കോഴിക്കോട്: കട്ടന്‍ചായയും പരിപ്പുവടയുമെന്ന പേരില്‍ സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്റെ ആത്മകഥ പ്രസിദ്ധീകരിക്കുമെന്ന് അവകാശപ്പെട്ട് ഡി.സി. ബുക്‌സ്. കഴിഞ്ഞ ദിവസമാണ് ഡി.സി.ബുക്‌സ് ഇക്കാര്യം പുറത്തുവിട്ടത്.
പിന്നാലെ പുസ്തകത്തിലെ ഉള്ളടക്കമെന്ന പേരില്‍ മാധ്യമങ്ങളില്‍ ചില കാര്യങ്ങള്‍ പുറത്തു വന്നപ്പോഴാണ് താന്‍ ഇക്കാര്യം അറിഞ്ഞതെന്നും പുസ്തകം പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇ.പി. ജയരാജന്‍ അറിയിച്ചു. പിന്നാലെ പുസ്തകത്തിന്റെ പ്രകാശനം മാറ്റിവെക്കുന്നതായി ഡി.സി. ബുക്‌സ് ഇന്ന് രാവിലെ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ഡി.സി. ബുക്‌സ് ഇ.പി ജയരാജന്റെ ആത്മകഥയെന്ന് അവകാശപ്പെട്ട് കൊണ്ട് പുസ്തകത്തിന്റെ കവര്‍ ഉള്‍പ്പടെ പുറത്തുവിട്ടത്. കട്ടന്‍ ചായയും പരിപ്പുവടയും എന്നാണ് പുസ്തകത്തിന്റെ പേര് എന്നാണ് ഡി.സി. അവകാശപ്പെട്ടത്. ഇ.എം.എസും ഇ.പി ജയരാജനും ഒരുമിച്ചിരിക്കുന്ന ചിത്രമായിരുന്നു പുസ്തകത്തിന്റെ കവര്‍. പിന്നാലെ പുസ്തകത്തിലെ ഉള്ളടക്കങ്ങള്‍ എന്ന പേരില്‍ 24 ന്യൂസ് ചില പേജുകള്‍ ഇന്ന് രാവിലെ പുറത്തുവിടുകയും ചെയ്തു.
പുസ്തകത്തിലുള്ളത് എന്ന് അവകാശപ്പെട്ട് കൊണ്ട് 24 ന്യൂസ് പുറത്തുവിട്ട വിവരങ്ങള്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ഇടതു സ്ഥാനാര്‍ത്ഥി പി.സരിനെ കുറിച്ചും ഇ.പിയും പ്രകാശ് ജാവദേകറുമായുള്ള കൂടിക്കാഴ്ചയെ കുറിച്ചുള്ളതുമായിരുന്നു. രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാറിനെതിരെയുള്ള വിമര്‍ശനങ്ങളും പുസ്തകത്തിലുള്ളതായി മാധ്യമങ്ങള്‍ അവകാശപ്പെട്ടിരുന്നു.
ഈ വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് ഇ.പി താന്‍ എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകത്തില്‍ ഈ കാര്യങ്ങളൊന്നുമില്ലെന്നും പുസ്തകം പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്നും വ്യക്തമാക്കി രംഗത്തെത്തിയത്. ഏതെങ്കിലും പ്രസാധകരുമായി താന്‍ കരാറിലെത്തിയിട്ടില്ലെന്നും മാതൃഭൂമിയും പുസ്തകത്തിന് വേണ്ടി തന്നെ സമീപിച്ചിട്ടുണ്ടെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.
മാത്രവുമല്ല പുസ്തകത്തിന് താന്‍ പേരിടുകയോ, പുസ്തകത്തിന്റെ എഴുത്ത് പൂര്‍ത്തിയാകുകയോ ചെയ്തിട്ടില്ലെന്നും ഇ.പി. ജയരാജന്‍ പറയുന്നു. താന്‍ ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുകയാണെന്നും താന്‍ അറിയാതെ എങ്ങിനെയാണ് പുസ്തകത്തിന്റെ പ്രകാശനം നടക്കുന്നത് എന്നും ഇ.പി. ചോദിക്കുന്നു. ഉപതെരഞ്ഞെടുപ്പ് ദിവസം തന്നെ പുസ്തകത്തിലെ ഉള്ളടക്കം എന്ന പേരില്‍ വാര്‍ത്തകള്‍ പുറത്തു വന്നതില്‍ ഗൂഢാലോചനയുണ്ടെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.
പുസ്തകം പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന ഇ.പി. ജയരാജന്റെ പ്രതികരണത്തിന് പിന്നാലെ പുസ്തകത്തിന്റെ പ്രകാശനം നീട്ടിവെക്കുന്നതായി ഡി.സി. ബുക്‌സ് അറിയിപ്പ് നല്‍കിയിട്ടുണ്ട്. നിര്‍മ്മിതിയിലുള്ള സാങ്കേതിക പ്രശ്‌നം കാരണം പ്രകാശനം കുറച്ചു ദിവസത്തേക്ക് നീട്ടി വെച്ചിരിക്കുന്നു എന്നാണ് ഡി.സി. ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങള്‍ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോള്‍ വ്യക്തമാകുന്നതാണെന്നും ഡി.സി. പറയുന്നു.
content highlights: Controversies related to EP Jayarajan’s autobiography