കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ന്നാ താന്‍ കേസ് കൊട് തിയേറ്ററില്‍ റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിന്റെ തിയേറ്റര്‍ ലിസ്റ്റ് പോസ്റ്ററില്‍ ഉപയോഗിച്ച കുഴിയെ കുറിച്ചുള്ള പരസ്യ വാചകം വിവാദത്തില്‍ ആയിരുന്നു.
പരസ്യവാചകം സര്‍ക്കാരിനെതിരെയുള്ളതായത് കൊണ്ട് ചിത്രം ബഹിഷ്‌കരിക്കണം എന്ന തരത്തിലുള്ള ആഹ്വാനമായിരുന്നു ഇടതുപക്ഷ പ്രൊഫൈലുകളില്‍ നിന്ന് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.
പക്ഷെ ഇത്തരത്തിലുള്ള വിവാദങ്ങള്‍ അനാവശ്യമാണെന്നാണ് സിനിമ കണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. റോഡിലെ കുഴി എന്നത് സിനിമയില്‍ പ്രധാന വിഷയമാണെന്നും ആ രീതിയിലാണ് പരസ്യ വാചകം അണിയറ പ്രവര്‍ത്തകര്‍ ഉപയോഗിച്ചതെന്നും സിനിമ കണ്ടവര്‍ പറയുന്നു.
സിനിമ കാണുന്നതിന് മുമ്പ് ഈ വാചകങ്ങളോട് അസഹിഷ്ണുത കാണിക്കുന്നവര്‍ക്ക് സിനിമ കണ്ട് കഴിഞ്ഞാല്‍ തങ്ങള്‍ക്ക് സംഭവിച്ച അമളി മനസിലാകുമെന്നും സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളില്‍ അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.
ഇത്തരത്തില്‍ ഒരു പരസ്യ വാചകം കണ്ട് വിവാദങ്ങള്‍ സൃഷ്ടിക്കുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.
‘വേലിയില്‍ കിടന്ന പാമ്പിനെയെടുത്ത് തോളത്ത് വെക്കുക’ എന്ന പഴഞ്ചൊല്ലിനെ ഓര്‍മിപ്പിക്കുന്നതാണ് ചിത്രത്തെ കുറിച്ചുള്ള വിവാദമെന്നും സിനിമ ആദ്യ ദിനം കണ്ടവര്‍ പറയുന്നു.
സിനിമയില്‍ രാഷ്ട്രീയം പറയാനും, വിമര്‍ശിക്കാനും, സമൂഹത്തിലെയും, ഭരിക്കുന്ന സര്‍ക്കാരിലെയും പ്രശ്‌നങ്ങള്‍ ചൂണ്ടി കാണിക്കാനുമൊക്കെയുള്ള അവകാശങ്ങള്‍ സിനിമയുടെ സംവിധായകന് ഉണ്ടെന്നാണ് ചിത്രം കണ്ട ശേഷം നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് നേരെ ബോയികോട്ട് ക്യാമ്പയിന്‍ നടത്തുന്നത് മോശം പ്രവണതയാണെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു.
ഇങ്ങനെ ഒരു സിനിമയെ അസഹിഷ്ണുത കാണിച്ച് തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് പുരോഗമന പ്രസ്ഥാനത്തിന് എന്തുകൊണ്ടും യോജിച്ചതല്ല എന്ന് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെടുന്നവരും ഏറെയാണ്.
സംഭവത്തിന്റെ പേരില്‍ എന്തായാലും വലിയ ചര്‍ച്ചകള്‍ നടക്കുന്നത് സിനിമ കൂടുതല്‍ പേരിലേക്ക് എത്താന്‍ സഹായിക്കുമെന്നാണ് മറ്റ് ചിലരുടെ കമന്റ്. മുമ്പും ഇത്തരത്തില്‍ വിവാദങ്ങളില്‍ പെട്ട ചിത്രങ്ങള്‍ കാണാന്‍ പ്രേക്ഷകര്‍ ഒന്നടങ്കം തിയേറ്ററില്‍ എത്തിയ ഉദാഹരണങ്ങളും ചിലര്‍ എടുത്ത് കാട്ടുന്നുണ്ട്.
ഗായത്രി ശങ്കറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ബേസില്‍ ജോസഫ്, ഉണ്ണിമായ എന്നിവരും ഒപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെതായി പുറത്തുവന്ന ഗാനങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.