യു.പിയില്‍ വിഗ്രഹ നിമജ്ജനത്തിനിടെ ഡി.ജെ വെക്കുന്നതിനെച്ചൊല്ലി കലാപം; യുവാവ് വെടിയേറ്റ് മരിച്ചു
national news
യു.പിയില്‍ വിഗ്രഹ നിമജ്ജനത്തിനിടെ ഡി.ജെ വെക്കുന്നതിനെച്ചൊല്ലി കലാപം; യുവാവ് വെടിയേറ്റ് മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th October 2024, 9:13 am

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചില്‍ ദുര്‍ഗ ദേവിയുടെ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ 22കാരന്‍ വെടിയേറ്റ് മരിച്ചു. ബഹ്‌റൈച്ച് ജില്ലയിലെ മന്‍സൂര്‍ സ്വദേശിയായ രാം ഗോപാല്‍ മിശ്ര (22)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

നിമജ്ജനത്തിനായുള്ള ദുര്‍ഗാദേവിയുടെ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര മന്‍സൂര്‍ ഗ്രാമത്തിലെ മഹ്രാജ്ഗഞ്ച് ബസാറിലൂടെ കടന്നുപോയപ്പോഴായിരുന്നു സംഭവം. കൊലപാതകത്തെത്തുടര്‍ന്ന്, പ്രദേശത്ത് വര്‍ഗീയ സംഘര്‍ഷം രൂപപ്പെട്ടിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് ഖര്‍പൂര്‍ ടൗണിലും മറ്റ് സ്ഥലങ്ങളിലും ഘോഷയാത്രകള്‍ റദ്ദാക്കി.

വിഗ്രഹ നിമജ്ജനവുമായി ബന്ധപ്പെട്ട ഘോഷയാത്ര മുസ്‌ലിം സമുദായക്കാര്‍ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഡി.ജെ ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായതെന്നാണ് ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

‘ഡി.ജെ മ്യൂസിക് വെക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം രൂക്ഷമായതോടെയാണ് രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള പ്രശ്‌നം ഏറ്റുമുട്ടലിലേക്കും കല്ലേറിലേക്കും നയിച്ചത്. തുടര്‍ന്ന് മന്‍സൂര്‍ സ്വദേശിയായ രാം ഗോപാല്‍ മിശ്രയ്ക്ക് വെടിയേല്‍ക്കുകയായിരുന്നു. വെടിയേറ്റ ഉടനെത്തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു,’ എസ്.എച്ച്.ഒയായ സുരേഷ് കുമാര്‍ വര്‍മ പറഞ്ഞു.

യുവാവിന്റെ മരണത്തെ തുടര്‍ന്ന് അക്രമാസക്തരായ പ്രദേശവാസികള്‍ സമീപത്തെ വീടുകള്‍ക്കും, കടകള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ടു. കൊലപാതകത്തില്‍ പ്രതികളായ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുന്നത് വരെ യുവാവിന്റെ അന്ത്യകര്‍മങ്ങള്‍ ചെയ്യില്ലെന്ന് പറഞ്ഞ് ഒരു സംഘം ആളുകള്‍ ആശുപത്രിക്ക് സമീപം പ്രതിഷേധിച്ചിരുന്നു.

കലാപത്തെ തുടര്‍ന്ന് വിഗ്രഹം നിമജ്ജനം ചെയ്യുന്ന ചടങ്ങ് മാറ്റിവെച്ചിരുന്നു.

അതേസമയം സംഭവത്തില്‍ അടിയന്തരമായി നടപടികള്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. കലാപം ഉണ്ടാക്കിയവരെ വെറുതെ വിടില്ലെന്നും വിഷയത്തില്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ച്ച വരുത്തിയ അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും യോഗി വ്യക്തമാക്കി. എന്നിരുന്നാലും, വിഗ്രഹ നിമജ്ജനം തുടരണമെന്നും അത് കൃത്യസമയത്ത് നടക്കുന്നുണ്ടെന്ന് മതസംഘടനകള്‍ ഉറപ്പുവരുത്തണമന്നും  യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി.

Content Highlight: Controversy over playing DJ during idol immersion in UP; 22 year old shot dead