വിവാദങ്ങള്‍ ഐ.പി.എല്ലിനെ തകര്‍ക്കും: ക്ലാര്‍ക്ക്
DSport
വിവാദങ്ങള്‍ ഐ.പി.എല്ലിനെ തകര്‍ക്കും: ക്ലാര്‍ക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st May 2012, 10:25 am

ന്യൂദല്‍ഹി: ഒന്നിനു പിറകേ ഒന്നായി വരുന്ന വിവാദങ്ങള്‍ ഐ.പി.എല്ലിന്റെ ജനപ്രീതി കുറയ്ക്കുമെന്ന് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും പൂനെ വാരിയേഴ്‌സ് അംഗവുമായ മൈക്കല്‍ ക്ലാര്‍ക്ക്.

പണക്കൊഴുപ്പില്‍ കളിക്കുന്ന കളിയാണ് ഐ.പി.എല്‍. എന്നാല്‍ ഈയടുത്തകാലത്തായി കളിക്കാര്‍ പലതരം തരം വിവാദങ്ങളില്‍ ഉള്‍പ്പെടുകയാണ്. അത് അത്രനല്ല പ്രവണതയായി തോന്നുന്നില്ല. ആദ്യ പുറത്തുവന്ന കോഴ വിവാദം തന്നെ ഐ.പി.എല്ലിന്റെ ജനപ്രീതി കുറച്ചിട്ടുണ്ട്.

സത്യസന്ധമായി കളിക്കേണ്ട കളിയാണ് ക്രിക്കറ്റ്. അത് വാതുവെച്ച് കളിക്കുന്നെന്ന് അറിയുമ്പോള്‍ ആളുകള്‍ക്ക് ക്രിക്കറ്റിനോടുള്ള ആരാധന നഷ്ടമാകാന്‍ ഇടവരും. കോഴ വിവാദത്തിന് പിറകേ തന്നെ ബോളിവുഡ് താരം ഷാരൂഖ് ഖാന് വാങ്കഡെ സ്‌റ്റേഡിയത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയ വിവാദവും പുറത്തുവന്നു. ഇതെല്ലാം ജനങ്ങളെ ക്രിക്കറ്റില്‍ നിന്നും അകറ്റാന്‍ കാരണമാകും.

ഇതിന് തൊട്ടുപിറകേയാണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് താരം ല്യൂക്കിനെ സ്ത്രീ പീഡനത്തിന് പോലീസ് അറസ്റ്റ് ചെയ്യുന്നത്. ക്രിക്കറ്റ് താരങ്ങളെല്ലാം ഇത്തരത്തില്‍ വിവാദങ്ങളില്‍ പെടുമ്പോള്‍ അത് ബാധിക്കുന്നത് എല്ലാ കളിക്കാരേയുമാണ്. മാന്യന്‍മാരുടെ കളിയായാണ് ക്രിക്കറ്റിനെ എല്ലാവരും കണ്ടിരുന്നത്. എന്നാല്‍ ഇന്ന് ആ വിശ്വാസത്തിന് കോട്ടം തട്ടിയതായി തോന്നിയിട്ടുണ്ട്.

ഐ.പി.എല്‍ മത്സരങ്ങളുടെ ഒരു ഗുണം എന്നു പറയുന്നത് വ്യത്യസ്ത ടീമിലെ താരങ്ങള്‍ക്ക് പരസ്പരം പരിചയപ്പെടാനും നമ്മള്‍ക്കില്ലാത്ത ഗുണങ്ങള്‍ പലതും മറ്റുതാരങ്ങളില്‍ നിന്നും മനസ്സിലാക്കാനും അവരുടെ ക്രിക്കറ്റ് തന്ത്രങ്ങള്‍ നമുക്ക് മനസ്സിലാക്കി എടുക്കാന്‍ കഴിയുമെന്നതുമാണ്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ താരങ്ങളും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ താരങ്ങളും ഒരുമിച്ച് ഒരു ടീമില്‍ കളിക്കുന്നത് വളരെ ഗുണകരമാണ്. ടെസ്റ്റ് മാച്ചുകളില്‍ നിന്നും ഏകദിന മാച്ചുകളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ഐ.പി.എല്ലില്‍ കളിക്കുന്നത്- ക്ലാര്‍ക്ക് വ്യക്തമാക്കി.