വിവാദങ്ങള്‍ മാധ്യമസൃഷ്ടി; മുഖ്യമന്ത്രിയെ കണ്ടതില്‍ പ്രത്യേകതയൊന്നുമില്ല: ഇ.പി. ജയരാജന്‍
Kerala News
വിവാദങ്ങള്‍ മാധ്യമസൃഷ്ടി; മുഖ്യമന്ത്രിയെ കണ്ടതില്‍ പ്രത്യേകതയൊന്നുമില്ല: ഇ.പി. ജയരാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th July 2023, 12:49 pm

കണ്ണൂര്‍: ഏക സിവില്‍ കോഡിനെതിരെ സി.പി.ഐ.എം നടത്തിയ സെമിനാറുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെല്ലാം മാധ്യമസൃഷ്ടിയാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. സെമിനാറിന്റെ എല്ലാ അജണ്ടകളും ആരൊക്കെ പങ്കെടുക്കണമെന്നും നേരത്തെ തന്നെ സ്വാഗത സംഘം വ്യക്തമാക്കിയതാണെന്ന് ഇ.പി. പറഞ്ഞു. അതില്‍ തന്റെ പേരുണ്ടായിരുന്നോയെന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു.

കഴിഞ്ഞ ദിവസം നടന്ന സെമിനാറില്‍ ഇ.പി. ജയരാജന്‍ പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചതിനെ കുറിച്ചും സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ തിരുവനന്തപുരത്ത് പോകുമ്പോഴെല്ലാം മുഖ്യമന്ത്രിയെ കാണാറുണ്ട്. മുഖ്യമന്ത്രിയെ മാത്രമല്ല, എല്ലാ പാര്‍ട്ടി നേതാക്കന്മാരെയും കാണാറുണ്ട്. അതിനൊരു പ്രത്യേകതയൊന്നുമില്ല.

സെമിനാറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മാധ്യമങ്ങള്‍ ഉണ്ടാക്കിയ പ്രശ്‌നമാണ്. സെമിനാറിന്റെ എല്ലാ അജണ്ടകളും നേരത്തെ തന്നെ സ്വാഗത സംഘം വ്യക്തമാക്കിയതാണ്. ആരൊക്കെ പങ്കെടുക്കുമെന്നും സംസാരിക്കുമെന്നും ഏതൊക്കെ നേതാക്കള്‍ വരുമെന്നെല്ലാം നേരത്തെ തീരുമാനിച്ചതാണ്. എന്റെ പേര് അവിടെ എവിടെയെങ്കിലും ഉണ്ടായിരുന്നോ.

ഞാന്‍ പോയില്ലെന്ന് നിങ്ങള്‍ (മാധ്യമങ്ങള്‍) എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത്. പാര്‍ട്ടി സെക്രട്ടറി അങ്ങനെ പറഞ്ഞിട്ടില്ല. ഇവിടെ ഒരു പ്രശ്‌നമേയുള്ളു. ഏക സിവില്‍ കോഡ് ആര്‍.എസ്.എസിന്റെ അജണ്ടയാണ്. അതിനെ എതിര്‍ക്കുന്നവരെയെല്ലാം ഈ പരിപാടിയുടെ ഭാഗമാക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതിന് തത്വാധിഷ്ഠിത നിലപാട് സ്വീകരിക്കുന്ന എല്ലാവരെയും ക്ഷണിച്ചിട്ടുണ്ട്. എന്റെ അഭാവം വാര്‍ത്തയാക്കേണ്ടതൊന്നുമില്ല,’ അദ്ദേഹം പറഞ്ഞു.

എല്‍.ഡി.എഫ് കണ്‍വീനര്‍ എന്ന നിലയില്‍ ആവശ്യമായ കാര്യങ്ങളെല്ലാം താന്‍ നോക്കുന്നുണ്ടെന്നും ജൂലൈ 22ന് യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

താന്‍ സജീവമല്ലെന്ന് അഭിപ്രായം മാധ്യമങ്ങള്‍ക്ക് മാത്രമേയുള്ളൂവെന്നും ഇ.പി. ജയരാജന്‍  കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ സജീവമല്ല എന്ന അഭിപ്രായം ആര്‍ക്കും ഇല്ല. ആ അഭിപ്രായം മാധ്യമങ്ങള്‍ക്കാണുള്ളത്. കുലംകുത്തികളായി ചിലര്‍ക്ക് തോന്നുന്ന കാര്യങ്ങളാണ് അതൊക്കെ, അതിന് മറുപടിയില്ല. ഞാനെപ്പോഴാണ് സജീവമല്ലാത്തത്. ആരോഗ്യപരമായ ചികിത്സകള്‍ നടന്ന് കൊണ്ടിരിക്കുന്നുണ്ട്. അതിന്റെ ഇടയില്‍ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്.

വിമര്‍ശിക്കുന്നവര്‍ക്ക് വിമര്‍ശിക്കാം. എനിക്ക് വിമര്‍ശിക്കുന്നവരോട് ഒരു വിരോധവുമില്ല. അവരോടെല്ലാം സ്‌നേഹവും ബഹുമാനവുമാണ്. പറയാനുള്ളതെല്ലാം എല്ലാ ഘട്ടങ്ങളിലും ഞാന്‍ നിങ്ങളോട് പറയാറുണ്ട്. പറയാനുള്ളത് ഞാന്‍ മറച്ച് വെക്കാറില്ല,’ ഇ.പി. ജയരാജന്‍ പറഞ്ഞു.

ഡി.വൈ.എഫ്.ഐയുടെ പരിപാടി നേരത്തെ പറഞ്ഞതാണെന്നും കോഴിക്കോട് പരിപാടി എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന പരിപാടിയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസം തിരുവനന്തപുരം മംഗലപുരത്ത് ഡി.വൈ.എഫ്.ഐ നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാന പരിപാടിയില്‍ ഇ.പി. പങ്കെടുത്തിരുന്നു.

content highlights: Controversies media creation; Nothing special about seeing CM: E.P. Jayarajan