| Wednesday, 29th September 2021, 2:05 pm

കണ്ണൂര്‍ സര്‍വ്വകലാശാല സിലബസില്‍ നിന്നും ആര്‍.എസ്.എസ് സൈദ്ധാന്തികരുടെ ലേഖനങ്ങള്‍ ഭാഗികമായി നീക്കും; ഇസ്‌ലാമിക, ദ്രാവിഡ, സോഷ്യലിസ്റ്റ് ധാരകള്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിവാദ പി.ജി. സിലബസില്‍ നിന്ന് ആര്‍.എസ്.എസ് സൈദ്ധാന്തികരുടെ ലേഖനങ്ങള്‍ ഭാഗികമായി നീക്കും. വിദഗ്ദ സമിതിയാണ് വിവാദ സിലബസില്‍ നിന്നും ആര്‍.എസ്.എസ് സൈദ്ധാന്തികരുടെ ലേഖങ്ങളില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ചത്.

കണ്ണൂര്‍ യൂണിവേഴ്സിറ്റി സിലബസ് സമഗ്രമല്ലെന്നാണ് രണ്ടംഗ സമിതിയുടെ റിപ്പോര്‍ട്ട്. സിലബസില്‍ നിന്നും ദീന്‍ദയാല്‍ ഉപാധ്യായയേയും, ബല്‍രാജ് മഡോക്കിനെയും ഒഴിവാക്കണമെന്ന ശുപാര്‍ശയാണ് സമിതി മുന്നോട്ട് വയ്ക്കുന്നത്. ഗാന്ധിയന്‍ ആശയങ്ങള്‍ പ്രത്യേകമായി പഠിപ്പിക്കണം. ഇസ്‌ലാമിക, ദ്രാവിഡ, സോഷ്യലിസ്റ്റ് ധാരകള്‍ സിലബസില്‍ ഉള്‍പ്പെടുത്തണമെന്നും ശുപാര്‍ശയുണ്ട്.

ഇന്ത്യയുമായി ബന്ധപ്പെട്ട രാഷ്ട്രീയ ലേഖനങ്ങളുടെ തലക്കെട്ട് മാറുമെന്നും സിലബസില്‍ മഹാത്മാഗാന്ധിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും വിദഗ്ധ സമിതി നിര്‍ദേശിച്ചു. റിപ്പോര്‍ട്ടിന്‍മേലുള്ള അക്കാദമിക് കൗണ്‍സില്‍ യോഗം സര്‍വകലാശാലയില്‍ തുടരുകയാണ്.

കണ്ണൂര്‍ സര്‍വ്വകലാശാല പി.ജി ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് മൂന്നാം സെമസ്റ്റര്‍ സിലബസായിരുന്നു നേരത്തെ വിവാദത്തിലായത്. ആര്‍.എസ്.എസ് നേതാക്കളായ സവര്‍ക്കറുടെ ഹു ഇസ് ഹിന്ദു, ഗോള്‍വാള്‍ക്കറുടെ ദ ബഞ്ച് ഓഫ് തോട്ട്‌സ് എന്നീ പുസ്തകങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒപ്പം ദീന്‍ദയാല്‍ ഉപാധ്യായയുടെ ഇന്റഗ്രല്‍ ഹ്യൂമനിസം എന്ന പുസ്തകത്തിന്റെ ഭാഗങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. ആര്‍.എസ്.എസ് സൈദ്ധന്തികരുടെ ലേഖനം സിലബസില്‍ ഉള്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.

തുടര്‍ന്ന് സര്‍വകലാശാല നിയോഗിച്ച രണ്ട് അംഗ സമിതി സിലബസില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ച് വൈസ് ചാന്‍സലര്‍ പ്രൊ. ഗോപിനാഥ് രവീന്ദ്രന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പിന്നീട് ബോര്‍ഡ് ഓഫ് സ്റ്റഡീസ് സിലബസ് വിശദമായി പരിശോധിച്ചു. വിദഗ്ധ സമിതി ശുപാര്‍ശകള്‍ പ്രകാരമുള്ള ഭേദഗതികള്‍ അംഗീകരിച്ചതായാണ് സൂചന. സിലബസ് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാന്‍ അക്കാദമിക്ക് കൗണ്‍സിലിന് വിടുകയും ചെയ്തു.

ഗോള്‍വാള്‍ക്കറുടെയും സവര്‍ക്കറുടെയും പുസ്തകങ്ങള്‍ പഠിപ്പിക്കാനുള്ള തീരുമാനത്തില്‍നിന്ന് കണ്ണൂര്‍ സര്‍വകലാശാല പിന്മാറിയിരുന്നു. വിവാദ പുസ്തകങ്ങള്‍ പി.ജി സിലബസില്‍ നിന്ന് ഒഴിവാക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ അറിയിച്ചിരുന്നു. സിലബസിന്റെ ഭാഗമായി പല പുസ്തകങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മറ്റ് പുസ്തകങ്ങളുമായുള്ള താരതമ്യ പഠനമാണ് ഉദേശിച്ചതെന്നുമായിരുന്നു വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്റെ പ്രതികരണം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

We use cookies to give you the best possible experience. Learn more