| Wednesday, 3rd March 2021, 9:32 am

കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കൊപ്പം ഭരണം സുരക്ഷിതമല്ലെന്ന് ഡി.എം.കെ; കൂടുതല്‍ സീറ്റില്ലെന്ന് കടുപ്പിച്ച് സ്റ്റാലിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചിട്ടും തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസും ഡി.എം.കെയും തമ്മില്‍ സീറ്റ് വിഭജനത്തിലെ ഭിന്നതകള്‍ രൂക്ഷമാകുന്നു. ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ കൂടുതല്‍ സീറ്റുകള്‍ നല്‍കാനാകില്ലെന്ന് ഉറപ്പിച്ച് ഡി.എം.കെ വീണ്ടും മുന്നോട്ട് വന്നിരിക്കുകയാണ്.

ഇരു വിഭാഗത്തിന്റെയും നേതൃത്വങ്ങള്‍ തമ്മില്‍ രണ്ട് തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും അന്തിമ ധാരണയിലെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇതിനിടെയിലാണ് ഡി.എം.കെ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ അനുവദിക്കാനാകില്ലെന്നാണ് വീണ്ടും വ്യക്തമാക്കിയത്. ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ഉറപ്പുവരുത്തുമെന്നാണ് ഡി.എം.കെ അറിയിച്ചത്.

കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കൊപ്പമുള്ള ഭരണം സുരക്ഷിതമല്ലെന്നും അതുകൊണ്ട് തന്നെ കൂടുതല്‍ സീറ്റുകള്‍ നല്‍കാനാകില്ലെന്നുമാണ് ഡി.എം.കെ പറഞ്ഞത്. മറ്റ് സംസ്ഥാനങ്ങളിലെ അനുഭവം പാഠമാണെന്ന് പറഞ്ഞ ഡി.എം.കെ 178 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കാന്‍ ആരംഭിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 39 സീറ്റില്‍ 38ലും വിജയിക്കാനായി എന്ന ആത്മവിശ്വാസം ഡി.എം.കെയ്ക്കുണ്ട്. അതിനിടെ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കി ധാരണയിലെത്താനുള്ള ശ്രമവും ഡി.എം.കെ നടത്തിയേക്കുമെന്ന സൂചനയുണ്ട്. തമിഴ്‌നാട്ടിലെ നിലവിലെ രാഷ്ട്രീയ പരിതസ്ഥിതിയില്‍ കോണ്‍ഗ്രസിന് ആവശ്യപ്പെടുന്ന സീറ്റുകളുടെ എണ്ണത്തില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്ന് തന്നെയാണ് നിരീക്ഷണങ്ങള്‍ ഉയരുന്നത്.

കോണ്‍ഗ്രസിന് 21 സീറ്റില്‍ കൂടുതല്‍ നല്‍കാനാകില്ലെന്ന് ഡി.എം.കെ. സീറ്റ് നിര്‍ണയ ചര്‍ച്ചയ്ക്കായി തമിഴ്നാട്ടിലെത്തിയ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തക സമിതിയോട് പാര്‍ട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ തവണ മത്സരിച്ച 41 സീറ്റുകളേക്കാള്‍ കൂടുതല്‍ വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. എന്നാല്‍ ഇത് അനുവദിക്കാനാകില്ലെന്നാണ് ഡി.എം.കെ വ്യക്തമാക്കിയത്.

പുതുച്ചേരിയില്‍ ഭരണം നഷ്ടമായതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായിരുന്നു. ബീഹാറിലെ കോണ്‍ഗ്രസിന്റെ മോശം പ്രകടനവും ഇതുവഴി ആര്‍.ജെ.ഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിനേറ്റ പരാജയവും ഡി.എം.കെ നേതാക്കള്‍ ചര്‍ച്ചയില്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 41 സീറ്റുകള്‍ ലഭിച്ചെങ്കിലും എട്ടു സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്. ഈ സാഹചര്യം പരിഗണിച്ച് അധിക സീറ്റുകള്‍ അനുവദിക്കുന്നത് മുന്നണിക്ക് തിരിച്ചടിയാകുമെന്നാണ് ഡി.എം.കെ വിലയിരുത്തുന്നത്.

കോണ്‍ഗ്രസിന് അധിക സീറ്റുകള്‍ നല്‍കിയാല്‍ അധികാരം നഷ്ടമാകുമെന്ന വിമര്‍ശനം ഡി.എം.കെ നേതൃത്വത്തിനുള്ളില്‍ നിന്നും ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഉമ്മന്‍ ചാണ്ടിയുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ ഡി.എം.കെയുമായി ചര്‍ച്ച നടത്തിയത്.

എന്നാല്‍ ചര്‍ച്ചയില്‍ സമവായത്തിലെത്താന്‍ സാധിക്കാത്തതിനാല്‍ ഇനിയും യോഗം ചേരേണ്ടിവരുമെന്ന് തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.എസ്. അഴഗിരി പറഞ്ഞു. ഹൈക്കമാന്റിന്റെ ഇടപെടല്‍ കാര്യക്ഷമമല്ലെന്ന വിമര്‍ശനവും ഡി.എം.കെയ്ക്കുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:  Controversies In DMK-Congress Seat-Sharing Ahead Of Tamil Nadu Election

Latest Stories

We use cookies to give you the best possible experience. Learn more