കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് റിപ്പോര്‍ട്ടിങ്ങിനിടെ മീഡിയാ വണ്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ പ്രസിദ്ധീകരിച്ച വീഡിയോ ക്ലിപ്പിനെച്ചൊല്ലി വിവാദം. കലാശക്കൊട്ടില്‍ പങ്കെടുത്ത എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ വീഡിയോ ദൃശ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ അടിസ്ഥാന രഹിതമായ ക്യാപ്ഷന്‍ നല്‍കി പങ്കുവെച്ചെന്നാണ് വിമര്‍ശനം.
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി. തോമസിന്റെ പ്രചരണത്തിന് കോഴിക്കോട് നിന്ന് എത്തിയ പത്തോളം പേരടങ്ങുന്ന സംഘം കറുത്ത ഷര്‍ട്ടും തലയില്‍ ചുവന്ന മുണ്ടും കെട്ടിയ ഡ്രസ് കോഡിലാണ് കൊട്ടിക്കലാശത്തിനെത്തിയിരുന്നത്. ഇവരുടെ പ്രതികരണം മീഡിയ വണ്‍ ചാനലില്‍ കാണിച്ചപ്പോള്‍ കാവി നിറത്തിലാണുണ്ടായത്.
ഈ വീഡിയോക്ക് നല്‍കിയ ക്യാപ്ഷനെച്ചൊല്ലിയും വിമര്‍ശനമുണ്ട്. ‘ആര്‍.എസ്.എസ് രണഗീതത്തിന്റെ താളത്തില്‍ ജെയ്ക്കിന് വേണ്ടി പാട്ടുപാടി വോട്ട് ചോദിച്ച് പ്രവര്‍ത്തകര്‍’ എന്നായിരുന്നു മീഡിയ വണ്ണിന്റെ ആദ്യ ക്യാപ്ഷന്‍. എന്നാല്‍ ഇത് പിന്നീട് എഡിറ്റ് ചെയ്ത് ‘ജെയ്ക്കിന് വേണ്ടി പാട്ടുപാടി വോട്ട് ചോദിച്ച് പ്രവര്‍ത്തകര്‍’ എന്നാക്കിയിട്ടുണ്ട്. ഫേസ്ബുക്ക് പേജില്‍ ഇതിന്റെ എഡിറ്റ് ഹിസ്റ്ററിയില്‍ പോയാല്‍ ഈ തിരുത്ത് കാണാന്‍ കഴിയും.
കെ.ടി. കുഞ്ഞിക്കണ്ണന്‍ അടക്കമുള്ള സി.പി.ഐ.എം നേതാക്കളും ഇടത് പ്രൊഫൈലുകളും ചാനലിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. മറ്റ് ചാനലുകളിലെ ചുവപ്പ് മീഡിയാവണ്ണില്‍ കാവിയായി വന്നത് കൈപ്പിഴയോ ടെക്‌നിക്കല്‍ ഫോള്‍ട്ടോ അല്ല എന്നതിന്റെ തെളിവാണ് മീഡിയവണ്‍ വീഡിയോക്ക് നല്‍കിയ ക്യാപ്ഷന്‍ എന്നാണ് കെ.ടി. കുഞ്ഞിക്കണ്ണന്‍ പറയുന്നത്.
വിഷയത്തില്‍ മീഡിയാവണ്‍ ഒരു എഡിറ്റോറിയല്‍ മറുപടി നല്‍കേണ്ടതുണ്ടെന്ന് സ്വതന്ത്ര്യനിരീക്ഷകന്‍ അനിവര്‍ അരവിന്ദിനെപോലുള്ളവരും പറയുന്നു.
ഒരു മാധ്യമത്തിന്റെ ക്രെഡിബിലിറ്റി നശിപ്പിക്കാന്‍ ഒരു സോഷ്യല്‍ മീഡിയ മാനേജര്‍ മതി എന്ന് പറയാറുണ്ടെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.
അതേസമയം, ഇതുസംബന്ധിച്ച് വലിയ വിമര്‍ശനം ഉയരുമ്പോഴും ചാനല്‍ വീഡിയോ പിന്‍വലിക്കുകയോ, വിശദീകരണം നല്‍കിയിട്ടോയില്ല.