സംസ്ഥാന സര്‍ക്കാറിന്റെ ആരോഗ്യ നയത്തിന്റെ കരട് മന്ത്രിസഭ അംഗീകരിച്ച് പൊതുജനങ്ങളുടെ അഭിപ്രായത്തിനായി പുറത്ത് വിട്ടിരിക്കുകയാണ്. അതിലെ സുപ്രധാനമായ നിര്‍ദേശങ്ങളിലൊന്ന് വാക്‌സിനേഷനുമായി ബന്ധപ്പെട്ടാണ്. അതിന് ഏത് തരത്തിലുള്ള പ്രതികരണം പൊതുജനങ്ങളില്‍ നിന്ന് ഉണ്ടാകുമെന്നത് നിര്‍ണ്ണായകമാണ് .
വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ആരോഗ്യനയത്തിന്റെ കരടിലുള്ള നിര്‍ദേശങ്ങള്‍ ഇവയാണ്
സംസ്ഥാനത്ത് നിയന്ത്രണ വിധേയമായിരുന്ന ഡിഫ്റ്റീരിയ, ടെറ്റനസ് പോലുള്ള രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കുത്തിവെയ്പ്പ് യജ്ഞം വ്യാപിപ്പിക്കും
ഓരോ കുട്ടിയും ജനിക്കുമ്പോള്‍ തന്നെ , നിര്‍ബന്ധവും ഐച്ഛികവുമായ പ്രതിരോധ കുത്തിവെപ്പുകളുടെ സമയക്രമം രേഖപ്പെടുത്തിയ കാര്‍ഡ് നല്‍കും.
സ്‌കൂളില്‍ ചേരുമ്പോള്‍ കുത്തിവെപ്പുകളുടെ സാക്ഷ്യം രേഖപ്പെടുത്തിയ കാര്‍ഡ് ഹാജരാക്കണം. ഇതിനായി നിയമം കൊണ്ടുവരും.
പ്രതിരോധ കുത്തിവെപ്പിനെതിരെയുള്ള പ്രചാരണത്തെ ഫലപ്രദമായി തടയാനും നേരിടാനും ശാസ്ത്രീയത ജനങ്ങളെ ബോധിപ്പിക്കാനും ആരോഗ്യവകുപ്പ് നടപടികള്‍ സ്വീകരിക്കും.
രക്ഷകര്‍ത്താക്കളില്‍ ഭീതിയുളവാക്കാന്‍ വേണ്ടി കുപ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.
വാക്‌സിനുകളുടെ ഗുണനിലവാരം നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തും.
വാക്‌സിന്‍ നിരീക്ഷണ സമിതി രൂപീകരിക്കും. വാക്‌സിന്‍ ലഭ്യതയും അതിന്റെ ഗുണനിലവാരം, വാക്‌സിന്‍ സംബന്ധിച്ച പരാതികള്‍, പുതിയ വാക്‌സിന്റെ സാധ്യതകള്‍ എന്നിവ കൈകാര്യം ചെയ്യാനാണ് സമിതി രൂപീകരിക്കുന്നത്.
ഇതില്‍ സ്‌കൂള്‍ പ്രവേശനത്തിന് വാക്‌സിനേഷന്‍ എടുത്ത് രേഖ നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശമാണ് വിവാദമാകുന്നത്. നിര്‍ദേശം നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ജേക്കബ് വടക്കഞ്ചേരി ഡൂള്‍ന്യൂസിനോട് പറഞ്ഞു.“കേരളത്തില്‍ ഈ നിര്‍ദേശം നടപ്പാകില്ല. വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണ്. അത് നിഷേധിക്കാന്‍ ആര്‍ക്കും കഴിയില്ല. ഏകപക്ഷീയമായി നടപ്പാക്കുകയാണെങ്കില്‍ കോടതിയില്‍ ചോദ്യം ചെയ്യും. കോടതിക്ക് ഇടപെടാതിരിക്കാനാവില്ല. കരട് നിര്‍ദേശത്തിനെതിരെ ഉള്ള വിയോജിപ്പ് രേഖാമൂലം സര്‍ക്കാറിനെ അറിയിക്കും.”
വാക്‌സിന്‍ പാര്‍ശ്വഫലമില്ലാത്തതാണെന്ന് തെളിഞ്ഞിട്ടില്ല. പിന്നെ എങ്ങനെയാണ് സര്‍ക്കാഷിന് നിര്‍ബന്ധമാക്കാന്‍ കഴിയുകയെന്ന് വടക്കഞ്ചേരി പറയുന്നു. വാക്‌സിന്‍ കൊണ്ട് അപകടം സംഭവിച്ചാല്‍ നഷ്ടപരിഹാരം നല്‍കാനുള്ള സംവിധാനമെങ്കിലും ഒരുക്കേണ്ടേ. അമേരിക്കയിലെ പോലെ പ്രത്യേക കോടതി ഉണ്ടാക്കട്ടെ”. ജേക്കബ് വടക്കുഞ്ചേരി വെല്ലുവിളിക്കുന്നു.
എന്നാല്‍ ആരോഗ്യനയം ജനങ്ങളുടെ മുന്നില്‍ വെച്ചിരിക്കുകയാണെന്നും അഭിപ്രായങ്ങള്‍ വരട്ടെയെന്ന് കരട് നയം തയ്യാറാക്കിയ സമിതിയുടെ അധ്യക്ഷനായ ഡോക്ടര്‍. ബി. ഇക്ബാല്‍ പ്രതികരിച്ചു. വാക്‌സിന്‍ വിരുദ്ധര്‍ കോടതിയെ സമീപിക്കേട്ടേയെന്നാണ് ഡോക്ടര്‍മാരുടെ ഫേസ്ബുക്ക് കൂട്ടായ്മയായ ഇന്‍ഫോക്ലിനിക്കിലെ ജിനേഷ് . പി .എസ് പറയുന്നത്.
“ആരോഗ്യകരമായി ജീവിക്കാന്‍ കുട്ടികള്‍ക്ക് അവകാശമുണ്ട്. വാക്‌സിനേഷന്‍ ആ അവകാശത്തിന്റെ ഭാഗമാണ്. പണ്ടുണ്ടായിരുന്ന ശിശുമരണ നിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞത് ആധുനിക വൈദ്യശാസ്ത്രത്തിന്റെയും വാക്‌സിന്റെയും വളര്‍ച്ചയിലൂടെയാണ്. അത് മുന്നോട്ട് പോകണമെങ്കില്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കണം. കുട്ടികളുടെ അവകാശം സംരക്ഷിക്കുക എന്നത് സര്‍ക്കാറിന്റെ കടമയാണ്”.
വാക്‌സിന്‍ വിരുദ്ധ പ്രചരണങ്ങളാല്‍ മാത്രമല്ല മതപരമായ കാരണങ്ങളാലും കുത്തിവെപ്പെടുക്കാത്തവര്‍ മലബാറിലെ വിവിധ ജില്ലകളിലുണ്ട്. എന്നാല്‍ മുസ്‌ലിം സംഘടനകള്‍ കരട് നയത്തിലെ നിര്‍ദേശത്തെ സ്വാഗതം ചെയ്യുകയാണ്. “മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് വാക്‌സിന്‍ നിര്‍ബന്ധമാക്കണമെന്ന എസ്.ഡി.പി.ഐ നേതാവ് മുസ്തഫ കൊമ്മേരി അഭിപ്രായപ്പെട്ടു.
വാക്‌സിനേഷന്‍ സംസ്ഥാനത്ത് വലിയ തര്‍ക്കത്തിനാണ് സമീപകാലത്ത് കാരണമായത്. മീസില്‍സ് റുബെല്ല പ്രതിരോധ പ്രവര്‍ത്തനങ്ങളെ തകിടം മറിക്കാന്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ശ്രമമുണ്ടായി. സംസ്ഥാനത്തെ പല സ്‌കൂളുകളും സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടങ്ങളുടേയും നിരന്തരമായ ഇടപെടലിനെ തുടര്‍ന്നാണ് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ തയ്യാറായത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പൊതുജനാരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തിയ സാഹചര്യത്തിലാണ് കരട് നയത്തില്‍ ഇത് ഉള്‍ക്കൊള്ളിച്ചത്.
“വാക്‌സിന്‍ വിരുദ്ധ പ്രചരണങ്ങള്‍ക്ക് കാരണമായി പ്രചരിപ്പിക്കുന്ന കള്ളത്തരങ്ങള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാവുന്ന തരത്തില്‍ നിയമം വേണമെന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ മോഹന്‍ദാസ് നായര്‍ പറയുന്നത്. വാക്‌സിനെടുത്ത കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇതിലൂടെ സര്‍ക്കാരിന് കഴിയും. വാക്‌സിനെടുക്കാത്ത കുട്ടികളുടെ രക്ഷിതാക്കളെ ബോധവത്ക്കരിക്കാനും കഴിയും.
പല രാജ്യങ്ങളിലും വാക്‌സിന്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമങ്ങളുണ്ട്. ബോധവത്കരണം നടത്തുക എന്നത് തന്നെയാണ് പ്രധാനം. അതോടൊപ്പം കള്ളത്തരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി കൂടി വേണം. വിരുദ്ധ പ്രചരണങ്ങള്‍ക്ക് തെളിവ് കാണിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. ഡിഫ്തീരിയ ഉണ്ടാവുന്നത് അലൂമിനിയം പാത്രത്തില്‍ ഭക്ഷണമുണ്ടാക്കുന്നത് കൊണ്ടാണെന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് അതിന് തെളിവ് ഹാജരാക്കാന്‍ ബാധ്യതയുണ്ട്. ഇല്ലെങ്കില്‍ ആ വിരുദ്ധ പ്രചരണങ്ങള്‍ കൊണ്ടുള്ള ദോഷങ്ങള്‍ക്ക് അവര്‍ക്കാണ് ഉത്തരവാദിത്വം എന്നും നടപടിയും ഉണ്ടാവണം. രോഗാണുവാണ് ഡിഫ്തീരിയക്ക് കാരണമെന്ന് മോഡേണ്‍ മെഡിസിന്‍ പറയുന്നുണ്ട്”.
പ്രതിഷേധങ്ങള്‍ ശക്തമാക്കി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുകയാണ് വാക്‌സിന്‍ വിരുദ്ധരുടെ ലക്ഷ്യം. നേരത്തെ വാക്‌സിന്‍ വിരുദ്ധര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇടത് നേതാക്കള്‍ ഉള്‍പ്പെടെ വാക്‌സിനെതിരെ പ്രതികരിച്ചതാണ് വാക്‌സിന്‍ വിരുദ്ധര്‍ക്ക് പ്രതീക്ഷ നല്‍കുന്നതും. സര്‍ക്കാര്‍ നിലപാടാണ് ഇതില്‍ നിര്‍ണ്ണായകമാവുക.