Advertisement
national news
ഷീലാ ദീക്ഷിത് ചുമതലയേല്‍ക്കുന്ന പരിപാടിയില്‍ ജഗദീഷ് ടൈറ്റ്‌ലര്‍; കോണ്‍ഗ്രസിനെതിരെ വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jan 16, 01:42 pm
Wednesday, 16th January 2019, 7:12 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് ദല്‍ഹി അധ്യക്ഷയായി ഷീലാ ദീക്ഷിത് ചുമതലയേല്‍ക്കുന്ന ചടങ്ങിലെ ജഗദീഷ് ടൈറ്റ്‌ലറുടെ സാന്നിധ്യം വിവാദമാവുന്നു. സിഖ് കലാപക്കേസിലെ ആരോപണവിധേയനായ ടൈറ്‌ലര്‍ ചടങ്ങിന്റെ ഒന്നാം നിരയില്‍ തന്നെ സ്ഥാനം പിടിച്ചിരുന്നു. ടൈറ്റ്‌ലറുടെ പങ്കാളിത്തത്തിനെതിരെ അകാലിദളടക്കമുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്.

ഇന്ദിരാഗാന്ധി മുതല്‍ രാഹുല്‍ഗാന്ധി വരെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ വലം കൈയാണ് ജഗദീഷ് ടൈറ്റ്‌ലര്‍. രാജ്യത്തെ സിഖ് വിശ്വാസികള്‍ക്കുള്ള കൃത്യമായ സന്ദേശമാണിതെന്നും കേന്ദ്രമന്ത്രിയും അകാലിദള്‍ നേതാവുമായ ഹര്‍സിമ്രത് കൗര്‍ ബാദല്‍ പറഞ്ഞു.

കലാപ ഇരകളെ പേടിപ്പെടുത്തുന്നതിന് വേണ്ടിയാണ് ടൈറ്റ്‌ലറെ ഒന്നാം നിരയില്‍ തന്നെ കൊണ്ട് നിര്‍ത്തിയതെന്ന് അകാലിദള്‍ എം.എല്‍.എ മഞ്ചീന്ദര്‍ സിങ് സിര്‍സ പറഞ്ഞു.

സിഖ് കലാപക്കേസില്‍ മറ്റൊരു കോണ്‍ഗ്രസ് നേതാവായ സജ്ജന്‍ കുമാറിനെ ദല്‍ഹി ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം രാജ്ഘട്ടിലെ രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശന വേളയില്‍ ടൈറ്റ്‌ലറെയും സജ്ജന്‍കുമാറിനെയും മാറ്റി നിര്‍ത്തിയ സംഭവമുണ്ടായിരുന്നു.