‘പൊലീസിനെ ഈ രീതിയില്‍ കയറൂരി വിടാനാണോ ഭാവം?, ഇനിയും അത് ആവര്‍ത്തിക്കാനാണോ നിങ്ങളുടെ ശ്രമം?’ ഇന്ത്യയില്‍ അടിയന്തിരാവസ്ഥ പിന്‍വലിക്കപ്പെട്ടതിന്റെ ഒമ്പതാമത്തെ ദിവസം 1977 മാര്‍ച്ച് 30ന്, കേരള നിയമസഭയില്‍ അന്നത്തെ കൂത്തുപറമ്പ് എം.എല്‍.എയായിരുന്ന പിണറായി വിജയന്‍ നടത്തിയ പ്രസംഗമാണിത്. രക്തം പുരണ്ട തന്റെ ഷര്‍ട്ടുമായി അടിയന്തരാവസ്ഥാ സമയത്ത് ലോക്കപ്പില്‍ വെച്ച് തനിക്കേറ്റ പൊലീസ് മര്‍ദനത്തെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
1977ലെ അന്നത്തെ കൂത്തുപറമ്പ് എം.എല്‍.എ ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. 2016 ല്‍ അധികാരത്തിലെത്തിയ, ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന് തന്റെ ഭരണകാലമായ നാലര വര്‍ഷത്തിനുള്ളില്‍ ഏറ്റവും രൂക്ഷമായ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നിട്ടുള്ളത് മുന്‍പ് അദ്ദേഹം ശക്തമായി വിമര്‍ശിച്ച പൊലീസ് വകുപ്പുമായി ബന്ധപ്പെട്ട് തന്നെയാണ്.
2016ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ ആഭ്യന്തര വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ള വിമര്‍ശനങ്ങള്‍ ഇപ്രകാരം നീളുന്നു; മാവോയിസ്റ്റ് വേട്ട, പൊലീസിന് മജിസ്റ്റീരിയല്‍ പദവി നല്‍കാനുള്ള ആലോചന, തുടര്‍ച്ചയായ കസ്റ്റഡി മരണങ്ങള്‍, അന്യായമായ യു.എ.പി.എ കേസ്സുകള്‍, ഏറ്റവുമൊടുവില്‍ വിവാദങ്ങളെത്തുടര്‍ന്ന് പിന്‍വലിക്കപ്പെട്ട കേരള പൊലീസ് നിയമ ഭേദഗതി 118 എ.
ശക്തമായ പ്രതിഷേധത്തിന്റെയും സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന്റെയും ഫലമായാണ് കേരള പൊലീസ് നിയമ ഭേദഗതി സര്‍ക്കാര്‍ പിന്‍വലിക്കാന്‍ തയ്യാറായത്. എന്നിരുന്നാലും വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം നിയമ ഭേദഗതി മാറ്റങ്ങളോടെ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.
ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ആഭ്യന്തര വകുപ്പിന് നേരെ വിമര്‍ശനങ്ങളുയര്‍ന്ന സംഭവങ്ങള്‍ ഒന്നൊന്നായി പരിശോധിക്കാവുന്നതാണ്. അതിലേറ്റവും പ്രധാനം മാവോയിസ്റ്റ് വേട്ടയാണ്.
ഏറ്റുമുട്ടലിലൂടെ മാവോയിസ്റ്റുകള്‍ നിരന്തരം കൊല്ലപ്പടുമ്പോള്‍
പ്രമാദമായ ഇസ്രത്ത് ജഹാന്‍ കേസ് അടക്കം ഇന്ത്യയില്‍ നടന്ന നിരവധി വ്യാജ ഏറ്റുമുട്ടല്‍ സംഭവങ്ങളില്‍ അതി ശക്തമായി പ്രതിഷേധിച്ച രാഷ്ട്രീയ കക്ഷിയാണ് സി.പി.ഐ.എം. അതേ സി.പി.ഐ.എം ന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ 2016ല്‍ അധികാരത്തിലേറിയത് മുതല്‍ 2020 നവംബര്‍ വരെ കേരളത്തില്‍ വ്യാജ ഏറ്റുമുട്ടലിലൂടെ കൊല്ലപ്പെട്ടത് എട്ട് മാവോയിസ്റ്റുകളാണ്. 2016 നവംബര്‍ 24ന് നിലമ്പൂരിലെ കരുളായി വനത്തില്‍ വെച്ച് നടന്ന ഏറ്റുമുട്ടല്‍ കൊലപാതകമായിരുന്നു ഈ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യ സംഭവം.
കരുളായി വനത്തിലെ മാവോയിസ്റ്റ് വേട്ട
നിലമ്പൂരിലെ കരുളായി വനത്തില്‍ വെച്ച് തണ്ടര്‍ ബോള്‍ട്ട് വെടിപ്പില്‍ രണ്ട് മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. സി.പി.ഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയംഗം കുപ്പു ദേവരാജ്, അജിത എന്നിവരാണ് കൊല്ലപ്പെട്ടത്. കുപ്പു ദേവരാജിന്റെ ശരീരത്തില്‍ നിന്ന് ഏഴും അജിതയുടെ ശരീരത്തില്‍ നിന്ന് 19 ഉം വെടിയുണ്ടകളാണ് കണ്ടെടുത്തത്.
20-60 മീറ്റര്‍ അകലെ നിന്നാണ് ഇരുവര്‍ക്കും വെടിയേറ്റത്. ഇരുവരുടെയും ആന്തരികാവയവങ്ങള്‍ തകര്‍ന്നതാണ് മരണത്തിന് കാരണ
മായതെന്നാണ് ഫോറന്‍സിക് ഫലം വ്യക്തമാക്കിയത്. കുപ്പു ദേവരാജിന് പിന്നില്‍ നിന്നാണ് വെടിയേറ്റത്. ഇരുവരും കടുത്ത ശാരീരിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നതിനാല്‍ വിശ്രമിക്കുകയായിരുന്നുവെന്നും പൊലീസിന് നേരെ വെടിയുതിര്‍ത്തിട്ടില്ലെന്നുമാണ് അന്ന് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.
വൈത്തിരിയിലെ വെടിവെപ്പ്
2019 മാര്‍ച്ച് ആറിന് വയനാട് വൈത്തിരിയിലെ ഉപവന്‍ റിസോര്‍ട്ടില്‍ വെച്ചാണ് മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ സി. പി ജലീല്‍ കൊല്ലപ്പെടുന്നത്. തണ്ടര്‍ബോള്‍ട്ടിനെ കണ്ടപ്പോള്‍ മാവോവാദികള്‍ വെടിയുതിര്‍ത്തുവെന്നും തിരിച്ചടിയിലാണ് ജലീല്‍ കൊല്ലപ്പെട്ടതെന്നുമായിരുന്നു പൊലീസുകാര്‍ ആരോപിച്ചിരുന്നത്. എന്നാല്‍ ജലീല്‍ കൊല്ലപ്പെട്ടതിന്റെ സമീപത്തുനിന്നും കണ്ടെടുത്ത തോക്കില്‍ നിന്നും വെടിയുതിര്‍ത്തിട്ടില്ല എന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്.
റിസോര്‍ട്ടിന് സമീപത്ത് കമിഴ്ന്നുകിടക്കുന്ന നിലയില്‍ കണ്ടെത്തിയ ജലീലിന്റെ തലയ്ക്ക് പിന്നിലുള്‍പ്പെടെ നിരവധി വെടിയേറ്റിരുന്നു. പൊലീസ് ഹോട്ടലിലേക്ക് എത്തുമ്പോള്‍ ജലീല്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും അന്ന് പുറത്ത് വന്നിരുന്നു.
2019 ഒക്ടോബര്‍ 28നാണ് പാലക്കാട് അട്ടപ്പാടി മഞ്ചക്കണ്ടിയില്‍ നാല് മാവോയിസ്റ്റുകളെ വെടിവെച്ചു കൊല്ലുന്നത്. സുരേഷ്, ശ്രീമതി, കാര്‍ത്തി, മണിവാസകം എന്നിവരാണ് കൊല്ലപ്പെട്ടവര്‍. ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന പരസ്യ പ്രതികരണവുമായി ഇടതുസര്‍ക്കാരിലെ ഘടക കക്ഷിയായ സി.പി.ഐ തന്നെ രംഗത്തെത്തിയിരുന്നു.
പടിഞ്ഞാറത്തറയില്‍ നടന്ന ഏറ്റുമുട്ടല്‍
ഏറ്റവുമൊടുവില്‍ റിപ്പോര്‍ട്ട് ചെയ്തത് 2020 നവംബര്‍ 3ന് പടിഞ്ഞാറത്തറയില്‍ നടന്ന ഏറ്റുമുട്ടലാണ്. തമിഴ്‌നാട് സ്വദേശി വേല്‍മുരുകനാണ് അന്നത്തെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. തുടര്‍ച്ചയായി വെടിയൊച്ച കേട്ടിരുന്നതായാണ് പ്രദേശ വാസികളായ അംബേദ്കര്‍ കോളനിയിലെ ആദിവാസികള്‍ സംഭവത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞത്.
കേരളത്തില്‍ നടന്ന ഈ തുടര്‍ ഏറ്റുമുട്ടലുകളിലെയെല്ലാം പൊലീസ് ഭാഷ്യങ്ങളെ ചോദ്യം ചെയ്തുകൊണ്ട് നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. നിലമ്പൂരിലേതടക്കം നാല് സംഭവങ്ങളിലും മാവോയിസ്റ്റുകള്‍ അങ്ങോട്ട് ആക്രമിച്ചതാണെന്ന വാദം തെറ്റാണെന്നാണ് ഇവരെല്ലാം ആവര്‍ത്തിച്ചത്. ജലീലിന്റെതടക്കമുള്ള കേസുകളില്‍ വ്യാജ ഏറ്റുമുട്ടലാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. സി. പി ജലീലിനും പടിഞ്ഞാറത്തറയില്‍ കൊല്ലപ്പെട്ട വേല്‍മുരുകനും പിന്നിലാണ് വെടിയേറ്റത്. സി. പി ജലീലിന്റേതടക്കമുള്ള വിഷയങ്ങളില്‍ പൊലീസിനെതിരായി ഒരു അന്വേഷണവും ഇതുവരെ നടന്നിട്ടില്ല. എന്നാല്‍ നിലമ്പൂര്‍ മുതല്‍ പടിഞ്ഞാറത്തറ വരെയുള്ള നാല് ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലും മാവോയിസ്റ്റുകളാണ് ആദ്യം വെടിവെച്ചതെന്നും അത് പ്രതിരോധിക്കാന്‍ പൊലീസ് തിരിച്ചു വെടിവെച്ചുവെന്നുമാണ് പൊലീസും സര്‍ക്കാരും ഒരു പോലെ വിശദീകരണം നല്‍കിയത്.
‘ഉത്തരേന്ത്യയില്‍ നിരന്തരം വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഉണ്ടാകുന്നുമുണ്ട്. പക്ഷെ കേരളത്തില്‍ അവ കുറവായിരുന്നു. മാവോയിസ്റ്റ് സാന്നിധ്യവും കുറവാണ്. തെക്കേ ഇന്ത്യയില്‍ ഉത്തരേന്ത്യയിലേതിന് സമാനമായി മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്ന് വരുത്തിതീര്‍ക്കുന്നതിന്റെ ഭാഗമായാണ് ഇവിടെ തണ്ടര്‍ബോള്‍ട്ടുണ്ടാവുന്നതും ഏറ്റുമുട്ടലുകളിലൂടെ കൊലപ്പെടുത്തുന്നതും.
ഇത്തരം ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ ഏറ്റവും കൂടുതല്‍ എതിര്‍ത്ത പ്രസ്ഥാനം ഇടതുപക്ഷം തന്നെയാണ്. മഞ്ചക്കണ്ടിയിലെയും മറ്റും ഏറ്റുമുട്ടലുകള്‍ വ്യാജമാണെന്ന് കേരളത്തിലെ ഭരണകക്ഷിയായ സി.പി.ഐ തന്നെ പറയുന്ന സ്ഥിതിയുണ്ടായി. അവര്‍ക്ക് പോലും ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായമാണുള്ളത്,’ ആസാദ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
യു.എ.പി.എ കേരളത്തില്‍ നടപ്പാക്കുമ്പോള്‍
അഖിലേന്ത്യാ തലത്തില്‍ സി.പി.ഐ.എം ശക്തമായി പ്രതിരോധിക്കുന്ന നിയമമാണ് യു.എ.പി.എ. എന്നാല്‍ വിദ്യാര്‍ത്ഥികളായ അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരാണ്.
2014 മുതല്‍ 2019 വരെയുള്ള കാലയളവില്‍ 150 ലേറെ യു.എ.പി.എ കേസുകളാണ് കേരളത്തില്‍ ചുമത്തപ്പെട്ടിട്ടുള്ളതെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ 2019 നവംബര്‍ ആറിന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതില്‍ മിക്ക കേസ്സുകളും രജിസ്റ്റര്‍ ചെയ്തത് ഇടത് സര്‍ക്കാറിന്റെ കാലത്താണ്.
വൈത്തിരിയില്‍ തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി. പി ജലീലിന്റെ സഹോദരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സി.പി റഷീദ്, സഹോദരന്‍ സി.പി നഹാസ്, ശ്രീകാന്ത്, അരുവിക്കല്‍ കൃഷ്ണന്‍, ലുക്ക്മാന്‍ പള്ളിക്കണ്ടി തുടങ്ങിയവര്‍ക്കെതിരെ കോഴിക്കോട് നഗരത്തില്‍, ജലീലിന്റെ മരണവുമായി ബന്ധപ്പെട്ട് പോസ്റ്റര്‍ ഒട്ടിച്ചതിന്റെ പേരിലാണ് യു.എ.പി.എ ചുമത്തിയത്.
2019 നവംബര്‍ ഒന്നിനാണ് വിദ്യാര്‍ത്ഥികളായ അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്. കേരള സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നതും ഇതേ അറസ്റ്റിലാണ്. സാമൂഹ്യ പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ശക്തമായ ഭാഷയിലാണ് ഇവരുടെ അറസ്റ്റില്‍ പ്രതികരിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത് അവരുടെ ഭാവിയെ തന്നെ അവതാളത്തിലാക്കാനാണ് ഉപകരിക്കുകയെന്നും വിമര്‍ശനങ്ങളുണ്ടായി.
അലനെയും താഹയെയും അറസ്റ്റ് ചെയ്തതിനെതിരെ സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ സര്‍ക്കാര്‍ തെറ്റ് തിരുത്തണമെന്നും പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥികളെ യു.എ.പിഎ ചുമത്തി അറസ്റ്റ് ചെയ്ത നീക്കത്തിനെതിരാണ് സി.പി.ഐ.എം എന്നും അന്ന് പ്രകാശ് കാരാട്ട് മാധ്യമങ്ങളെ കണ്ട് സംസാരിക്കവെ പറഞ്ഞിരുന്നു.
‘ഞങ്ങള്‍ എപ്പോഴും എതിര്‍ക്കുന്ന ഒരു ക്രൂരനിയമമാണ് യു.എ.പി.എ. ഈ രണ്ട് കുട്ടികളുടെ കാര്യത്തില്‍ പൊലീസ് തെറ്റായാണ് യു.എ.പി.എ ഉപയോഗിച്ചിരിക്കുന്നത്,’ കാരാട്ട് പറഞ്ഞു. പ്രകാശ് കാരാട്ടിനെ കൂടാതെ പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി, എം.എല്‍.എ എം സ്വരാജ് എന്നിവരടക്കമുള്ള കേരളത്തിലെ ചില നേതാക്കളും അലനും താഹയ്ക്കും നേരെ യു.എ.പി.എ ചുമത്തിയതിനെതിരെ രംഗത്തെത്തുകയുണ്ടായി. ഇരുവരും സി.പി.ഐ.എം പ്രവര്‍ത്തകര്‍ കൂടിയായിരുന്നു എന്നതും ശ്രദ്ധേയമായ കാര്യമായിരുന്നു. അലന്റെയും താഹയുടെയും അറസ്റ്റിനെ സംബന്ധിച്ച് ചോദ്യങ്ങളുയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി പ്രതികരിച്ചത് ‘അവര്‍ വെറും ചായ കുടിക്കാന്‍ പോയവരായിരുന്നില്ല’ എന്നായിരുന്നു.
യു.എ.പി.എ ബില്‍ എക്കാലത്തെയും അപകടകരമായ ബില്ലാണെന്നും ബി.ജെ.പിക്കെതിരെ നില്‍ക്കുന്നവര്‍ക്കെതിരെ പ്രയോഗിക്കുന്ന പ്രവണതയാണ് കേന്ദ്ര സര്‍ക്കാര്‍ യു.എ.പി.എ ചുമത്തുന്നതിലൂടെ നടപ്പാക്കുന്നതെന്നുമാണ് ദേശീയ തലത്തില്‍ സി.പി.ഐ.എം ന്റെ ഔദ്യോഗിക ജേണലായ പീപ്പിള്‍സ് ഡെമോക്രസിയുടെ എഡിറ്റോറിയലില്‍ പാര്‍ട്ടി വിശദീകരിച്ചത്.
ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഉമര്‍ ഖാലിദടക്കമുള്ളരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത ഘട്ടത്തിലും സി.പി.ഐ.എം കേന്ദ്ര നേതൃത്വം ശക്തമായി തന്നെ യു.എ.പി.എയ്ക്കെതിരെ രംഗത്തെത്തി. യു.എ.പി.എ ഒരു ക്രൂര നിയമമാണെന്ന് പലതവണയായി സി.പി.ഐ.എമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്.
യു.എ.പി.എ നിയമം കര്‍ക്കശമാക്കാനുള്ള ഭേദഗതികള്‍ 2008ല്‍ കേന്ദ്രമന്ത്രിയായിരിക്കെ പി. ചിദംബരം സഭയിലവതരിപ്പിച്ചപ്പോള്‍ എല്‍.ഡി.എഫിന്റെ നാല് പ്രതിനിധികള്‍ ഭേദഗതിയെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തതിന്റെ പേരില്‍ ഒരു ആദിവാസി സ്ത്രീക്കെതിരെ പോലും യു.എ.പി.എ പ്രകാരം കേസെടുത്ത് ജയിലലിടച്ചത് സി.പി.ഐ.എം നേതൃത്വം കൊടുക്കുന്ന മന്ത്രിസഭ ഭരിക്കുമ്പോഴാണ് എന്നത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്ന സംഭവമായിരുന്നു.
2016ല്‍ എഴുത്തുകാരനായ കമല്‍ സി ചവറ, സാമൂഹ്യ പ്രവര്‍ത്തകനായിരുന്ന നദീര്‍ എന്നിവര്‍ക്കെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തത് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടനെയായിരുന്നു. അന്ന് പൊലീസിന്റെ നടപടിയെ വിമര്‍ശിച്ച് സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത് വന്നിരുന്നു. സര്‍ക്കാര്‍ നയം വിട്ട് പ്രവര്‍ത്തിക്കുന്ന ചില പൊലീസ് ഓഫീസര്‍മാര്‍ സംസ്ഥാനത്ത് ഉണ്ട് എന്നാണ് സമീപകാലത്തെ ചില സംഭവങ്ങള്‍ വ്യക്തമാക്കുന്നതെന്നാണ് കോടിയേരി അന്ന് പറഞ്ഞത്. എല്ലാ കേസിലും യു.എ.പി.എ ചുമത്തേണ്ട കാര്യമില്ലെന്നും അന്ന് അദ്ദേഹം പറഞ്ഞു.
യു.എ.പി.എ ചുമത്തുന്നതിനെ പാര്‍ട്ടി എല്ലാകാലത്തും എതിര്‍ത്തിട്ടുണ്ടെന്നാണ് പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള ഈ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് സംസാരിച്ചത്. തീവ്രവാദക്കേസുകളില്‍ പ്രയോഗിച്ചിരുന്ന നിയമമായ യു.എ.പി.എ സംസ്ഥാനത്ത് ഉപയോഗിക്കുന്നത് ന്യായീകരിക്കാനാകില്ലെന്ന് 2017 ജനുവരി ഏഴിന് മുഖ്യമന്ത്രി ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ യു.എ.പി.എ വലിയതോതില്‍ ദുരുപയോഗിക്കപ്പെട്ട നിയമമാണ്, ചില കേസുകളില്‍ ഇത് വേണ്ടി വന്നേക്കാം എന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത്.
എല്ലാവര്‍ക്കുമെതിരെ ചുമത്താവുന്നതല്ല യു.എ.പി.എ എന്നാണ് സി.പി.ഐ.എം നേതാവ് പി. ജയരാജന്‍ പ്രതികരിച്ചത്. യു.എ.പി.എ ‘കരിനിയമം’ തന്നെയാണെന്നും അദ്ദേഹം പറഞ്ഞ് വെക്കുന്നു. പൊലീസ് നടപടി തന്നിഷ്ടപ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു.
കതിരൂര്‍ മനോജ് വധകേസില്‍ പി. ജയരാജനെതിരെ യു.എ.പി.എ ചുമത്തിയപ്പോള്‍ ശക്തമായി പ്രതിഷേധിച്ച പാര്‍ട്ടിയാണ് സി.പി.ഐ.എം. ഇപ്പോള്‍ മാവോയിസ്റ്റ് പ്രവര്‍ത്തകനായ രൂപേഷിനെതിരെയുള്ള യു.എ.പി.എ റദ്ദ് ചെയ്ത കേരള ഹൈക്കോടതിയുടെ നടപടിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ പോയ പാര്‍ട്ടിയും സി.പി.ഐ.എം തന്നെയാണ്.
അലനും താഹയുമാണ് ഭേദഗതിയ്ക്ക് ശേഷം ആദ്യം അറസ്റ്റിലാവുന്നത്. അര്‍ബന്‍ നക്സലിസം ഉണ്ടെന്നും, വിദ്യാര്‍ത്ഥികളും കുട്ടികളും അതിന്റെ വലിയൊരു ഭാഗമാണ് എന്നൊരു പ്രതീതിയുണ്ടാക്കാനും സംഘപരിവാര്‍ നിരന്തരം ശ്രമിക്കുന്നുണ്ട്. യു.എ.പി.എ ചുമത്തി അലനെയും താഹയെയും അറസ്റ്റ് ചെയ്യുമ്പോള്‍ ഈ ആരോപണങ്ങള്‍ ശരിവെക്കുന്നുവെന്ന രീതിയിലേക്ക് കാര്യങ്ങള്‍ കടക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹാത്രാസില്‍ ക്രൂരബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകുന്നതിന്റെ ഭാഗമായാണ് കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്യുന്നതും അദ്ദേഹത്തിനെതിരെ യു.എ.പി.എ ചുമത്തുന്നതും. സിദ്ദീഖ് കാപ്പന്റെ വിഷയത്തില്‍ സി.പി.ഐ.എം കേന്ദ്ര നേതൃത്വം അഭിപ്രായം പറയുന്നുണ്ട്. എന്നാല്‍ അങ്ങനെ അഭിപ്രായം പറയാന്‍ എന്തവകാശമാണ് ഈ പാര്‍ട്ടിക്ക് ഉള്ളതെന്നാണ് ഇടതുപക്ഷ രാഷ്ട്രീയ നിരീക്ഷകനായ ജോസഫ്.സി മാത്യു ചോദിക്കുന്നത്.
‘സിദ്ദീഖ് കാപ്പന്റെ വിഷയത്തില്‍ പാര്‍ട്ടി ദേശീയ തലത്തില്‍ അഭിപ്രായം പറയുകയാണ്. പക്ഷെ സി.പി.ഐ.എമ്മിന് ഇക്കാര്യത്തില്‍ വാപൊളിക്കാനുള്ള അവകാശമുണ്ടോ? അലനും താഹക്കുമെതിരെ എന്താണ് ചെയ്തത്? യു.എ.പി.എ ചുമത്തി എന്നത് മാത്രമല്ല, എന്‍.ഐ.എ കേസ് ഏറ്റെടുക്കാതെ വന്നപ്പോള്‍ ഇസ്‌ലാമിക തീവ്രവാദി ബന്ധമാരോപിച്ച് ജില്ലാ സെക്രട്ടറി ഇന്‍വിറ്റേഷന്‍ അയക്കുകയാണ് ചെയ്തത്,’ ജോസഫ് സി മാത്യു ഡൂള്‍ന്യൂസിനോട് പറഞ്ഞു.
2020 നവംബര്‍ 21നാണ് കേരള പൊലീസ് നിയമഭേദഗതിയ്ക്ക് ഗവര്‍ണറുടെ അനുമതി ലഭിച്ചത്. ഇതിന് പിന്നാലെ ഭേദഗതിയ്‌ക്കെതിരെ നിരവധി പേര്‍ വിമര്‍ശനങ്ങളുമായി രംഗത്തെത്തുകയും തുടര്‍ന്ന് സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍ കൂടി ശക്തമായതോടെ സര്‍ക്കാര്‍ നിയമഭേദഗതി പിന്‍വലിക്കുകയും ചെയ്തു.
സൈബര്‍ ഇടങ്ങളിലെ കുറ്റകൃത്യത്തിന് തടയിടാനാണ് 2011ലെ പൊലീസ് ആക്ട് ഭേദഗതി ചെയ്ത് 118 എ വകുപ്പ് കൂട്ടിച്ചേര്‍ത്ത് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ പ്രത്യേകിച്ചും സൈബര്‍ ഇടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും അശ്ലീല പരാമാര്‍ശങ്ങളും ഭീഷണികളും അതിരുവിടുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഇത്തരത്തിലൊരു നീക്കത്തിന് കേരള സര്‍ക്കാര്‍ മുന്‍കൈയെടുത്തതെന്നും പറയുന്നു. ഫലത്തില്‍ സ്ത്രീകളുടെ സുരക്ഷ എന്ന പേരില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുകയാണ് കേരള സര്‍ക്കാര്‍ എന്ന വിമര്‍ശനമാണ് നിയമത്തിനെതിരെ ഉയര്‍ന്നത്.
ഒരു വ്യക്തിയെ അപമാനിക്കാനോ, അപകീര്‍ത്തിപ്പെടുത്താനോ ഉദ്ദേശിച്ച് ഏതെങ്കിലും വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മ്മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവോ 10,000 രൂപവരെ പിഴയോ വിധിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതായിരുന്നു പൊലീസ് ആക്ടിലെ ഭേദഗതി.
സമീപ കാലത്ത് യൂട്യൂബ് വീഡിയോയിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയ വിജയ് പി. നായരെ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും കൈയ്യേറ്റം ചെയ്തതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ കേരളത്തിലുണ്ടായതിന് പിന്നാലെയാണ് ഈ ഓര്‍ഡിനന്‍സിലേക്ക് കേരള സര്‍ക്കാര്‍ കടക്കുന്നത്.
അഭിഭാഷകനായ ഹരീഷ് വാസുദേവന്‍, മുന്‍ നിയമസെക്രട്ടറിയായിരുന്ന ബി.ജി ഹരീന്ദ്രനാഥ് തുടങ്ങിയ ആളുകള്‍ വലിയ രീതിയിലുള്ള വിമര്‍ശനവുമായി ഇതിനെതിരെ രംഗത്തെത്തിയിരുന്നു. രണ്ട് വ്യക്തികള്‍ തമ്മില്‍ പരദൂഷണം പറഞ്ഞാല്‍ പോലും അവര്‍ നടത്തിയത് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിക്കാന്‍ പ്രാപ്തമായ കുറ്റകൃത്യമാക്കുകയാണ് പൊലീസ് ആക്ട് ഭേദഗതിയെന്നാണ് അഭിഭാഷകനായ ഹരീഷ് വാസുദേവന്‍ പറഞ്ഞത്.
ഒരു പൊലീസ് ഓഫീസര്‍ക്ക് ഇത്തരത്തിലൊരു കുറ്റം കണ്ടാല്‍ വാറന്റില്ലാതെ തന്നെ മജിസ്‌ട്രേറ്റ് അനുമതി വാങ്ങാതെ കുറ്റാരോപിതനായ വ്യക്തിയെ അറസ്റ്റ് ചെയ്യാന്‍ സാധിക്കുമെന്ന കാര്യങ്ങളെത്തുമെന്നതിലാണ് നിയമത്തിന്റെ സ്വഭാവം മാറുന്നത്. സുപ്രീം കോടതി ഐ.ടി ആക്റ്റിലെ 66 എ വകുപ്പ് റദ്ദ് ചെയ്തതാണ്. ഇത് വീണ്ടും പിന്‍വാതിലിലൂടെ കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് സര്‍ക്കാരെന്നായിരുന്നു ഈ വിഷയത്തില്‍ ഐ.ടി വിദഗ്ധനും രാഷ്ട്രീയ നിരീക്ഷകനുമായ ജോസഫ്.സി മാത്യു ഡൂള്‍ന്യൂസിനോട് പറഞ്ഞത്.
‘സമൂഹമാധ്യമം എന്ന് പറയുന്നത് ശബ്ദമില്ലാത്തവര്‍ക്ക് ശബ്ദം നല്‍കുന്ന ഒരു പ്ലാറ്റ്ഫോം കൂടിയാണ്. സാമൂഹ മാധ്യമങ്ങളിലൂടെ നിശ്ചയമായും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നടക്കുന്നുണ്ട്. ഇത് പണ്ടും നമ്മുടെ പൊതുമണ്ഡലത്തില്‍ ഉണ്ടായിട്ടുണ്ട്. ഡിജിറ്റല്‍ പതിപ്പിലേക്കെത്തുമ്പോള്‍ ഇതിന്റെയെല്ലാം വ്യാപ്തി കൂടുകയാണ്. ഇതെല്ലാം യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഇത് പറഞ്ഞുകൊണ്ട് സര്‍ക്കാര്‍ സമൂഹമാധ്യമത്തെ കൂച്ചുവിലങ്ങിടുകയാണ്.
സ്ത്രീകള്‍ക്കെതിരെയുള്ള അധിക്ഷേപം തടയാന്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ വകുപ്പുകള്‍ കൊണ്ടുവരണം. ഏത് മാധ്യമത്തിലൂടെ ഇത്തരം പ്രവൃത്തികള്‍ ചെയ്താലും അത് കുറ്റകരമാകണം. മറിച്ച് സമൂഹമാധ്യമത്തില്‍ കൂടി ചെയ്താല്‍ മാത്രം കുറ്റകരമാകുമോ? ഇവിടെ വളരെ സമാന്യവത്കരിച്ചാണ് കാര്യങ്ങള്‍ അവതരിപ്പിക്കുക പോലും ചെയ്യുന്നത്. ഇത് ഇപ്പോള്‍ എല്ലാ മാധ്യമങ്ങളും ഡിജിറ്റലായത് കൂടി പരിഗണിച്ച് ഇവര്‍ക്കെന്ത് തടയണമോ അത് തടയാന്‍ വേണ്ടി കൂടി ചെയ്യുന്നതാണ്”, ജോസഫ് സി.മാത്യു ഡൂള്‍ന്യൂസിനോട് പറഞ്ഞു.
118 എ ഭേദഗതി യുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോള്‍ തന്നെ സീതാറാം യെച്ചൂരിയോ കേന്ദ്ര കമ്മിറ്റിയോ തന്നെ പറയുന്നത് നോക്കിയാല്‍ മതിയെന്നും നിലവിലുള്ള നിയമങ്ങള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ പ്രശ്നങ്ങള്‍, അപകീര്‍ത്തി പ്രയോഗം എന്നിവയൊക്കൊക്കെ തന്നെ ആവശ്യമായ നിയമനടപടി ഇപ്പോഴുണ്ട്. ആദ്യം അത് കൃത്യമായി നടപ്പാക്കുകയാണ് വേണ്ടതെന്നുമാണ് വിഷയത്തില്‍ ഡോ. ആസാദ് പറയുന്നത്. അത് നടപ്പാക്കാതെ മുഴുവന്‍ അഭിപ്രായ സ്വാതന്ത്ര്യത്തെയും റദ്ദ് ചെയ്യുന്ന തരത്തിലുള്ള നടപടി കൈക്കൊള്ളുന്നത് അപകടകരമാണ്. എന്തുകൊണ്ടായാലും അത് പിന്‍വലിച്ചത് ആശ്വാസം തരുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊലീസിന് മജിസ്റ്റീരിയല്‍ പദവി നല്‍കാനുള്ള നീക്കം
പൊലീസിന് മജിസ്റ്റീരിയല്‍ പദവി നല്‍കാനുള്ള തീരുമാനവുമായി ബന്ധപ്പെട്ടും നിരവധി വിമര്‍ശനങ്ങളാണ് സര്‍ക്കാരിന് ഇക്കാലയളവില്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത്. ഐ.ജി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ മജിസ്റ്റീരിയല്‍ അധികാരമുള്ള പൊലീസ് ഓഫീസര്‍മാരായി നിയമിക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം. ഇതിനായുള്ള തയ്യാറെടുപ്പുകളെല്ലാം സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കി കഴിഞ്ഞിരുന്നു.
പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുവാന്‍ മാത്രം അധികാരമുള്ള എന്ത് സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നാണ് ഇതിനെതിരെ പ്രധാനമായും ഉയരുന്ന ചോദ്യം. ഇന്ത്യയില്‍ പലയിടങ്ങളിലും പൊലീസിന് മജിസ്റ്റീരിയല്‍ പദവി നല്‍കിയിട്ടുണ്ട്. ഇവിടെങ്ങളിലെല്ലാം അധികാരം വലിയ രീതിയില്‍ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്.
കാപ്പ പോലുള്ള നിയമങ്ങളിലെ പ്രതികളെ തടവില്‍ പാര്‍പ്പിക്കുന്നതിനുള്ള അനുമതി നല്‍കുക, അടിയന്തര സാഹചര്യങ്ങളില്‍ വെടിവെക്കുന്നതിന് ഉത്തരവിടുക തുടങ്ങി ഏറെ ഗൗരവതരമായ കാര്യങ്ങളാണ് മജിസ്റ്റീരിയല്‍ അധികാരത്തില്‍ ഉള്‍പ്പെടുന്നത്. ഈ അധികാരം നിലവില്‍ ജില്ലാ കളക്ടര്‍ക്കാണ് ഉള്ളത്. ഇത്തരത്തില്‍ അധികാരം പൊലീസിലേക്കെത്തിയാല്‍ നിയമം ദുരുപയോഗം ചെയ്യപ്പെടുമെന്നാണ് പറയുന്നത്.
ജില്ലാ കളക്ടര്‍മാര്‍ക്കുള്ള മജിസ്റ്റീരിയല്‍ അധികാരം നിലനിര്‍ത്തി ഐ.പി.എസുകാര്‍ക്ക് കൂടി നല്‍കണമെന്നായിരുന്നു തന്റെ മനസിലുണ്ടായിരുന്നത്. എന്നാല്‍ സമവായ ചര്‍കള്‍ക്ക് ശേഷമേ തീരുമാനമെടുക്കൂ എന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
തമിഴ്നാട്ടില്‍ ഏഴിടങ്ങളിലടക്കം രാജ്യത്തെ 44 നഗരങ്ങളില്‍ മെട്രോപോളിറ്റന്‍ കമ്മിഷണറേറ്റുകള്‍ രൂപീകരിച്ചിട്ടുണ്ട്. ക്രമസമാധാനപാലനം നടത്തുന്ന ഉദ്യോഗസ്ഥരെ വ്യക്തിഹത്യ നടത്തുന്നത് ശരിയല്ല. സേനയില്‍ അച്ചടക്കരാഹിത്യമുണ്ടെന്ന വാദം വസ്തുതയ്ക്ക് നിരക്കുന്നതല്ല. പൊലീസ് നല്ല നിലയിലാണ് പ്രവര്‍ത്തിക്കുന്നത് എന്നും ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞു.
ഡി.ജി.പി ബെഹ്‌റയും പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയും കേന്ദ്ര താത്പര്യം നടപ്പാക്കുന്നവരോ?
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്റെ തുടക്കം മുതല്‍ തന്നെ ലോക്‌നാഥ് ബെഹ്‌റയെ ഡിജിപിയാക്കിയപ്പോഴും, രമണ്‍ ശ്രീവാസ്തവയെ ഉപദേഷ്ടാവാക്കിയപ്പോഴും ഇരുവരുടെയും ട്രാക്ക് റെക്കോര്‍ഡുകള്‍ ഉയര്‍ത്തിക്കാണിച്ച് സര്‍ക്കാറിന് നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
1991ല്‍ പാലക്കാട് കളക്ടറേറ്റില്‍ ഡാമുകള്‍ സംബന്ധിച്ച് നിയമസഭാ സമിതിയുടെ യോഗം നടക്കുന്നിതിനിടെയാണ്, പിന്നീട് പുതുപ്പള്ളി തെരുവ് വെടിവെയ്‌പ്പെന്നറിയപ്പെടുന്ന സംഭവമുണ്ടാകുന്നത്. 1991 ഡിസംബര്‍ പതിനഞ്ചിന് നടന്ന ആ വെടിവെയ്പില്‍ പതിനൊന്നുകാരിയായ സിറാജുന്നീസ എന്ന പെണ്‍കുട്ടി കൊല്ലപ്പെട്ടത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
അന്നത്തെ ഷൊര്‍ണൂര്‍ എസ്.പിയായിരുന്ന ബി. സന്ധ്യയോട് ഉത്തരമേഖലാ ഡി.ഐ.ജിയായിരുന്ന രമണ്‍ ശ്രീവാസ്തവയാണ് വെടിവെയ്ക്കാന്‍ ഉത്തരവിട്ടത്. അന്ന് ബി.ജെ.പി നേതാവ് മുരളി മനോഹര്‍ ജോഷി നയിച്ച ഏകതാ യാത്രയോടനുബന്ധിച്ച് പൊലീസ് നടത്തിയ ഇടപെടല്‍ ചെറിയ സംഘര്‍ഷത്തിലേക്കെത്തുകയായിരുന്നു.
ഐ.എസ്.ആര്‍.ഒ ചാരക്കേസിന്റെ കാലത്ത് പൊലീസ് ഐ. ജിയായിരുന്നു രമണ്‍ ശ്രീവാസ്തവ. അന്ന് പ്രതിപക്ഷ എം.എല്‍.എയായിരുന്ന പിണറായി വിജയന്‍ രമണ്‍ ശ്രീവാസ്തവയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. 1995 ഫെബ്രുവരി 14ന് നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ പിണറായി വിജയന്‍ രമണ്‍ ശ്രീവാസ്തവയെ വിളിച്ചത് രാജ്യദ്രോഹിയെന്നാണ്.
‘നമുക്ക് മറവി പലപ്പോഴും വേഗത്തില്‍ വരാറുണ്ട് എന്നതാണ് ഒരു പ്രത്യേകത. ഇപ്പോള്‍ തന്നെ രമണ്‍ ശ്രീവാസ്തവയുടെ പ്രശ്‌നം
കുറേശെ മറവിയിലേക്കു തള്ളിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യത്ത് രാജ്യദ്രോഹപ്രവര്‍ത്തനം നടത്തിയ ഐ.ജിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്,’ അന്നത്തെ പിണറായിയുടെ പ്രസംഗം ഇങ്ങനെയായിരുന്നു. ഇതേ രമണ്‍ ശ്രീവാസതവയെ തന്നെയാണ് മുഖ്യമന്ത്രി 2018ല്‍ പൊലീസ് ഉപദേഷ്ടാവായി നിയമിച്ചത്.
സി.പി.ഐ.എം അഖിലേന്ത്യാ തലത്തില്‍ സ്വീകരിച്ച നയങ്ങളോട് വിരുദ്ധമായി കേരളത്തിലെ സി.പി.ഐ.എമ്മും ഇടതുപക്ഷ സര്‍ക്കാരും സ്വീകരിച്ച സമീപനങ്ങള്‍ നിരവധിയാണെന്ന് കാണാം. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ എടുക്കുന്ന നടപടികളിലുണ്ടാവുന്ന ഭിന്നാഭിപ്രായങ്ങളില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഇക്കാലയളവില്‍ സര്‍ക്കാരിന് ഭരണ തലത്തില്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Clashes between CPIM central unit and Pinarayi led LDF Govt. in Kerala; Ideology, policies, and action