Kerala News
വേദപാഠ പുസ്തകത്തിലെ വിവാദ പരാമര്‍ശം പിന്‍വലിച്ച് താമരശ്ശേരി ബിഷപ്പ്; മുസ്‌ലിം സംഘടന നേതാക്കളുമായി ചര്‍ച്ച നടത്തി
കോഴിക്കോട്: താമരശ്ശേരി രൂപതക്ക് കീഴില്‍ പുറത്തിറക്കിയ പുസ്തകത്തിലെ വിവാദ പരാമര്‍ശങ്ങളില്‍ താമരശ്ശേരി ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയേല്‍ ഖേദം പ്രകടിപ്പിച്ചു.
മുസ്‌ലിം സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ബിഷപ് ഖേദം പ്രകടിപ്പിച്ചത്. പുസ്തകത്തിലെ വിവാദ പരാമര്‍ശം ഒഴിവാക്കാനും തീരുമാനമായി. സാമുദായിക സൗഹാര്‍ദം തുടരാന്‍ യോജിച്ച് മുന്നോട്ടുപോകുമെന്നും ചര്‍ച്ചയില്‍ നേതാക്കള്‍ പറഞ്ഞു.
കൊടുവള്ളി എം.എല്‍.എ എം.കെ. മുനീറിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍ താമരശ്ശേരി രൂപത അധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, വികാരി ജനറാള്‍ മോണ്‍. ജോണ്‍ ഒറവങ്കര, ഡോ. ഹുസൈന്‍ മടവൂര്‍, നാസര്‍ ഫൈസി കൂടത്തായി, ശിഹാബുദ്ധീന്‍ ഇബ്നു ഹംസ, ഉമ്മര്‍ മാസ്റ്റര്‍ വി.എം, സി.ടി. ടോം, മാര്‍ട്ടിന്‍ തോമസ്, അബ്ദുള്‍ കരീം ഫൈസി, എം.എ. യൂസഫ് ഹാജി, സദറുദ്ദീന്‍ പുല്ലാളൂര്‍ എന്നിവരാണ് പങ്കെടുത്തത്.
നേരത്തെ വിഷയത്തില്‍ വിശദീകരണവുമായി താമരശ്ശേരി അതിരൂപത രംഗത്ത് എത്തിയിരുന്നു. ഏതെങ്കിലും മതവിഭാഗത്തോടുള്ള എതിര്‍പ്പു കൊണ്ടല്ല പുസ്തകം ഇറക്കിയതെന്നും ഏതെങ്കിലും മതവിഭാഗത്തെ വേദനിപ്പിച്ചെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നെന്നും താമരശ്ശേരി രൂപത അറിയിച്ചിരുന്നു.
ക്രിസ്ത്യന്‍ യുവാക്കളെ വിശ്വാസത്തില്‍ നിര്‍ത്താനായിരുന്നു പുസ്തകം തയ്യാറാക്കിയത്. പെണ്‍കുട്ടികളെ ചൂഷണത്തില്‍ നിന്ന് രക്ഷിക്കുക എന്നതും ലക്ഷ്യമായിരുന്നെന്ന് മതബോധന കേന്ദ്രം ഡയറക്ടര്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
കടുത്ത മുസ്‌ലിം വിരുദ്ധതയും വ്യാജവിവരങ്ങളും നിറഞ്ഞ പുസ്തകത്തിലെ ഭാഗങ്ങള്‍ വിദ്വേഷപ്രചരണം ലക്ഷ്യം വെച്ചുള്ളതാണെന്ന വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് ഖേദപ്രകടനവുമായി അതിരൂപത രംഗത്തെത്തിയത്.
ലവ് ജിഹാദ് യാഥാര്‍ത്ഥ്യമാണെന്നും അത് വളരെ ആസൂത്രിതമായാണ് നടപ്പിലാക്കുന്നതെന്നും പറയുന്ന പുസ്തകത്തില്‍ മുസ്‌ലിങ്ങളെ മാത്രം സ്‌നേഹിക്കുന്ന അല്ലാഹുവിന് സാത്താന്റെ സ്വഭാവമാണെന്നും ക്രിസ്ത്യാനികളെയും അമുസ്‌ലിങ്ങളെയും കൊല്ലുന്നവര്‍ക്ക് അല്ലാഹു സ്വര്‍ഗം കൊടുക്കുമെന്നാണ് മുസ്‌ലിങ്ങളെ പഠിപ്പിക്കുന്നതെന്നുമാണ് പറയുന്നത്.
‘സത്യങ്ങളും വസ്തുതകളും 33 ചോദ്യോത്തരങ്ങളിലൂടെ’ എന്ന പേരിലുള്ള പുസ്തകത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. താമരശ്ശേരി രൂപതയുടെ കീഴില്‍ വരുന്ന ഇടവകകളില്‍ നടക്കുന്ന വേദപാഠ ക്ലാസുകളില്‍ ഈ വര്‍ഷം മുതലാണ് ഈ പുസ്തകവും പഠിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നത്. 11, 12 ക്ലാസുകളിലാണ് ഈ ഭാഗങ്ങള്‍ പഠിപ്പിക്കുന്നത്.
എന്താണ് ജിഹാദ് എന്ന വിശുദ്ധ യുദ്ധം, പ്രണയക്കെണികള്‍ ഒരുക്കുന്നത് എങ്ങനെ, പ്രണയക്കെണികളില്‍ വീഴാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എന്നിങ്ങനെയുള്ള തലക്കെട്ടുകള്‍ നല്‍കിയാണ് ലവ് ജിഹാദിനെ കുറിച്ചും മുസ്‌ലിങ്ങളെ കുറിച്ചും പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്.
ഒമ്പത് ഘട്ടങ്ങളായാണ് ലവ് ജിഹാദ് നടക്കുന്നതെന്നാണ് പുസ്തകത്തിലുള്ളത്. പെണ്‍കുട്ടിയെ തെരഞ്ഞെടുക്കല്‍, പരിചയപ്പെടല്‍, ബന്ധം ദൃഢമാക്കല്‍, വിവാഹത്തെ കുറിച്ചുള്ള ധാരണകള്‍, വിവാഹ വാഗ്ദാനം, ലൈംഗികബന്ധം ദുരുപയോഗം ചെയ്യല്‍- ഭീഷണിപ്പെടുത്തല്‍, കുടുംബത്തില്‍ നിന്നും അകറ്റല്‍, നിയമപരമായി സ്വന്തമാക്കല്‍, വിവാഹ ജീവിതം മതം മാറ്റം എന്നിങ്ങനെയാണ് ഇവര്‍ പറയുന്ന ഘട്ടങ്ങള്‍.
അമുസ്‌ലിങ്ങളായ പെണ്‍കുട്ടികളെ പ്രണയം നടിച്ച് വലയില്‍ വീഴ്ത്താന്‍ മുസ്‌ലിം യുവാക്കക്കള്‍ക്കും യുവതികള്‍ക്കും പ്രത്യേക പരിശീലനം നല്‍കുന്നു, ഓതിക്കെട്ടല്‍/ കൈവിഷം തുടങ്ങിയ ആഭിചാരക്രിയകള്‍ ഉപയോഗിക്കുന്നു തുടങ്ങിയ വാദങ്ങളും ഇതില്‍ പറയുന്നുണ്ട്. റംസാന്‍, ഈദ് തുടങ്ങിയ ആഘോഷങ്ങള്‍ക്ക് വീടുകളിലേക്ക് ക്ഷണിക്കുന്നത് പോലും ലവ് ജിഹാദിന് വേണ്ടിയാണെന്നും ഇതിലുണ്ട്.
മതപരിവര്‍ത്തനം നടത്തിയ പെണ്‍കുട്ടികളെ ഐ.എസ് തീവ്രവാദികള്‍ക്ക് ലൈംഗിക അടിമകളാക്കി വില്‍ക്കുന്നു, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു, യത്തീംഖാനകളില്‍ ജോലിക്കാരാക്കുന്നു, മത പുരോഹിതന്മാരുടെയോ തീവ്രവാദികളുടെയോ ഭാര്യമാരിലൊരാളാക്കുന്നുവെന്നും പുസ്തകത്തില്‍ പറയുന്നു.
പെണ്‍കുട്ടിയെ മതം മാറ്റുന്ന ജിഹാദിക്കും കുടുംബത്തിനും ഇസ്‌ലാമിക സംഘടനകളില്‍ നിന്ന് വലിയ തുക ലഭിക്കുന്നു, അന്യമതസ്ഥരായ പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ച് ചതിക്കുന്നതോ നശിപ്പിക്കുന്നതോ ഇസ്‌ലാം തത്വം പ്രകാരം തിന്മയല്ലെന്നും പുസ്തകത്തിലൂടെ താമരശ്ശേരി രൂപത വാദിക്കുന്നുണ്ട്.
കേരളത്തില്‍ ലവ് ജിഹാദിനൊപ്പം ക്രിസ്ത്യന്‍ യുവാക്കളെ ലക്ഷ്യമാക്കി നാര്‍ക്കോട്ടിക് ജിഹാദും നടക്കുന്നുണ്ടെന്ന പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് താമരശ്ശേരി രൂപതയുടെ പുസ്തകത്തെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നത്.