ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ 'വിസ്റ്റ കോഫി' കഫേ സ്റ്റാര്‍ബക്സിന്റെ അപരനോ; വിവാദം
World News
ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ 'വിസ്റ്റ കോഫി' കഫേ സ്റ്റാര്‍ബക്സിന്റെ അപരനോ; വിവാദം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th January 2024, 7:23 pm

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ‘വിസ്റ്റ കോഫി’ എന്ന പേരില്‍ ആരംഭിച്ച പുതിയ കഫേ വിവാദത്തില്‍. എയര്‍പോര്‍ട്ടിലെ പുതിയ സംരംഭം സ്റ്റാര്‍ബക്സിന്റെ റീബ്രാന്‍ഡ് സ്ഥാപനമാണെന്നാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. എയര്‍പോര്‍ട്ട് അധികൃതര്‍ എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് വിസ്റ്റ കോഫിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്.

ഈ പോസ്റ്റില്‍ നല്‍കിയ ഏതാനും വിവരങ്ങള്‍ വിസ്റ്റ കോഫി സ്റ്റാര്‍ബക്സിന്റെ റീബ്രാന്‍ഡ് ആണെന്ന് ആളുകളില്‍ ആശങ്ക ഉയര്‍ത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്റ്റാര്‍ബക്സിന്റെ പാനീയങ്ങള്‍ അടങ്ങുന്ന മെനു ലിസ്റ്റ് വിസ്റ്റ കഫേയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ചില ഉപഭോക്താക്കള്‍ മനസിലാക്കിയതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി.

നിലവില്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സ്റ്റാര്‍ബക്സിന്റെ ഔട്‌ലെറ്റുകള്‍ നില്‍ക്കുന്ന പരിസരങ്ങളിലായാണ് വിസ്റ്റ കോഫി കഫേ ആരംഭിച്ചിട്ടുള്ളത്. ഇത് ഭാവിയില്‍ ബഹിഷ്‌കരണ സ്ഥാപനവുമായി കൂടിച്ചേരാന്‍ സാധ്യതയുണ്ടന്ന് ഉപഭോക്താക്കള്‍ വിശ്വസിക്കുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതേസമയം വിസ്റ്റ കോഫി ഒരു താത്കാലിക ബ്രാന്‍ഡ് മാത്രമാണെന്നും യൂണിറ്റ് ഉടന്‍ തന്നെ മറ്റൊന്നിലേക്ക് മാറുമെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. കൂടാതെ ഇതുസംബന്ധിച്ച് നടക്കുന്ന വിവാദങ്ങളെ അധികൃതര്‍ നിഷേധിക്കുകയും ചെയ്തു. 2023 ഡിസംബറിന്റെ അവസാനത്തോടെ സ്റ്റാര്‍ബക്സുമായുള്ള കരാറുകള്‍ അവസാനിപ്പിച്ചതായും ഡബ്ലിന്‍ എയര്‍പോര്‍ട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഗസയിലെ യുദ്ധം ആരംഭിച്ചപ്പോള്‍ സ്റ്റാര്‍ബക്‌സിലെ ജീവനക്കാരുടെ യൂണിയന്‍ ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. തുടന്ന് തങ്ങളുടെ ട്രേഡ്മാര്‍ക്ക് ദുരുപയോഗം ചെയ്തെന്ന് ആരോപിച്ച് സ്റ്റാര്‍ബക്‌സ് യൂണിയനെതിരെ നിയമനടപടികളിലേക്ക് നീങ്ങി.

എന്നാല്‍ യൂണിയന്‍ തീവ്രവാദത്തെയും ഭീകരവാദത്തെയും അനുകൂലിക്കുന്നുവെന്ന തരത്തില്‍ സ്റ്റാര്‍ബക്‌സ് തങ്ങളെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് യൂണിയനും കോഫി ഭീമന്മാര്‍ക്കെതിരെ കേസ് നല്‍കി.

തുടര്‍ന്ന്, ലോകമെമ്പാടുമുള്ള ആളുകള്‍ സ്റ്റാര്‍ബക്‌സിനെ ബഹിഷ്‌കരിക്കാന്‍ തുടങ്ങി. തുര്‍ക്കിയിലും സ്റ്റാര്‍ബക്‌സിനെതിരെ നിരവധി പ്രതിഷേധങ്ങളാണ് നടക്കുന്നത്. തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗന്റെ എ.കെ.പി പാര്‍ട്ടി സ്റ്റാര്‍ബക്‌സ് ഔട്ട്ലെറ്റുകളില്‍ കുത്തിയിരിപ്പ് സമരങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

Content Highlight: Controversy over a new Cafe called Vista Coffee at Dublin Airport