ഏതു വികസനത്തിനും ഇരകളുണ്ടാവും അതു ഞാനോ എന്റെ കുടുംബമോ ആവരുതെന്നേയുള്ളു എന്നിടത്താണ് നാമെല്ലാം നില്‍ക്കുന്നത്. മറ്റാരെങ്കിലും ഇരകളാകുന്നതില്‍ പ്രയാസപ്പെട്ടിരുന്ന ഹൃദയവിശാലത നമ്മുടെ രാഷ്ട്രീയ- സാംസ്‌ക്കാരിക ജീവിതത്തിനു കൈമോശം വന്നു കഴിഞ്ഞുവോ?
ദേശീയപാത 45 മീറ്ററില്‍തന്നെ വേണമെന്ന വാശി, കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ കേരളീയര്‍ക്കെതിരായ യുദ്ധ പ്രഖ്യാപനമാണെന്നു പറയുമ്പോള്‍ പരിഭവിക്കുന്നവരുണ്ടാവാം. അവര്‍ തീര്‍ച്ചയായും അതിന്റെ ഗുണഫലത്തില്‍ മാത്രം കണ്ണുവെക്കുന്നവരാണ്.
അവരാഗ്രഹിക്കുന്ന ഗുണമെന്താണ്? ഗതാഗതക്കുരുക്കു പരിഹരിക്കാനും ജീവിതത്തിനും വികസനത്തിനും ഗതിവേഗം നല്‍കാനും അതുപകരിക്കും എന്നതല്ലേ? അതു തീര്‍ച്ചയായും പ്രധാനം തന്നെ. അതു പക്ഷെ, ഏറ്റവും വലിയ ദുരന്തങ്ങള്‍ വരുത്തിവെച്ചുകൊണ്ടാവണമെന്ന് ആരെങ്കിലും ആഗ്രഹിക്കുമോ? നമ്മുടെ വികസന ചിന്ത ആ വഴിക്കാവുന്നത് എന്തുകൊണ്ടാണ്?
ഏതു വികസനത്തിനും ഇരകളുണ്ടാവും അതു ഞാനോ എന്റെ കുടുംബമോ ആവരുതെന്നേയുള്ളു എന്നിടത്താണ് നാമെല്ലാം നില്‍ക്കുന്നത്. മറ്റാരെങ്കിലും ഇരകളാകുന്നതില്‍ പ്രയാസപ്പെട്ടിരുന്ന ഹൃദയവിശാലത നമ്മുടെ രാഷ്ട്രീയ- സാംസ്‌ക്കാരിക ജീവിതത്തിനു കൈമോശം വന്നു കഴിഞ്ഞുവോ?
വികസനത്തിന് പങ്കുകാരേ വേണ്ടൂ. ഇരകളെന്തിനാണ്? ഒരു നാടിന്റെ വികസനം നാട്ടുകാരുടെ മുഴുവന്‍ വികസനമാകണം. നേടുന്നതും അതിനുവേണ്ടി നഷ്ടപ്പെടുന്നതും ഒന്നിച്ച്. ഈ ഒരുമയാണ് വികസനത്തിന്റെ ആദ്യ ചുവട്.
ദേശീയപാതയുടെ വീതി 45 മീറ്ററാക്കണമെന്നു പറയുമ്പോള്‍ നാമെന്താണ് ഉദ്ദേശിക്കുന്നത്? അത്രയും വീതിയില്‍ റോഡു വരണമെന്നാവും. ഇന്നല്ലെങ്കില്‍ സമീപ ഭാവിയില്‍ അത്രയുമോ അതില്‍ക്കൂടുതലോ സൗകര്യം ആവശ്യമായേക്കാം. അതിനിപ്പോള്‍ 45 മീറ്റര്‍ മാറ്റിവെക്കണമെന്നത് തെറ്റായ നിര്‍ദേശമെന്നു പറയാനാവില്ല. നാല്‍പത്തഞ്ചു മീറ്ററില്‍ ഇപ്പോള്‍ നാലുവരിപ്പാത മാത്രമേ ഉണ്ടാക്കുന്നുള്ളു മുപ്പതു മീറ്ററില്‍ ആറുവരിപ്പാത തന്നെയാവാമല്ലോ എന്ന ബദല്‍ നിര്‍ദേശം ശരിയെന്ന ബോധ്യമുള്ളപ്പോഴും കൂടുതല്‍ വരിപ്പാതകള്‍ പണിയേണ്ടി വന്നാലോ എന്ന വികസന ചിന്തയാണ് നമ്മെ നയിക്കുന്നത്.
നിലവിലുള്ള പാത പലയിടത്തും പതിനഞ്ചു മീറ്ററേയുള്ളു. ഏറ്റടുത്ത സ്ഥലമാകട്ടെ മുപ്പതു മീറ്ററില്‍ താഴെയും. സംസ്ഥാനത്ത് കുറഞ്ഞ ദൂരമേ ഇങ്ങനെയുള്ളു. ബാക്കി ദൂരമത്രയും മുപ്പതു മീറ്റര്‍ ഏറ്റെടുത്തു കഴിഞ്ഞു. എല്ലാവരും മുപ്പതു മീറ്റര്‍ വിട്ടു നല്‍കാന്‍ ഏറെക്കുറെ തയ്യാറായിട്ടുമുണ്ട്. അത്രയും സ്ഥലത്ത് നാലു മീറ്റര്‍ മീഡിയനോടെ ആറു വരിപ്പാതയുണ്ടാക്കാനാവുമെന്ന് ഗവണ്‍മെന്റിനും ബോധ്യമുണ്ട്. ഇനി എട്ടു വരി – പതിനാറു വരിപ്പാതകള്‍ പണിയേണ്ടി വന്നാലോ എന്നതാണ് ബാക്കി നില്‍ക്കുന്ന ഒരു പ്രശ്‌നം. മറ്റൊന്ന് ടോള്‍ബൂത്തുകള്‍ കെട്ടാന്‍ അതിന്റെ തലയെടുപ്പിനനുസരിച്ചു അറുപതുമീറ്ററാണ് ഭംഗി എന്ന വിശ്വാസമാണ്.
ഒന്നാമത്തെ പ്രശ്‌നത്തിനുള്ള പരിഹാരം പലപ്പോഴായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. മീഡിയനില്‍ ഉയര്‍ന്നു നില്‍ക്കുന്ന കാലുകളില്‍ ഒരു മുകള്‍പ്പാത നിര്‍മ്മിക്കാവുന്നതേയുള്ളു. വികസ്വര – വികസിത രാജ്യങ്ങള്‍ ഇപ്പോള്‍ സ്വീകരിക്കുന്ന വഴി എലിവേറ്റഡ് ഹൈവേയാണ്. ഭൂവിലയും നഷ്ടപരിഹാരവും മാറ്റിപ്പാര്‍പ്പിക്കലും ഭൂമി നികത്തലും എല്ലാമായി വരാവുന്ന ചെലവുകളും ദുരിതങ്ങളും നോക്കുമ്പോള്‍ പ്രായേണ ലളിത മാര്‍ഗമാണിത്.
അടുത്ത പേജില്‍ തുടരുന്നു
എളുപ്പം യാത്ര ചെയ്യേണ്ടി വരുന്നവരില്‍നിന്ന് മുകള്‍പ്പാത യാത്രക്കു ആവശ്യമെങ്കില്‍ നിര്‍മ്മാണച്ചെലവു കണ്ടെത്തുകയുമാവാം. കൂടുതല്‍ സൗകര്യമൊരുക്കാന്‍ തീവണ്ടിപ്പാതകള്‍ ഇതേ രീതിയില്‍ പണിയാനാവും. ചരക്കു ഗതാഗതത്തിനു ജലമാര്‍ഗം അവലംബിക്കാനും ശ്രമിക്കണം. അപായകരമായ രാസവസ്ത്തുക്കളും ഗ്യാസുമൊക്കെ നിരത്തിലൂടെയേ കൊണ്ടുപോകൂ എന്ന വാശി ഉപേക്ഷിക്കേണ്ടതുണ്ട്. ജല റെയില്‍ വഴികളാണ് അതിനു കൂടുതല്‍ ഉചിതം.
ഓട്ടോമൊബൈല്‍ വ്യവസായ – വിപണി താല്‍പ്പര്യങ്ങള്‍ക്കു കീഴ്‌പ്പെട്ടല്ല നമ്മുടെ ഗതാഗത നയം നിശ്ചയിക്കേണ്ടത്. സഹ്യപര്‍വ്വതത്തിനും സമുദ്രത്തിനുമിടയില്‍ ലോക വാഹന വിപണിയോടു മത്സരിച്ചു നമുക്കു നിരത്തിനു വീതി കൂട്ടാനാവില്ല. വാഹനങ്ങളെക്കാള്‍ വേഗത്തില്‍ വരുന്ന ജനപ്പെരുപ്പം കണ്ടില്ലെന്നു നടിക്കാനാവുമോ? ദരിദ്രജനലക്ഷങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്തുകൊണ്ടുള്ള സമ്പന്ന റോഡുകളാണോ നമുക്കു വേണ്ടത്? മുഴുവനാളുകളെയും ഉള്‍ക്കൊള്ളുന്ന സമഗ്ര വികസനത്തിനാണ് നാം ശ്രമിക്കേണ്ടത്.
ആളുകളെ ഒഴിപ്പിക്കുന്നതിലോ പ്രയാസപ്പെടുത്തുന്നതിലോ അല്ല ശ്രദ്ധ വേണ്ടത്. അതു കൂടാതെ കഴിക്കുന്നതിലാണ്. പല പല വികസന സംരംഭങ്ങള്‍ക്കായി നാം പലതവണ ആളുകളെ പിറന്ന മണ്ണില്‍നിന്ന് ഇറക്കി വിട്ടിട്ടുണ്ട്. അവരുടെ സ്ഥിതി എന്താണ്. വാഗ്ദാനം ചെയ്ത തുഛമായ നഷ്ടപരിഹാരമെങ്കിലും അവര്‍ക്കു കൊടുത്തു തീര്‍ക്കാനായിട്ടുണ്ടോ?
പതിറ്റാണ്ടുമുമ്പ് റോഡിന് ഏറ്റെടുത്ത സ്ഥലത്തിന് കോടതി വിധിയുണ്ടായിട്ടുപോലും പ്രതിഫലം ലഭിക്കാത്തവരുണ്ട്. മറ്റാവശ്യങ്ങള്‍ക്ക് ഏറ്റെടുത്തപ്പോഴും സ്ഥിതി ഇതു തന്നെ. മൂലമ്പള്ളിയുടെയും ഏഴിമലയുടെയും സ്ഥിതി ഇതുതന്നെയാണ്. സര്‍ക്കാര്‍ ഒരു ധവളപത്രം പുറത്തിറക്കട്ടെ. ഇതുവരെ വികസന ആവശ്യത്തിന് ഏറ്റെടുത്തഭൂമി, അതിനു നല്‍കിയ നഷ്ട പരിഹാരം, ഇനിയും കൊടുത്തു തീര്‍ക്കാനുള്ള കുടിശ്ശിക എല്ലാം ജനങ്ങളറിയട്ടെ. അല്ലാതെ അവരെങ്ങനെ ഗവണ്‍മെന്റിനെ വിശ്വസിക്കും?
വീടും ഭൂമിയും കച്ചവടവും തൊഴിലും നഷ്ടപ്പെടുന്നവര്‍ക്കു നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത ഗവണ്‍മെന്റിനുണ്ടെന്നു പറയുമ്പോള്‍ അര്‍ത്ഥമാക്കുന്നത് മുഴുവന്‍ ജനങ്ങള്‍ക്കുമുണ്ടെന്നാണ്. സഹജീവികളെ രക്തത്തില്‍ മുക്കി സുഖയാത്ര നടത്താമെന്നു മോഹിക്കാമോ? ഖജനാവില്‍ പണമില്ലെങ്കില്‍ ഖജനാവിലേക്കു പണം നല്‍കുന്ന ജനം പറയട്ടെ. വികസനത്തിനു വരുന്ന നഷ്ടത്തില്‍ ഒരേപോലെ പങ്കു ചേരാന്‍ നിങ്ങള്‍ ഒരുക്കമാണോ? അതോ അല്‍പ്പം ചിലരുടെ ബലിയാണോ നിങ്ങളാഗ്രഹിക്കുന്നത്?
കോര്‍പറേറ്റുകളുടെ നഷ്ടം നികത്താന്‍ ടോള്‍ബൂത്തുകള്‍ പണിയാന്‍ വ്യവസ്ഥയുണ്ട്. അവര്‍ക്കു പരവതാനി വിരിക്കാന്‍ ജീവിതം ഹോമിക്കുന്നവര്‍ക്കു നല്‍കാന്‍ നമുക്കൊന്നുമില്ല! ഒരോ ടോള്‍ബൂത്തിലും പിരിക്കുന്നതിന്റെ ഒരു വിഹിതം വികസനത്തിനു നഷ്ടം സഹിച്ച നാട്ടുകാര്‍ക്കുകൂടി നല്‍കാന്‍ വ്യവസ്ഥയുണ്ടാക്കാമോ? ജനാധിപത്യ ഗവണ്‍മെന്റുകളേ, ജനപ്രതിനിധികളേ മറുപടി പറയുവിന്‍. കോര്‍പറേറ്റുകളുടെ നഷ്ടത്തിന് അതിന്റെ എത്രയോ ഇരട്ടി പ്രതിഫലം നല്‍കി സന്തോഷിപ്പിക്കാന്‍ ഉത്സാഹിക്കുന്നവരേ, നിങ്ങളെ തെരഞ്ഞെടുത്തയച്ച പാവം ജനങ്ങള്‍ നിങ്ങളാല്‍തന്നെ ബലിനല്‍കപ്പെടണമോ?
രാഷ്ട്രീയക്കാരേ, ഭൂമി ഏറ്റെടുക്കല്‍ നിയമം പുതുക്കിയപ്പോള്‍ ദേശീയപാതയെ നിങ്ങളതില്‍ ഉള്‍പ്പെടുത്തിയില്ല. രാജ്യത്തെ ഏറ്റവും വലുതും നിഷ്ഠൂരവുമായ ഭൂമി ഏറ്റെടുക്കലിനാണ് ഇപ്പോള്‍ നിങ്ങള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. അഭയാര്‍ത്ഥികളുടെ വന്‍ സഞ്ചയമാണ് സൃഷ്ടിക്കപ്പെടുന്നത്. വാഗ്ദാനങ്ങള്‍കൊണ്ട് വിശപ്പടക്കാനാവില്ല. വളരെ സാധാരണ ജീവിതം നയിച്ചവരെ ഒരുനാള്‍ നിസ്വരായ അഭയാര്‍ത്ഥികളാക്കി നിങ്ങള്‍ മാറ്റുകയാണ്. ഏതു വികസനത്തിനും ഇരകളുണ്ടാകുമെന്ന് എത്ര ലാഘവത്വത്തോടെയാണ് നിങ്ങള്‍ മൊഴിയുന്നത്! അതു നിങ്ങളായില്ലല്ലോ എന്ന ആശ്വാസത്തിന്റെ മിടിപ്പുപോലും എത്ര ക്രൂരമാണ്!
ഗവണ്‍മെന്റുകളുടെ ഇപ്പോഴത്തെ തീരുമാനം പാതകളെ കൊലക്കളങ്ങളാക്കും. രക്തത്തിലുറപ്പിക്കുന്ന സമ്പന്നതയുടെ വികസനം നമ്മുടെ രാജ്യത്തിനു ഭൂഷണമാണോ എന്നു ചിന്താശേഷിയുള്ളവര്‍ക്ക് അവസാനവട്ടം ഒന്നാലോചിക്കാം.
കടപ്പാട് : azadonline.wordpress.com