national news
തേജസ്വി യാദവിന് പകരം തേജസ്വി സൂര്യ; ആളുമാറി സ്വന്തം നേതാവിനെ അധിക്ഷേപിച്ച് കങ്കണ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 May 06, 04:25 am
Monday, 6th May 2024, 9:55 am

ന്യൂദൽഹി: ആളുമാറി സ്വന്തം പാർട്ടി നേതാവിനെ തന്നെ അധിക്ഷേപിച്ച് എൻ. ഡി.എ സ്ഥാനാർത്ഥിയും നടിയുമായ കങ്കണ റണാവത്. ആർ.ജെ.ഡി നേതാവ് തേജ്വസി യാദവിനെ ലക്ഷ്യമിട്ടായിരുന്നു ആരോപണം ഉന്നയിച്ചതെങ്കിലും പേരുമാറി സ്വന്തം പാർട്ടിയിലെ നേതാവായ തേജ്വസി സൂര്യയെ അധിക്ഷേപിക്കുകയായിരുന്നു നടി.

വാർത്ത സോഷ്യൽ മീഡിയയിലൂടെ വൻതോതിൽ പ്രചരിപ്പിക്കപ്പെട്ടതോടെ പൊല്ലാപ്പിലായിരിക്കുകയാണ് കങ്കണ.
എൻ.ഡി.എ സ്ഥാനാർത്ഥിയായി മണ്ഡി മണ്ഡലത്തിലാണ് കങ്കണ മത്സരിക്കുന്നത്. കഴിഞ്ഞ ദിവസം തന്റെ മണ്ഡലത്തിൽ നടന്ന പ്രചാരണത്തിനിടെ
ആർ. ജെ.ഡി നേതാവിനും ഇന്ത്യ മുന്നണിക്കുമെതിരെ പ്രസംഗിക്കവെയാണ് കങ്കണയ്ക്ക് ഈ അബദ്ധം പറ്റുന്നത്.

ആർ.ജെ.ഡി നേതാവായ തേജ്വസി സൂര്യ ഗുണ്ടയാണെന്നും മത്സ്യം കഴിക്കും എന്നുമായിരുന്നു പരാമർശം. തേജ്വസി യാദവ് എന്നതിന് പകരം സ്വന്തം പാർട്ടി നേതാവായ തേജ്വസി സൂര്യയുടെ പേരാണ് കങ്കണ പറഞ്ഞത്.

അതോടൊപ്പം രാഹുൽ ഗാന്ധിയെയും തേജ്വസി യാദവിനെയും പരാജിത രാജകുമാരൻമാർ എന്നും അവർ വിളിച്ചു. ഇവർ രണ്ടുപേരും കുടുംബാധിപത്യ രാഷ്ട്രീയക്കാരാണ് എന്ന് പരോക്ഷമായി പ്രഖ്യാപിക്കുക എന്നതായിരുന്നു കങ്കണയുടെ ലക്ഷ്യം. എന്നാൽ സ്വന്തം നാക്കുപിഴ കാരണം തനിക്കു തന്നെ പണിയായിരിക്കുകയാണ് ഇപ്പോൾ.

കഴിഞ്ഞ ദിവസങ്ങളിലായി ആർ.ജെ.ഡി നേതാവ് തേജ്വസി യാദവ് മത്സ്യം കഴിക്കുന്ന വീഡിയോ പ്രചരിച്ചിരുന്നു. അദ്ദേഹം നവരാത്രി ദിനത്തിലാണ് മത്സ്യം കഴിച്ചത് എന്ന രീതിയിൽ ബി.ജെ.പി ആർ.ജെ.ഡിക്കെതിരെ വലിയ പ്രചരണം നടത്തിയിരുന്നു. എന്നാൽ
താൻ മത്സ്യം കഴിച്ചത് നവരാത്രി ദിനത്തിലല്ലെന്നും അതിനു മുൻപുള്ള ദൃശ്യം ആണ് പ്രചരിക്കുന്നതെന്നും തേജ്വസി യാദവ് പ്രതികരിച്ചിരുന്നു.

കങ്കണയുടെ പുതിയ പരാമർശത്തെക്കുറിച്ചും തേജ്വസി യാദവ് പ്രതികരിച്ചിട്ടുണ്ട്. ഈ സ്ത്രീ ആരാണെന്ന അടിക്കുറിപ്പോടെ കങ്കണയുടെ വിവാദ പ്രസംഗം അദ്ദേഹം എക്‌സിൽ പങ്കുവയ്ക്കുകയായിരുന്നു.

നിങ്ങൾ ആദ്യം സ്വന്തം പാർട്ടി അംഗങ്ങളുടെ പേര് പഠിക്കു എന്നിട്ട് മതി നടിയുടെ കുടുംബാധിപത്യ പുരാണം പറയൽ എന്ന പരിഹാസവുമായി കോൺഗ്രസ്സും രംഗത്തെത്തിയിട്ടുണ്ട്.

 

Content Highlight:  controversial statement of Kangana