'ടീമില്‍ മൊത്തം സ്മിത്തിന്റെ സ്വന്തക്കാര്‍, ക്രിക്കറ്റ് ഓസ്‌ട്രേലിയ മറുപടി പറയണം'; സ്മിത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ താരങ്ങള്‍; കംഗാരുപ്പടയില്‍ വിവാദം പുകയുന്നു
Daily News
'ടീമില്‍ മൊത്തം സ്മിത്തിന്റെ സ്വന്തക്കാര്‍, ക്രിക്കറ്റ് ഓസ്‌ട്രേലിയ മറുപടി പറയണം'; സ്മിത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ താരങ്ങള്‍; കംഗാരുപ്പടയില്‍ വിവാദം പുകയുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th September 2017, 3:39 pm

മുംബൈ: ഇന്ത്യന്‍ പര്യടനത്തിലേറ്റ കനത്ത തോല്‍വി ഓസ്‌ട്രേലിയന്‍ ടീമിനെ പിടിച്ചുലച്ചിരിക്കുകയാണ്. നായകന്‍ സ്റ്റീവ് സ്മിത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ താരങ്ങളടക്കം രംഗത്തെത്തിയിരിക്കുകയാണ്.

സ്മിത്ത് തന്റെ സുഹൃത്തുക്കളെ മാത്രമാണ് ടീമിലെടുക്കുന്നതെന്നായിരുന്നു മുന്‍ താരം റോഡ്‌നി ഹോഗിന്റെ വിമര്‍ശനം. 2016 അയര്‍ലന്റിനെതിരെ വിജയത്തിന് ശേഷം കളിച്ച 13 വിദേശ മത്സരങ്ങളില്‍ 11 ലും ടീം പരാജയപ്പെടുകയായിരുന്നു. രണ്ടെള്ളം മഴ മൂലം മുടങ്ങുകയുമായിരുന്നു.

ഇന്ത്യന്‍ മണ്ണില്‍ നടക്കുന്ന ഏകദിന പരമ്പരയില്‍ മൂന്നിലും തോറ്റ ഓസീസ് സമ്പൂര്‍ണ്ണ പരാജയം ഒഴിവാക്കാനുള്ള ശ്രമത്തിലാണ്. ബാറ്റ്‌സ്മാന്മാര്‍ ഇന്ത്യന്‍ പിച്ചില്‍ വെള്ളം കുടിക്കുകയാണ്. ഇതോടെയാണ് ഹോഗ്ഗ് അടക്കമുള്ളവര്‍ നായകനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.


Also Read: ‘മഞ്ഞക്കുപ്പായമിട്ട ലങ്കയാണ് ഓസീസ്’; കംഗാരുപ്പടയെ പരിഹസിച്ച് ഹര്‍ഭജന്‍ സിങ്ങ്


നേരത്തെ ചാപ്പല്‍-ഹാഡ്‌ലി ട്രോഫിയില്‍ ന്യൂസിലാന്റിനെതിരെ 0-2 ന് പരാജയപ്പെട്ടിരുന്നു. തൊട്ട് മുമ്പ് ദക്ഷിണാഫ്രിക്കയോട് അഞ്ചില്‍ അഞ്ചിലും തോറ്റിരുന്നു.

“അവര്‍ സ്വന്തക്കാരെ നോക്കിയാണ് ടീമിലേക്കെടുക്കുന്നത്. സ്മിത്തിനെ സെല്കടറാക്കരുത്. അഗാറിനെ തള്ളിക്കേറ്റുകയായിരുന്നു. ഹില്‍ട്ടണും കാര്‍ട്ട്‌വ്രൈറ്റും ഇപ്പോഴും ടീമില്‍ തുടരുന്നു. സ്മിത്തിന്റെ കൂട്ടുകാരനായ മാഡിസണും സെലക്ട് ചെയ്യപ്പെടുന്നത് കണ്ടു”. ഹോഗ് പറയുന്നു.

“നിങ്ങള്‍ക്കിങ്ങനെ സ്വന്തക്കാരെ നോക്കി ടീമുണ്ടാക്കാന്‍ പറ്റില്ല. സെലക്ഷന്‍ ഫെയര്‍ ആയിരിക്കണം. ക്യാപ്റ്റന്‍ സ്വന്തം ഇഷ്ടത്തിന് അനുസരിച്ചാണ് നീങ്ങുന്നത്.” അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

നേരത്തെ ചാമ്പ്യന്‍സ് ട്രോഫിയുടെ സമയത്ത് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡാരന്‍ ബെറിയും സ്മിത്തിന്റെ ടീം സെലക്ഷനെതിരെ രംഗത്തെത്തിയിരുന്നു. മോയ്‌സെസ് ഹെന്റിക്വസിനെ നാലാമതായി ഇറക്കിയതിനെതിരെയായിരുന്നു അദ്ദേഹം വിമര്‍ശിച്ചത്.

ടീമിന്റെ മോശം പ്രകടനത്തിന് ക്രിക്കറ്റ് ഓസ്‌ട്രേലിയ മറുപടി പറയണമെന്നും ഹോഗ് പറയുന്നു. നാളെയാണ് ഇന്ത്യ-ഓസീസ് പരമ്പരയിലെ നാലാമത്തെ മത്സരം. ഇനിയുള്ള രണ്ട് മത്സരങ്ങളും ജയിച്ച് നാണക്കേട് ഒഴിവാക്കുകയാണ് ഓസീസിന്റെ ലക്ഷ്യം. ബംഗളൂരുവിലാണ് മത്സരം.