ലൂക്കാ മോഡ്രിച്ച് ബാലന്‍ ഡി ഓറിന് അര്‍ഹനോ?
Football
ലൂക്കാ മോഡ്രിച്ച് ബാലന്‍ ഡി ഓറിന് അര്‍ഹനോ?
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 4th December 2018, 1:09 pm

ഒരു പതിറ്റാണ്ട് നീണ്ട മെസി-ക്രിസ്റ്റ്യാനോ യുഗത്തിന് അന്ത്യം കുറിച്ചാണ് ക്രൊയേഷ്യയുടെ റയല്‍ മാഡ്രിഡ് താരം ബാലന്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കിയത്. എന്നാല്‍ ലൂക്കയുടെ അവാര്‍ഡ് നേട്ടത്തെ പിന്തുണയ്ക്കുന്നതിനോടൊപ്പം നിരവധി ഇടങ്ങളില്‍ നിന്ന് കടുത്ത വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ലൂക്ക അവാര്‍ഡ് അര്‍ഹിക്കുന്നില്ലെന്നും ഗ്രീസ്മാനാണ് അര്‍ഹനെന്നും നിരവധി പേര്‍ വിലയിരുത്തുന്നുണ്ട്.

ചെല്‍സി ഫുട്‌ബോള്‍ ക്ലബ് ജേണലിസ്റ്റ് അലക്‌സിന്റെ അഭിപ്രായം ബാലന്‍ ദി ഓറിന്റെ തീരുമാനത്തെ അംഗീകരിക്കാന്‍ കഴിയില്ല എന്നാണ്. ഒരുപാട് ആളുകളെ പോല ഞാനും ഈ തീരുമാനത്തോട് യോജിക്കുന്നില്ല. പക്ഷെ അദ്ദേഹം ഈ വര്‍ഷം ചെയ്തതൊന്നും വിസ്മരിക്കാനാകില്ല. അലക്‌സ് ട്വിറ്ററില്‍ കുറിച്ചു.

അവാര്‍ഡ് പ്രഖ്യാപനത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ഗ്രീസ്മാനും രംഗത്തെത്തിയിരുന്നു. താന്‍ ഇപ്പോള്‍ ചെയ്തതിലും കൂടുതല്‍ ഇനിയെന്താണ് നേടുകയെന്നാണ് താരം ചോദിച്ചത്. അവാര്‍ഡിന്റെ മാനദണ്ഡം ചാംപ്യന്‍സ് ലീഗ് കിരീടനേട്ടമാണോയെന്നും താരം ചോദിക്കുന്നുണ്ട്.

ലൂക്കായ്ക്ക് അവാര്‍ഡ് കൊടുത്ത കമ്മിറ്റി ഇനിയെസ്റ്റയോടും റിബറിയോടും നീതി കാണിച്ചില്ലെന്ന വാദവും ഉയരുന്നുണ്ട്. 2010 ലെ സ്പെയിനിന്റെ ലോകകപ്പ് നേട്ടത്തില് നിര്ണായകമായിരുന്നു ഇനിയെസ്റ്റയുടെ പങ്ക്. ബാര്സിലോനയ്ക്കൊപ്പം ലാലിഗയും ഇനിയെസ്റ്റ നേടി. എന്നാല് ജേതാവ് മെസ്സി ആയിരുന്നു.

ഇനി കണക്കുകളിലേക്ക് കടക്കാം

Image result for messi

ബാലന്‍ ഡി ഓര്‍ പുരസ്‌കാരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസി അഞ്ചാമതായിരുന്നു. പല താരങ്ങളും ഇതില്‍ ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു.കഴിഞ്ഞ സീസണില്‍ മെസി 34 ഗോളടിച്ച് ലാലിഗ ടോപ് സ്‌കോറര്‍ ആയിരുന്നു. കൂടാതെ 45 ഗോളടിച്ച് യൂറോപ്യന്‍ ടോപ് സ്‌കോററും തന്നെയായിരുന്നു. മാത്രമല്ല കഴിഞ്ഞ സീസണില്‍ ബാര്‍സിലോനയെ ലീഗ് ചാംപ്യനാക്കുന്നതില്‍ നിര്‍ണായക പങ്കാണ് മെസി വഹിച്ചത്.

Image result for griezmann

ഫ്രാന്‍സിന്റെ ലോകകപ്പ് ഹീറോ ഗ്രീസ്മാന്‍ മൂന്നാമതാണെത്തിയത്. ലോകകപ്പില്‍ 4 ഗോളുകളും 2 അസിസ്റ്റും താരം നേടിയിരുന്നു. ഫൈനലിലും ഗോള്‍ നേടി. കൂടാതെ അത്‌ലറ്റിക്കോയെ യൂറോപ്പ ലീഗ് ചാംപ്യനാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഫുട്‌ബോള്‍ എഴുത്ത്കാരില്‍ വലിയൊരു പക്ഷം ഗ്രീസ്മാനായിരുന്നു അര്‍ഹനെന്ന് വിലയിരുത്തുന്നുണ്ട്. ലോകകപ്പില്‍ പ്ലേ മേക്കറായും ഗ്രീസ്മാന്‍ തിളങ്ങിയിരുന്നു.

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ രണ്ടാമതാണെത്തിയത്. ലോകകപ്പില്‍ ക്രിസ്റ്റിയുടെ ഒറ്റയാള്‍ പോരാട്ടമാണ് ടീമിനെ പ്രീക്വാര്‍ട്ടറിലെത്തിച്ചത്. സ്‌പെയിനെതിരെ നേടിയ മനോഹരമായ ഫ്രീകിക്ക് ഗോളടക്കം നാലു ഗോളുകള്‍ താരം സ്വന്തമാക്കി. കഴിഞ്ഞ സീസണില്‍ ആകെ 44 ഗോളും റയലിനെ ചാംപ്യന്‍സ് ലീഗ് ജേതാക്കളാകുന്നതിലും നിര്‍ണായക പങ്ക് വഹിച്ചു. ഇതില്‍ യുവന്‍സിന് എതിരെ നേടിയ വമ്ടര്‍ ഗോളും ഉള്‍പ്പെടും.

Image result for cristiano ronaldo

ഇനി മോഡ്രിച്ചിനെ പരിഗണിക്കുകയാണെങ്കില്‍ മോഡ്രിച്ചിന്റെ മികവ് മാത്രമല്ല ക്രൊയേഷ്യ ഫൈനലില്‍ എത്തിയതില്‍ നിര്‍ണായക പങ്കുവഹിച്ചത്. യുവന്റസിലും ഇന്റര്‍മിലാനിലും മികച്ച ഫോമിലുള്ള മാന്‍സൂക്കിച്ചും പെരിസിച്ചും മുന്നേറ്റത്തില്‍ നന്നായി അധ്വാനിച്ചിട്ടുണ്ട്. മധ്യനിരയില്‍ ഇവാന്‍ റാകട്ടിച്ചും വിങില്‍ റെബിച്ചും പ്രതിരോധത്തില്‍ വേദയും ലോവറനും അധ്വാനിച്ചിട്ടുണ്ട്. മോഡ്രിച്ചിന്റെ അധ്വാനഫലമാണ് ക്രൊയേഷ്യയുടെ ജയമെന്ന ഭൂരിപക്ഷ വാദത്തെ സ്‌കൈ സ്‌പോര്‍ട്‌സ്, ബി.ബി.സി. സ്‌പോര്‍ട്‌സ് ജേണലിസ്റ്റുകള്‍ എതിര്‍ക്കുന്നുണ്ട്.

കഴിഞ്ഞ സീസണില്‍ ആകെ രണ്ട് ഗോള്‍ മാത്രമാണ് മോഡ്രിച്ച് നേടിയത്. എഴു അസിസ്റ്റുകളും. റയലിന്റെ സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചു എന്നതാണ് മറ്റൊരു നേട്ടമായി പരിഗണിക്കുന്നത്.

കണക്കുകള്‍ മുന്നോട്ട് വെയ്ക്കുമ്പോള്‍ മോഡ്രിച്ചിന് അര്‍ഹതയില്ലെന്നും വാദമുണ്ട്. അതേസമയം റയലിന്റെ മേധാവിത്വം ബാലന്‍ ഡി ഓര്‍ പുരസ്‌കാര പ്രഖ്യാപനത്തില്‍ ഉണ്ടെന്ന ആരോപണം നേരത്തെ നിലവിലുണ്ട്. ഏതായാലും അവാര്‍ഡ് പ്രഖ്യാപനം കടുത്ത വിമര്‍ശനത്തിനും വഴിയൊരുക്കിയിട്ടുണ്ട്.