| Wednesday, 13th May 2020, 8:06 pm

'രോഗം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ല'; കൊവിഡ് ബാധിച്ചാല്‍ ടെസ്റ്റ് നടത്തരുതെന്നും ഡോക്ടറെ കാണരുതെന്നും പ്രകൃതി ചികിത്സകനായ പി.എ കരീം

അളക എസ്. യമുന

കോഴിക്കോട്: കൊവിഡ് 19 ലോകവ്യാപകമായി പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്ന പ്രസംഗവുമായി പ്രകൃതി ചികിത്സകന്‍ പി.എ കരീം.

കൊവിഡ് 19 ആര്‍ക്കെങ്കിലും പിടിപെടുകയാണെങ്കില്‍ ഒരു ടെസ്റ്റും നടത്തരുതെന്നും ഡോക്ടറരെ കാണാരുതെന്നുമാണ് പി.എ കരീമിന്റെ വിചിത്രവാദം. ഗള്‍ഫിലുള്ള മലയാളികള്‍ക്കായി തയ്യാറാക്കിയതെന്ന് അവകാശപ്പെടുന്ന ഓഡിയോ ക്ലിപ്പിലാണ് കരീമിന്റെ വിവാദ പ്രസ്താവന.
രോഗം ഒരു മനുഷ്യനില്‍ നിന്ന് മറ്റൊരു മനുഷ്യനിലേക്ക് പകരുകയില്ലെന്നും ഇന്നേവരെ അത്തരത്തില്‍ ഒന്ന് സംഭവിച്ചിട്ടില്ലെന്നും ഇയാള്‍ ഓഡിയോ ക്ലിപ്പിംഗില്‍ പറയുന്നുണ്ട്. കൊറോണ വൈറസ് ആളുകളെ ഭയപ്പെടുത്തനായി ഇറക്കി വിട്ടതാണെന്നും ഇയാള്‍ പറയുന്നു.

”കൊവിഡ് 19 സാധാരണ ജലദോഷപ്പനിയാണ് . ആളുകളെ ഭയപ്പെടുത്തുക മാത്രമാണ് ഇതിന്റെ പിന്നില്‍. നിപ്പ ആവട്ടെ എച്ച1എന്‍1 ആവട്ടെ ചിക്കുന്‍ ഗുനിയയാവട്ടെ ഇതൊക്കെ പുതിയ പുതിയ പേരിട്ട് ആളെ ഭയപ്പെടുത്തുകയാണ്. അത് പോലെ കൊറോണ വൈറസ് എന്ന് പറഞ്ഞ് പുതിയ ഒന്നിറക്കിവിട്ടതാണ്. ചെറിയൊരു ജലദോഷപ്പനിമാത്രമാണ്. ഇങ്ങനെ വന്നൊരു മനുഷ്യന്‍ വീട്ടില്‍ ഇരുന്നാല്‍ തന്നെയും,  ഏതിലൂടെങ്കിലും ഇറങ്ങി നടന്നാലും അത് രണ്ടാഴ്ചക്കുള്ളില്‍ മാറിപ്പോകുന്ന ഒരു നിസാര സംഗതിയാണ്. ഇങ്ങനെ ഒരു അസുഖം ആര്‍ക്കെങ്കിലും വന്നാല്‍ എവിടേയും പോകരുത് , ഒരു ടെസ്റ്റും നടത്തരുത്. ഒരു ഡോക്ടറേയും കാണരുത്. അതാണ് ആദ്യം നിങ്ങള്‍ ചെയ്യേണ്ടത്. 72 മണിക്കൂര്‍ വേവിച്ച ആഹാരം ഒഴിവാക്കുക, ഫ്രൂട്ട്‌സും സാലാഡും ചെറു നാരങ്ങവെള്ളവും കുടിക്കുക, പുളിയുള്ള വര്‍ഗ്ഗത്തിലുള്ളതൊക്കെ തിന്നുക. സാധ്യമെങ്കില്‍ അരമണിക്കൂര്‍ വീതം രണ്ട് നേരം വെയിലുകൊള്ളുക. ഇതല്ലാതെ ഇതിന് ഒരു പരിഹാരവും ഇല്ല,” കരീം പറയുന്നു.

ആരോഗ്യ ശാസ്ത്രത്തില്‍ അറിവില്ലാത്തതുകൊണ്ട് അലോപ്പതി ഡോക്ടര്‍മാര്‍ പറയുന്നതേ ഒരു മന്ത്രിക്ക് പറയാന്‍ പറ്റുള്ളൂ എന്നും കൊവിഡിനെക്കുറിച്ച് പറയുന്ന മുഖ്യമന്ത്രിക്ക് എന്ത് ഭക്ഷണമാണ് കഴിക്കേണ്ടത് എന്ന് പറയാന്‍ കഴിയുന്നില്ലെന്നും കരീം പറയുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

” സര്‍ക്കാര്‍ മുഖം മൂടാന്‍ പറഞ്ഞാല്‍ മൂടേണ്ടി വരും കൈകഴുകാന്‍ പറഞ്ഞാല്‍ കഴുകേണ്ടി വരും. ഷേയ്ക്ക് ഹാന്റ് ചെയ്യരുതെന്ന് പറഞ്ഞാല്‍ അത് അനുസരിക്കേണ്ടി വരും. പക്ഷേ ചെയ്യേണ്ട പണി ഇത്രമാത്രമേ ഉള്ളൂ അതോടെ നിങ്ങളുടെ രോഗം മാറിപ്പോകും,”
വീട്ടിലോ റൂമിലോ ഒതുങ്ങി നിന്നാല്‍ രോഗം മാറിക്കോളും എന്ന വാദത്തെ ന്യയീകരിച്ച് കരീം പറഞ്ഞു.
രോഗം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ലെന്ന് ഓഡിയോ ക്ലിപ്പില്‍ കരീം ആവര്‍ത്തിച്ചു പറയുന്നുണ്ട്.

” രോഗം ഒരു മനുഷ്യനില്‍ നിന്ന് മറ്റൊരു മനുഷ്യനിലേക്ക് പകരുകയില്ല. കട്ടായം കട്ടായം കട്ടായം. രോഗം ഇന്ന് വരെ പകര്‍ന്നിട്ടുമില്ല.ഭാര്യമാര്‍ പറയുമ്പോഴേക്കും ഗള്‍ഫില്‍ ഉള്ളവര്‍ തിരിച്ചു വരേണ്ട കാര്യമില്ല,” കരീം പറയുന്നു.

വാക്‌സിനും മരുന്നും ഇറക്കാനായുള്ള തന്ത്രമാണ് കൊറോണയെന്നും മരുന്ന് കണ്ടുപിടിക്കുന്നതോടെ കൊറോണ പോയെന്ന് പറയുമെന്നും കരീം ഓഡിയോ ക്ലിപ്പില്‍ പറയുന്നു

” കുറച്ച് ദിവസം കഴിഞ്ഞാല്‍ കൊറോണ ഭ്രാന്ത് മാറും. ഇത് വേറൊരു ആവിശ്യത്തിന് വേണ്ടി ഉണ്ടാക്കിയെടുത്തതാണ്. അത് നിങ്ങളാരും അറിഞ്ഞിട്ടുണ്ടാവില്ല. വാക്‌സിനും മരുന്നും ഇറക്കാനുള്ള തന്ത്രമാണ് കൊറോണ. അത് കണ്ടുപിടിക്കുന്നതോടെ കൊറോണ പോയെന്നു പറയും,” കരീം പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പ് തന്റേത് തന്നെയാണെന്ന് ഡൂള്‍ ന്യൂസിനോട് കരീം പറഞ്ഞു. കൊവിഡ് ഗള്‍ഫില്‍ ഉള്ള മലയാളികള്‍ക്കിടയില്‍ ഭയമുണ്ടാകുന്നുണ്ടെന്നും ഗള്‍ഫ്കാര്‍ക്ക് കൊടുത്ത ടിപ്പാണതെന്നും അവരെ ആശ്വസിപ്പിക്കാന്‍ വേണ്ടി പറഞ്ഞ കാര്യങ്ങളാണ് ഓഡിയോ ക്ലിപ്പില്‍ ഉള്ളതെന്നും കരീം ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

എല്ലാവരും പറയുന്ന കാര്യം മാത്രമാണ് തനും പറഞ്ഞിട്ടുള്ളതെന്നും മോഡേണ്‍ സയന്‍സിന്റെ കാഴ്ചപ്പാടല്ല ആയുര്‍വേദത്തിന്റേതെന്നും കരീം പറഞ്ഞു.

” എല്ലാവരും പറയുന്നത് മാത്രമെ ഞാന്‍ പറയുന്നുള്ളൂ. സാധാരണ ഫ്‌ളൂ ആണ് എന്ന് ട്രംപ് പോലും പറഞ്ഞിട്ടില്ലേ? നിയമങ്ങള്‍ ലംഘിക്കണമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ഇത് അങ്ങനെ പകരുന്ന രോഗമല്ലെന്ന് ഡോക്ടര്‍മാര്‍ തന്നെ പറയുന്നുണ്ട്. ഇത് ഞാന്‍ ഒരാള്‍ മാത്രം പറയുന്ന കാര്യമല്ലല്ലോ.മോഡേണ്‍ സയന്‍സിന്റെ കാഴ്ചപ്പാടല്ല ആയുര്‍വേദത്തിന്റേത്” കരീം ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

ഇതാദ്യമായല്ല കരീം ഇത്തരത്തിലുള്ള വിവാദ പ്രസംഗങ്ങള്‍ നടത്തുന്നത്.
വാക്‌സിന്‍ നല്‍കുന്നത് ദൈവ വിരുദ്ധമാണെന്ന് 2017 ല്‍ നടത്തിയ ഒരു പ്രസംഗത്തില്‍  ഇയാള്‍ പറഞ്ഞത് വന്‍വിവാദമായിരുന്നു.  ശാസ്ത്രയമായി ഒരു അടിത്തറയുമില്ലാത്ത വാദങ്ങളാണ് ഇയാള്‍ മുന്നോട്ട് വെക്കുന്നത്.  ഇതിനെതിരെ അക്കാലത്തു തന്നെ കരീമിനെ എതിരെ വിമര്‍ശനം ഉയര്‍ന്നു വന്നിരുന്നു.

അളക എസ്. യമുന

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഫങ്ഷണല്‍ ഇംഗ്ലീഷില്‍ ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more