|

പീഡനക്കേസ് പ്രതിക്ക് മുന്തിയ പരിഗണന, 24 ന്യൂസിനെതിരായ വിമര്‍ശനത്തിന് കൈവിലങ്ങ്; പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരൂരങ്ങാടി: എം.എല്‍.എ യു. പ്രതിഭയുടെ മകനെതിരായ കേസ് സംബന്ധിച്ച വാര്‍ത്തകളില്‍ 24 ന്യൂസ് ചാനലിനെ വിമര്‍ശിച്ച യുവാവിനെതിരായ പൊലീസ് നടപടി വിവാദത്തില്‍.

ചാനലിന്റെ പരാതിയില്‍ റഷീദ് ചെമ്പന്‍ എന്ന യുവാവിനെ തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ 24 ന്യൂസ് ചാനല്‍ മാനേജിങ് ഡയറക്ടര്‍ ശ്രീകണ്ഠന്‍ നായരെ അധിക്ഷേപിച്ചെന്നായിരുന്നു പരാതി.

എന്നാല്‍ യുവാവിനെ അറസ്റ്റ് ചെയ്ത രീതിക്കെതിരെയാണ് ഇപ്പോള്‍ പ്രതിഷേധം ഉയരുന്നത്. വീടുവളഞ്ഞാണ് റഷീദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കൈയില്‍ വിലങ്ങണിയിച്ച് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പിന്നാലെ കോടതിയില്‍ ഹാജരാക്കിയ റഷീദിന് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.

ഫെബ്രുവരി ആറിന് പുലര്‍ച്ചയോടെയാണ് യുവാവ് അറസ്റ്റിലാകുന്നത്. ഫെബ്രുവരി അഞ്ചിന് യുവാവിനെ അന്വേഷിച്ച് പൊലീസ് വീട്ടിലെത്തിയിരുന്നു.

എന്നാല്‍ റഷീദ് സ്ഥലത്തുണ്ടായിരുന്നില്ല. അടുത്ത ദിവസം സ്റ്റേഷനില്‍ ഹാജരാകാമെന്ന് യുവാവ് പൊലീസിനെ അറിയിക്കുകയും ചെയ്തിരുന്നു. പക്ഷെ, അടുത്ത ദിവസം പുലര്‍ച്ചെ വീടുവളഞ്ഞ് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ വള്ളിക്കുന്ന് ബ്ലോക്ക് കമ്മിറ്റി തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. വിഷയം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് ഡി.വൈ.എഫ്.ഐ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

തിരൂരങ്ങാടി എസ്.എച്ച്.ഒക്കെതിരെയാണ് ഡി.വൈ.എഫ്.ഐ പരാതി നല്‍കിയിരിക്കുന്നത്. യുവാവിനെതിരായ അറസ്റ്റ് നടപടി കവര്‍ ചെയ്യാന്‍ സംഭവസ്ഥലത്ത് 24 ന്യൂസ് ചാനല്‍ മാത്രം ഉണ്ടായിരുന്നുള്ളുവെന്നും മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായിരുന്നു അറസ്റ്റെന്നും ഡി.വൈ.എഫ്.ഐ ആരോപിക്കുന്നു.

വിലങ്ങുവെച്ച് അറസ്റ്റ് ചെയ്യാന്‍ മാത്രം യുവാവ് ചെയ്ത കുറ്റമെന്താണെന്ന് സോഷ്യല്‍ മീഡിയയിലും ചോദ്യം ഉയര്‍ന്നിട്ടുണ്ട്. മുക്കം പീഡന കേസിലെ പ്രതി ഡി.ഐ.ജിയുടെ പ്രൗഢിയോടെ പൊലീസ് സ്റ്റേഷനില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെ പങ്കുവെച്ചും ആളുകള്‍ വിമര്‍ശിക്കുന്നുണ്ട്.

മുക്കത്ത് പീഡനശ്രമത്തിനിടെ യുവതി കെട്ടിടത്തില്‍ നിന്ന് ചാടിയ സംഭവത്തില്‍ ഹോട്ടലുമടയായ ദേവദാസ് കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. സംഭവത്തില്‍ പ്രതികളെ പിടികൂടുന്നതില്‍ കാലതാമസം വരുത്തിയതില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടിയുടെ കുടുംബം യുവതി കെട്ടിടത്തില്‍ നിന്ന് ചാടുന്നതിന് തൊട്ട് മുമ്പുള്ള ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു.

2024 ഡിസംബര്‍ 28ന്, എം.എല്‍.എയുടെ മകന്‍ കനിവ് (21) 90 ഗ്രാം കഞ്ചാവുമായി കുട്ടനാട് എക്സൈസ് സ്‌ക്വാഡിന്റെ പിടിയിലായെന്നായിരുന്നു 24 ന്യൂസ് ചാനല്‍ നല്‍കിയ വാര്‍ത്ത. കനിവും സുഹൃത്തുക്കളും മദ്യപിക്കുമ്പോഴാണ് എക്സൈസ് പരിശോധന നടത്തിയതെന്നും ഉദ്യോഗസ്ഥര്‍ കനിവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയില്ലെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ വാര്‍ത്തയ്ക്ക് പിന്നാലെ പരസ്യ പ്രതികരണവുമായി എം.എല്‍.എ രംഗത്തെത്തിയതോടെ തുടര്‍ വാര്‍ത്തകളില്‍ കഞ്ചാവിന്റെ അളവ് കുറഞ്ഞുവരികയും ചെയ്തിരുന്നു. സംഭവം നടന്ന് അടുത്ത ദിവസമാണ് മൂന്ന് ഗ്രാം കഞ്ചാവ് എം.എല്‍.എയുടെ മകന്‍ ഉള്‍പ്പെടെ 9 പേര്‍ ഉപയോഗിച്ചു എന്നപേരില്‍ എക്‌സൈസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.

24 ന്യൂസിന്റെ പേര് പറഞ്ഞുകൊണ്ടായിരുന്നു എം.എല്‍.എയുടെ പ്രതികരണവും. പ്രസ്തുത വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ചതിനാണ് തിരൂരങ്ങാടി സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Content Highlight: Controversy over police action against young man who criticized 24 news channel in the news about the case against U.Pratibha’s son