| Thursday, 19th May 2022, 9:05 am

മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമര്‍ശം; കെ. സുധാകരനെതിരെ കേസെടുത്ത് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ പൊലീസ് കേസെടുത്തു. സി.പി.ഐ.എം പ്രവര്‍ത്തകരുടെ പരാതിയിലാണ് കേസ്. ഐ.പി.സി 153-ാം വകുപ്പ് പ്രകാരം പാലാരിവട്ടം പൊലീസാണ് കേസെടുത്തത്.

തൃക്കാക്കര മണ്ഡലത്തില്‍ ചങ്ങല പൊട്ടിയ നായയെ പോലെയാണ് മുഖ്യമന്ത്രി വരുന്നതെന്നായിരുന്നു സ്വകാര്യ ചാനലിന് നല്‍കിയ പ്രതികരണത്തില്‍ കെ. സുധാകരന്‍ പരാമര്‍ശിച്ചത്. വീഡിയോ പുറത്ത് വന്നതോടെ അത് വലിയ വിവാദമാവുകയും അത് മണ്ഡലത്തില്‍ സി.പി.ഐ.എം പ്രചാരണ ആയുധമാക്കുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രിയെ മോശമായി പരാമര്‍ശിച്ചിട്ടില്ലെന്നും അങ്ങനെ തോന്നുന്നെങ്കില്‍ അത് പിന്‍വലിക്കുന്നുവെന്നും സുധാകരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഭരണസംവിധാനം ദുരുപയോഗം ചെയ്യുന്നതിനെയാണ് വിമര്‍ശിച്ചതെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും തൃക്കാക്കരയില്‍ സര്‍ക്കാര്‍ ചെലവില്‍ പണിയെടുക്കുന്നു എന്നാണ് ഉദ്ദേശിച്ചതെന്നും സുധാകരന്‍ വിശദീകരണം നല്‍കിയിരുന്നു.

പരാമര്‍ശത്തെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തെത്തിയിരുന്നു.  കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞ വാക്കുകള്‍ കണ്ണൂരുകാര്‍ തമ്മില്‍ സാധാരണ പറയുന്നതാണ്.

തൃക്കാക്കരയില്‍ സി.പി.ഐ.എമ്മിന് വേറൊന്നും പറയാനില്ലാത്തതുകൊണ്ടാണ് സുധാകരന്റെ വാക്കുകളെ ഉയര്‍ത്തി കൊണ്ട് വരുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തിയിരുന്നു.

ഇതിന് പിന്നാലെ മന്ത്രി വീണാ ജോര്‍ജ്, പി രാജീവ്,ഷംസീര്‍ എന്നിവര്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് മഹാന്‍മാരായ പല പ്രസിഡന്റുമാരുണ്ടായിരുന്നു.

എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവമുള്ള വ്യക്തിയാണ് ഇന്നത്തെ കെ.പി.സി.സി പ്രസിഡന്റ് എന്നായിരുന്നു എം.എല്‍.എ എ.എന്‍. ഷംസീറിന്റെ പ്രതികരണം.

സുധാകരന്‍ നടത്തിയ പരാമര്‍ശം സാധാരണ പ്രവര്‍ത്തകര്‍ പോലും ഉപയോഗിക്കില്ല. അത്തരം പദങ്ങള്‍ ഉപയോഗിച്ച് മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നത് ഗുരുതര കുറ്റമാണ്. സുധാകരനെതിരെ നിയമനടപടി സ്വീകരിച്ച് അറസ്റ്റ് ചെയ്യും,’ എന്ന് ഇ.പി. ജയരാജന്‍ നേരത്തെ പ്രതികരിച്ചിരുന്നു.

Content Hightlights: Controversial remarks against CM,Police have registered a case for Sudhakaran

Latest Stories

We use cookies to give you the best possible experience. Learn more