ്രക്കെതിരായ സ്‌കൂപ്പ് അദ്ദേഹത്തിന്റെ അമ്മായിയമ്മ അതായത് കോണ്‍ഗ്രസിന്റെ വീട്ടമ്മ ശ്രിമതി സോണിയാഗാന്ധി ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കും. ടൈംസ് അത് ബ്രെയ്ക്കിങ് ന്യൂസാക്കും. പിന്നെ, കേസുമായി മാധ്യമപട വാദ്രയെ ആക്രമിച്ചുതുടങ്ങും. അതോടെ അമ്മായിമ്മയുമായി നല്ല ടേംസിലെത്താന്‍ വാദ്ര പ്രിയങ്കയെ കൂടുതല്‍ സ്നേഹിച്ചുതുടങ്ങും.

മോദി അധികാരത്തിലെത്തുന്നതുവരെ കോണ്‍ഗ്രസിന്റെ സ്ഥിതി ഇതായിരുന്നു. ടൈംസിലെ പഴയ എഡിറ്റര്‍മാര്‍ക്ക് ഇക്കാര്യം ഓര്‍മ്മയുണ്ടാകും. ഇത്രയ്ക്കും അടുത്തറിയാതെ കോണ്‍ഗ്രസിന്റെ ഭാവിയെ കുറിച്ചുളള അന്വേഷണം ഫലം കണ്ടെന്നുവരില്ല. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിനെ കുറിച്ചൊരു മൈക്രോസ്‌കോപ്പിക്ക് അന്വേഷണമാണ് ഇനി ആവശ്യം.

സ്റ്റെതസ്‌കോപ്പ് കോണ്‍ഗ്രസിന്റെ നെഞ്ചത്തോട്ട് അടുപ്പിച്ചുവെച്ചാല്‍ നെഞ്ചിടിപ്പ് ഉയര്‍ന്ന് കേള്‍ക്കാം. ഒരമ്മയ്ക്ക് മകനെ കുറിച്ചുളള ആധി ഒരു വിങ്ങലായി ആ മിടിപ്പില്‍ താണുപൊങ്ങുന്നുണ്ടാകും. മകന്റെ ഭാവിയെ കുറിച്ച് ഇത്രയും ആശങ്കയുളള മറ്റൊരമ്മ ചിലപ്പോള്‍ ഉണ്ടായെന്നുവരില്ല. ബി.ജെ.പിയുടെ ഹിംസാത്മക രാഷ്ട്രീയത്തിന് കോണ്‍ഗ്രസിന്റെ ബദല്‍ അന്വേഷിക്കുന്നതിന്റെ തത്രപാടാണ് സോണിയാഗാന്ധിയുടെ കിതപ്പെന്ന് പൊതുജനം ഒരു പക്ഷെ തെറ്റിദ്ധരിക്കുന്നുണ്ടാകും. അതൊരു പ്രതീതി യാഥാര്‍ത്ഥ്യം മാത്രമാണ്, വാസ്തവമല്ല. സ്വന്തം മകനേയും ബലി നല്‍കേണ്ടിവരുമോയെന്നായിരുന്നു ആ അമ്മയുടെ ഉളളിലെ ആദ്യത്തെ ആധി. മകന്‍ വളരുമ്പോഴൊക്കെ ഭര്‍ത്താവിനെകുറിച്ചുളള അസ്വസ്ഥമായ ഓര്‍മ്മ സോണിയുടെ മനസില്‍ വന്നുകൊണ്ടേയിരുന്നു. അതുകൊണ്ടുമാത്രമായിരുന്നു രാഷ്ട്രീയത്തില്‍ ഇറക്കാതെ മക്കളെ ചേര്‍ത്തുപിടിച്ചിരുന്നത്. പിന്നെ മകന്‍ അല്‍പ്പം പക്വത കാണിച്ചുതുടങ്ങിയതോടെ അവനെ പോര്‍കളത്തിലിറക്കാന്‍ ധൈര്യം കാണിച്ചു.

 

എന്നാല്‍, ബി.ജെ.പിയുടെ രാഷ്ട്രീയ കുരുട്ടുതന്ത്രത്തെ അതിജീവിക്കാന്‍ മകനുകഴിയുന്നില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞു. അത് സ്ഥായിയായ കഴിവില്ലാഴ്മയാണെന്ന് അവര്‍ ഇപ്പോഴും കരുതുന്നില്ല. എന്നാല്‍ പാളയത്ത് അങ്ങനെ വിശ്വസിക്കുന്നവരുണ്ട്. അവരാണ് ആ കത്തിന്റെ പിന്നിലെന്ന് ഇപ്പോള്‍ എല്ലാവരും തിരിച്ചറിയുന്നു. കത്തെഴുതിവര്‍ പാര്‍ട്ടിക്ക് നല്ല ഭാവിയുണ്ടാക്കുകയാണ് ലക്ഷ്യം വെയ്ക്കുന്നത്. പ്രത്യേകിച്ചും ശശിതരൂരിനെ പോലുളളവരുടെ കയ്യില്‍ നേതൃത്വം ഏല്‍പ്പിക്കുക. പാര്‍ട്ടിക്ക് പുതുജീവന്‍ നല്‍കുക. പക്ഷെ, കത്തിനോടുളള ആദ്യപ്രതികരണം കോണ്‍ഗ്രസിന്റെ അന്തകവിത്തുകളായ കൊട്ടാരവിദൂഷകരാണ് നടത്തിയത്. നോക്കുകുത്തികളേക്കാള്‍ നിര്‍ഗ്ഗുണരാണ് കത്തിലെ വിപ്ലവത്തെ അടിച്ചൊതുക്കാന്‍ ഒച്ചവെച്ചവര്‍.

കത്തുവിപ്ലവകാരികളുടെ മനസ് വായിക്കുന്നതിനുമുമ്പ് ചില ചരിത്ര മുഹൂര്‍ത്തങ്ങളെ കുറിച്ച് ഓര്‍മ്മിക്കേണ്ടതുണ്ട്. മോത്തിലാല്‍ നെഹ്രു അതായത് നെഹ്രുവിന്റെ പിതാവിനും ഇപ്പോള്‍ സോണിയഗാന്ധിക്കുളളതുപോലെ മകനെ പറ്റി ആധിയുണ്ടായിരുന്നു. രാഹുലിനെ പോലെ മുത്തച്ഛനും ഒരു ഉള്‍വലിയില്‍ പ്രകൃതമുണ്ടായിരുന്നു. തന്റെ സുഹൃത്ത് മുഹമ്മദ് അലി ജിന്നയെ കാണുമ്പോള്‍ ഇടയ്ക്കു ഒന്നു ചൂളിപോകുന്ന ചെറിയൊരു ചാപല്ല്യം നെഹ്രുവിനുണ്ടായിരുന്നു. ആ മാനസികാവസ്ഥ ഇന്ത്യാവിഭജനത്തിനു കാരണമായിട്ടുണ്ടെന്നു വിഭജനത്തിനു പിന്നിലെ രാഷ്ട്രീയ മനശാസ്ത്രം പഠിച്ചാല്‍ വ്യക്തമാകും.

ഇന്ത്യ വിഭജിച്ച് ജിന്ന പോയതോടെ നെഹ്രുവിന് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ സാധിക്കുകയും പിന്നീട് കുട്ടിക്കാലത്തെ ഉള്‍വലിയല്‍ പ്രകൃതം പാടെ ഇല്ലാതാകുകയും ചെയ്തുവെന്ന് ചരിത്രത്തിന്റെ മനസ് വായിച്ചാല്‍ വ്യക്തമാകും. മാത്രമല്ല, വിഭജനാന്തരം അദ്ദേഹത്തിന് ജിന്നയോട് ഒരല്പം പോലും വെറുപ്പുണ്ടായതുമില്ല. മുത്തച്ചന്റെ ആ ഉള്‍വലിയല്‍ പ്രകൃതം അച്ഛന്‍ രാജീവിനും ഉണ്ടായിരുന്നു. പക്ഷെ, അമ്മയുടെ ചടലുതയില്‍ രാജീവ് ചില സന്ദര്‍ഭങ്ങളില്‍ ഒരു കരുനീക്കം എന്ന നിലയില്‍ എടുത്തുപയോഗിച്ചിരുന്നു. അതിനെ പഴയ വിമതര്‍ (കുടുംബഭരണത്തിനെതിരഭിപ്രായമുളളവര്‍) സൂക്ഷിച്ച് മനസിലാക്കിയിരുന്നു. അതെല്ലാം ഇപ്പോള്‍ ബി.ജെ.പിയുടെ സുബ്രമണ്യസ്വാമിയെ നന്നായൊന്നു കണ്ടാല്‍ മനസിലാക്കാം.

രാജ്യത്തെ കെട്ടിപടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച നെഹ്രുവും അദ്ദേഹത്തിന്റെ പുത്രി ഇന്ദിരയും പൊതുമുതലായുളള സോണിയാഗാന്ധിയുടെ കുടുംബത്തിന്റെ ഭാവികൂടെ പരിഗണിക്കാതെ കോണ്‍ഗ്രസില്‍ വിപ്ലവം കൊണ്ടുവരുന്നത് ആ പാര്‍ട്ടിയെ ജനാധിപത്യപരമായി വളര്‍ത്തിയേക്കാം. പക്ഷെ, പൊതുമനസിന്റെ അടിമനസില്‍ ജാതിശ്രേണിയും കുടുംബമഹിമക്കും ഇപ്പോഴും സ്ഥാനമുളള ഇന്ത്യന്‍ ജനതക്ക് നെഹ്രുകുടുംബത്തെകുറിച്ചുളള ഓര്‍മ്മ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യസമരത്തെകുറിച്ചുളള ഓര്‍മ്മയാണ്.

ആ ഓര്‍മ്മയുടെ ബ്രാന്റിങ് പൊട്ടന്‍ഷ്യല്‍ മങ്ങുന്നുണ്ടെന്ന് തിരിച്ചറിയാന്‍ കോണ്‍ഗ്രസ് നേതൃത്വം വൈകിയതിനാല്‍ മാത്രമാണ് ആ കത്തിന്റെ അടിസ്ഥാനപ്രേരണ. ഇന്ത്യന്‍ പൊതുമനസിനെ മതാത്മക ഈഗോയുടെ തന്ത്രപരമായ വിനിയോഗത്തില്‍ സംഘപരിവാരം കീഴ്പ്പെടുത്തിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ ഭാവി ചര്‍ച്ചയാക്കുകയെന്ന ആത്മാര്‍ത്ഥമായ ലക്ഷ്യം കത്തിനടിയില്‍ ഒപ്പുവെച്ചവര്‍ക്കുണ്ടെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. കത്തിന്റെ ഉളളടക്കം അത്രമേല്‍ ശക്തമായിട്ടും ഇതുവരെ അതെകുറിച്ച് ക്രിയാത്മകമായ ചര്‍ച്ച നടത്താന്‍ ആരും തയ്യാറായിട്ടില്ലെന്ന് മുതിര്‍ന്ന നേതാവ് കബില്‍ സിബല്‍ പരിതപിച്ചിട്ടുണ്ട്. ഈ വിവാദം ഏറ്റവും ഗുണാത്മകമായ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ പൊടിപോലുമുണ്ടാവില്ല ഭാവിയില്‍ കാണാന്‍. ഈ ചര്‍ച്ചകള്‍ നെഹ്രുകുടുംബത്തിനു പുറമെയുളള ശക്തരായ അധികാരമോഹികളുടെ സ്വാര്‍ത്ഥതക്കുവേണ്ടിയാകാതെ മുന്നോട്ട് പോയാല്‍ രാജ്യത്തിന്റെ ഭാവി തിരുമാനിക്കാന്‍ കോണ്‍ഗ്രസിനു സാധിക്കും. അല്ലാത്തപക്ഷം കോണ്‍ഗ്രസിന് ഭാവി തന്നെ ഇല്ലാതാകും. ഇപ്പോള്‍ പൊതുജനതയുടെ ഓര്‍മ്മ ക്ലൗഡിലാണ്. പുതിയകളി സ്വായത്തമായില്ലെങ്കില്‍ ക്ലൗഡ് മെമ്മറിക്കുളള ആക്സ്സസ് കോണ്‍ഗ്രസിന് എന്നേന്നേക്കുമായി നഷ്ടമാകും.

ഒരു രാഷ്ട്രത്തിന്റെ ഭാവിയും വര്‍ത്തമാനവും നിര്‍ണ്ണായകമായും ചര്‍ച്ചയാകേണ്ട ഒരു സന്നിഗ്ദഘട്ടത്തില് പാര്‍ട്ടി നേതൃത്വം ഒരു കുടുംബത്തിലെ മക്കള്‍ക്ക് തൊഴില്‍ കണ്ടെത്തുകയെന്നതു മാത്രം ലക്ഷ്യമാക്കുമ്പോള്‍ രാഷ്ട്രീയമായി അനാഥമാകുന്നത് കോണ്ഗ്രസിനൊപ്പം സഞ്ചരിച്ചിരുന്ന ജനലക്ഷങ്ങളാണ്. കത്ത് ചര്‍ച്ചയായതോടെ നേതൃമാറ്റത്തകുറിച്ച് വ്യക്തമായധാരണയില്ലാതെയാണ് വര്‍ക്കിങ് കമ്മിറ്റി പിരിഞ്ഞത്. പാര്‍ട്ടിയുടെ പുനഃസംഘടനയോ റീബ്രാന്റിങ്ങോ അനിവാര്യമാണെന്ന് കാര്യത്തില്‍ രാഹുലിനുപോലും അഭിപ്രായവ്യത്യാസമില്ല. പക്ഷെ, ജനപഥത്തിന്റെ, തിണ്ണനിരങ്ങികളുടെ സ്ഥാപിതതാല്‍പ്പര്യവും വാഴ്ത്തുപാട്ടും പരിഗണിക്കാതെ സോണിയക്ക് മുന്നോട്ട് പോകാന്‍ സാധിക്കുമോയെന്നതാണ് മുഖ്യചോദ്യം.

ഇതുപോലെ മുമ്പും കോണ്‍ഗ്രസ് പ്രതിസന്ധി നേരിട്ടിട്ടുണ്ട്. ഇന്ദിരാഗാന്ധി ഇതുപോലെ പ്രതിസന്ധി നേരിട്ടപ്പോള്‍ പ്രണബ് മുഖര്‍ജിയെ തഴയുകയും അദ്ദേഹം അവരോട് പിണങ്ങി മറ്റൊരു പാര്‍ട്ടിയുണ്ടാക്കിയ ചരിത്രവുമുണ്ട്. സോണിയഗാന്ധി യാതൊരു പരിഗണനയും കൊടുക്കാതെ മാറ്റിനിര്‍ത്തേണ്ട തന്റെ ചുറ്റും കറങ്ങുന്ന ചില ഉപഗ്രഹങ്ങളുണ്ട്. ആ വര്‍ത്തുള ചക്രത്തില്‍ നിന്നും സ്വയംമാറി എതിര്‍ അഭിപ്രായം പ്രകടിപ്പിച്ചവരെ വിശ്വാസത്തിലെടുത്ത് പാര്‍ട്ടിയുടെ റീബ്രാന്റിനുവേണ്ടി അവര്‍ തന്നെ മുന്നോട്ട് വരണം. അത് അവസാനത്തെ കളിയായി അവര്‍ രംഗത്തുവരണം. അല്ലാത്തപക്ഷം, കരകയറുക പ്രയാസമാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ