| Wednesday, 20th January 2021, 10:52 am

വിവാദ വാട്‌സ്ആപ്പ് ചാറ്റ് അര്‍ണബിന്റേത് തന്നെ; ചാറ്റ് നിഷേധിക്കാതെ 'ന്യായീകരണം' നിരത്തി തലയൂരാന്‍ ശ്രമം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയും ബാര്‍ക് സി.ഇ.ഒ പാര്‍ഥോ ദാസ് ഗുപ്തയും നടത്തിയ വാട്‌സ്ആപ്പ് ചാറ്റ് നിഷേധിക്കാതെ അര്‍ണബ്.
ചാറ്റില്‍ പറഞ്ഞ സംഭവങ്ങളെ ന്യായീകരിച്ചുകൊണ്ടാണ് അര്‍ണബ് രംഗത്തെത്തിയത്.

ചാറ്റ് പുറത്തുവന്നതിന് പിന്നാലെ വലിയരീതിയില്‍ വിവാദങ്ങല്‍ ഉയര്‍ന്നുവന്നിരുന്നെങ്കിലും അര്‍ണബ് ഒരു തരത്തിലുമുള്ള പ്രതികരണവും നടത്തിയിരുന്നില്ല. ഇതാദ്യമായാണ് വിഷയത്തില്‍ അര്‍ണബ് പ്രതികരിക്കുന്നത്. ചാറ്റ് തന്റേതല്ലെന്ന് ഒരിടത്തും അര്‍ണബ് പറയുന്നില്ല.

ബലാക്കോട്ട് ആക്രമണം തനിക്ക് നേരത്തെ അറിയാമായിരുന്നെന്ന വാട്സ്ആപ്പ് ചാറ്റാണ് അര്‍ണബ് ഗോസ്വാമി ഇപ്പോള്‍ ‘ന്യായീകരി’ക്കുന്നത്. പുല്‍വാമയ്ക്ക് ശേഷം ഇന്ത്യ തിരിച്ചടിക്കുമെന്ന് കരുതുന്നതില്‍ എന്താണ് തെറ്റെന്നാണ് അര്‍ണാബ് ഗോസ്വാമിയുടെ വിശദീകരണത്തില്‍ ചോദിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി ലേഖനങ്ങളും വാര്‍ത്തകളും മാധ്യമങ്ങളില്‍ വന്നിരുന്നതായും അര്‍ണബ് പറയുന്നു.

റിപബ്ലിക്ക് ചാനലിലൂടെയാണ് പ്രസ്താവന പുറത്ത് വിട്ടത്. സര്‍ക്കാര്‍ പരസ്യമായി പ്രസ്താവിച്ച കാര്യം ഒരു മാധ്യമപ്രവര്‍ത്തകന്‍ പറയുന്നത് കുറ്റകൃത്യമായി കോണ്‍ഗ്രസ് കണക്കാക്കുന്നത് കാണുമ്പോള്‍ തനിക്ക് ഭയമാണുണ്ടാവുന്നതെന്നും അര്‍ണബ് പറഞ്ഞിരുന്നു.

കഴിഞ്ഞ പത്ത് മാസമായി പലരും ചെയ്യാത്ത കുറ്റത്തിന് തന്നെ വേട്ടയാടുകയാണെന്നും അറസ്റ്റ് ചെയ്തുവെന്നും അര്‍ണബ് പറഞ്ഞു.

പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി 2019 ഫെബ്രുവരി 26ന് ഇന്ത്യ ബാലക്കോട്ട് ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തെ കുറിച്ച് അര്‍ണബിന് നേരത്തെ അറിയാമായിരുന്നെന്നും ഈ ചാറ്റ് വിവരങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. 2019 ഫെബ്രുവരി 23ന് നടന്നെന്ന് പറയുന്ന ചാറ്റില്‍ ‘മറ്റൊരു വലിയ കാര്യം ഉടന്‍ സംഭവിക്കും’ എന്ന് അര്‍ണബ് പറയുന്നുണ്ട്.

അതിന് അര്‍ണബിന് ബാര്‍ക്ക് സി.ഇ.ഒ. ആശംസ അറിയിക്കുന്നുമുണ്ട്. അതിന് മറുപടിയായി തന്റെ ഓഫീസില്‍ വന്നാലറിയാം ഇപ്പോഴവിടെ ഉള്ള ആളുകളുടെ ഊര്‍ജമെന്നും തനിക്ക് ഒരു മാസം കൂടി ദല്‍ഹിയില്‍ തുടരേണ്ടതുണ്ടെന്നും അര്‍ണബിന്റേതായി പുറത്ത് വന്ന ചാറ്റില്‍ വിശദീകരിക്കുന്നു. ബി.ജെ.പി ആ വര്‍ഷവും തെരഞ്ഞെടുപ്പില്‍ തൂത്തുവാരുമെന്ന അറിയിപ്പും ചാറ്റില്‍ നല്‍കുന്നുണ്ട്.

പുല്‍വാമ ആക്രമണം മറ്റെല്ലാ മാധ്യമങ്ങളേക്കാളും നേരത്തെ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞതിലൂടെ തങ്ങള്‍ക്ക് വന്‍വിജയം നേടാനായെന്നാണ് അര്‍ണബിന്റെ ചാറ്റില്‍ പറയുന്നത്.

2019 ഫെബ്രുവരി പതിനാലിന് പുല്‍വാമ ആക്രമണം നടന്ന ദിവസം വൈകീട്ട് ഈ വര്‍ഷം കശ്മീരില്‍ നടന്ന ഏറ്റവും വലിയ തീവ്രവാദ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മറ്റെല്ലാവരേക്കാളും 20 മിനിറ്റ് മുന്‍പിലാണ് തങ്ങളെന്നാണ് അര്‍ണബ് പറയുന്നത്. ‘ഈ ആക്രമണം നമുക്ക് വന്‍വിജയമാക്കാനായി’ എന്നും അര്‍ണബ് പറയുന്നുണ്ട്. ഈ ചാറ്റില്‍ മോദിയെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്.
ടി.ആര്‍.പി തട്ടിപ്പുമായി ബന്ധപ്പെട്ടും നേരത്തെ വാട്സ്ആപ്പ് ചാറ്റുകള്‍ പുറത്ത് വന്നിരുന്നു. വലിയ രീതിയിലുള്ള വിവാദമാണ് ഇതുവഴി സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Controversial WhatsApp chat is Arnab’s own; Attempt to give ‘justification’ without denying chat

We use cookies to give you the best possible experience. Learn more