| Wednesday, 14th September 2022, 11:42 am

തൃശൂര്‍ ഡി.സി.സി ഓഫീസിന് കാവി പെയിന്റടിച്ചു; പ്രവര്‍ത്തകരുടെ പ്രതിഷേധം, പിന്നാലെ നിറം മാറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: തൃശൂര്‍ ഡി.സി.സി ഓഫീസിന് കാവി പെയിന്റ് അടിച്ചതിനെച്ചൊല്ലി വിവാദം. ത്രിവര്‍ണ പതാകയുടെ നിറം അടിക്കാനായിരുന്നു കോണ്‍ഗ്രസ്
നേതൃത്വം തൊഴിലാളികളോട് ആവശ്യപ്പെട്ടത്. എന്നാല്‍ പെയിന്റ് അടിച്ചുവന്നപ്പോള്‍ കാവിയും പച്ചയും നിറത്തിലായി ഓഫീസ് മാറുകയായിരുന്നു. ഇത് ബി.ജെ.പി പതാകക്ക് സമാനമായ നിറം ആയതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു.

തുടര്‍ന്ന് ബുധനാഴ്ച രാവിലെയോടെ നിറം മാറ്റി. പെയിന്റിങ് തൊഴിലാളികള്‍ക്ക് പറ്റിയ അബദ്ധമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിക്കുന്നത്. നേരത്തെയും സമാന നിറങ്ങളായിരുന്നും ഒഫീസെന്നും ഇത്ര ഉതിപ്പുണ്ടായിരുന്നില്ല എന്നും പ്രകടമാകുന്ന കളറുള്ള പെയിന്റടിച്ചപ്പോഴാണ് മാറ്റം ദൃശ്യമായതെന്നും നേതാക്കള്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായാണ് ഓഫീസ് പെയിന്റിങ് നടത്തിയത്. അതേസമയം, ഭാരത് ജോഡോ പദയാത്ര ഇന്ന് കൊല്ലം ജില്ലയിലാണ്.

നാവായിക്കുളത്ത് നിന്ന് തുടങ്ങുന്ന പദയാത്രയുടെ ആദ്യ ഘട്ടം ചാത്തന്നൂരില്‍ സമാപിക്കും. ഉച്ചക്ക് വിദ്യാര്‍ത്ഥികളുമായി രാഹുല്‍ സംവദിക്കും. വൈകിട്ട് ചാത്തന്നൂരില്‍നിന്ന് തുടങ്ങുന്ന രണ്ടാംഘട്ട യാത്ര കൊല്ലം പള്ളിമുക്കില്‍ സമാപിക്കും.

CONTENT HIHGHLIGHTS: Controversy over saffron paint on Thrissur DCC office

We use cookies to give you the best possible experience. Learn more