| Wednesday, 1st June 2022, 3:57 pm

മൊഅനയുടെ കോപ്പിയടി, ഇത് തെലുങ്ക് സിനിമയോ അതോ സീരിയലോ; ബ്രഹ്മാസ്ത്ര ട്രെയ്‌ലറിന് പിന്നാലെ ട്വിറ്ററില്‍ തര്‍ക്കം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും പ്രധാനവേഷങ്ങളിലെത്തുന്ന ബ്രഹ്മാസ്ത്ര എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍. അയാന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രം മൂന്ന് ഭാഗങ്ങളിലായാണ് ഒരുങ്ങുന്നത്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വന്നിരുന്നു. അമിതാഭ് ബച്ചന്‍, നാഗാര്‍ജുന അക്കിനേനി, മൗനി റോയ് എന്നീ മറ്റ് അഭിനേതാക്കള കൂടി പരിചയപ്പെടുത്തുന്ന ട്രെയ്‌ലറാണ് പുറത്ത് വന്നത്. ചിത്രം 100 ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങളുടേതാവും എന്നാണ് ട്രെയ്‌ലര്‍ പങ്കുവെച്ചുകൊണ്ട് ആലിയ ഭട്ട് സമൂഹ മാധ്യമത്തില്‍ കുറിച്ചത്.

അമാനുഷിക ശക്തികളുടെ അഗ്നിയില്‍ പൂണ്ട രൂപങ്ങളും അമ്പും വില്ലുമൊക്കെ ഉള്‍പ്പെടുത്തിയുള്ള വി.എഫ്.എക്‌സ് ദൃശ്യങ്ങളോടെയായിരുന്നു ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഒരുക്കിയത്.

ട്രെയ്‌ലര്‍ പുറത്ത് വന്നതോടെ ട്വിറ്ററില്‍ തര്‍ക്കം രൂപപ്പെട്ടിരിക്കുകയാണ്. ഒരു കൂട്ടര്‍ ട്രെയ്‌ലറിനേയും വി.എഫ്.എക്‌സിനേയും പുകഴ്ത്തുമ്പോള്‍ മറ്റൊരു വിഭാഗം ഇതേ വിഷയങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയാണ്.

മാര്‍വല്‍ ലെവലിലുള്ള ദൃശ്യാനുഭവം എന്നാണ് ചിലര്‍ ട്രെയ്‌ലറിനെ പുകഴ്ത്തിയത്. ഇത്തരത്തിലുള്ള വി.എഫ്.എക്‌സ് ഇന്ത്യയില്‍ ആദ്യമാണെന്നും ബ്രഹ്മാസ്ത്രയോടെ ബോളിവുഡ് വേറെ ലെവലിലെത്തുമെന്നും പ്രേക്ഷകര്‍ ട്വിറ്ററില്‍ കുറിക്കുന്നു.

അതേസമയം വി.എഫ്.എക്സ് നിലവാരം പുലര്‍ത്തുന്നില്ലെന്ന അഭിപ്രായവും പലരും ട്വിറ്ററിലൂടെ പങ്കുവച്ചു. ചിത്രത്തിലെ വി.എഫ്.എക്‌സ് ദൃശ്യങ്ങള്‍ ഹോളിവുഡ് ആനിമേഷന്‍ ചിത്രം മൊഅനയിലെ ടെഫിറ്റിയെ ഓര്‍മിപ്പിക്കുന്നു എന്നാണ് ചില ട്വീറ്റുകള്‍.

വി.എഫ്.എക്‌സ് കൂടുതല്‍ സീരിയല്‍ പോലെയാണ് കാണപ്പെടുന്നതെന്നും കണ്ടന്റ് തെലുങ്ക് സിനിമ പോലെ തോന്നുന്നെന്നും ചിലര്‍ കുറിച്ചു.

സിനിമയുടെ ട്രെയ്‌ലര്‍ ജൂണ്‍ 15ന് റിലീസ് ചെയ്യും. കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്, ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ്, പ്രൈം ഫോക്കസ്, സ്റ്റാര്‍ലൈറ്റ് പിക്‌ചേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 2022 സെപ്തംബര്‍ 9ന് ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യുന്നത്.

സിനിമയുടെ ദക്ഷിണേന്ത്യന്‍ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് സംവിധായകന്‍ എസ്.എസ്. രാജമൗലിയാണ്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ രാജമൗലി ഈ ചിത്രം തിയേറ്ററുകളിലെത്തിക്കും.

Content Highlight: Controversy has erupted on Twitter following the release of the brahmastra trailer

We use cookies to give you the best possible experience. Learn more