Kerala Assembly Election 2021
മണ്ഡലം കണ്‍വീനര്‍ രാജിവെച്ചു, രാജിസന്നദ്ധത അറിയിച്ച് ബ്രാഞ്ച് സെക്രട്ടറിമാരും; ചന്ദ്രശേഖരന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സി.പി.ഐ.യിലും പൊട്ടിത്തെറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 12, 03:17 am
Friday, 12th March 2021, 8:47 am

 

കാഞ്ഞങ്ങാട്: മന്ത്രി ഇ.ചന്ദ്രശേഖരനെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കിയതില്‍ സി.പി.ഐ.യില്‍ ഭിന്നത രൂക്ഷം. പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗമായ ബങ്കളം കുഞ്ഞികൃഷ്ണന്‍ എല്‍.ഡി.എഫ് കാഞ്ഞങ്ങാട് മണ്ഡലം കണ്‍വീനര്‍ സ്ഥാനം രാജിവെച്ചു.

ചന്ദ്രശേഖരന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ച് പത്ത് ബ്രാഞ്ച് സെക്രട്ടറിമാര്‍ മണ്ഡലം കണ്‍വെന്‍ഷന്‍ യോഗം ബഹിഷ്‌കരിക്കുകയും ചെയ്തു. ഇവര്‍ രാജിസന്നദ്ധതയും അറിയിച്ചു. മടിക്കൈ, അമ്പലത്തുകര, ലോക്കല്‍ കമ്മിറ്റികള്‍ക്ക് കീഴിലെ ബ്രാഞ്ച് സെക്രട്ടറിമാരാണ് രാജി സന്നദ്ധത അറിയിച്ചത്.

ബങ്കളം കുഞ്ഞികൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു പ്രധാനമായും ഉയര്‍ന്ന ആവശ്യം. രണ്ടു തവണ മത്സരിച്ച ചന്ദ്രശേഖരന്‍ മാറി നില്‍ക്കുമെന്നായിരുന്നു പ്രവര്‍ത്തകര്‍ കരുതിയിരുന്നത്.

എന്നാല്‍ വീണ്ടും അദ്ദേഹം തന്നെ മത്സരിക്കുമെന്നായതോടെയാണ് പ്രതിഷേധം ശക്തമായത്.
ബങ്കളം കുഞ്ഞികൃഷ്ണന്റെ രാജി പ്രാദേശിക തലത്തില്‍ തിരിച്ചടിയാകുമോ എന്ന ആശങ്ക സി.പി.ഐക്കുണ്ട്.

സംസ്ഥാന നേതൃത്വം ഇടപെട്ടിട്ടും കാഞ്ഞങ്ങാട്ടെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സി.പി.ഐക്ക് സാധിച്ചിട്ടില്ല. അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ എതിര്‍പ്പുകള്‍ പ്രാദേശിക തലത്തിലുള്ളത് മാത്രമാണെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.

ഇതിലും വലിയ പ്രശ്‌നങ്ങള്‍ മുമ്പുട്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്നും മണ്ഡലം കണ്‍വെന്‍ഷനില്‍ ആരൊക്കെ പങ്കെടുത്തുവെന്നതിനെക്കുറിച്ച് അറിയില്ലെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനും സീറ്റ് വിഭജനത്തിനും പിന്നാലെ സി.പി.ഐ.എമ്മിലും കീഴ്ഘടകത്തില്‍ നിന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. കുറ്റ്യാടിയിലും, പൊന്നാനിയിലുമാണ് സി.പി.ഐ.എം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഏരിയ സെക്രട്ടറി ടി.എം സിദ്ധീഖിനെ തള്ളി പി. നന്ദകുമാറിനെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചതാണ് പൊന്നാനിയില്‍ പൊട്ടിത്തെറിക്ക് കാരണമായത്. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് സീറ്റ് വിട്ടുകൊടുത്തതാണ് കുറ്റ്യാടിയില്‍ പ്രതിഷേധത്തിന് കാരണമായത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Controversy in CPI Over E Chandrashekaran’s Controversy