ന്യൂദല്‍ഹി: സലഫി പ്രഭാഷകന്‍ സാക്കിര്‍ നായിക് മലേഷ്യയില്‍ നിന്നും ഇന്ത്യയിലേക്ക് തിരിച്ചുവരുന്നുവെന്ന് റിപ്പോര്‍ട്ട്.
“അദ്ദേഹം ഇന്ന് രാത്രി ഇവിടെ നിന്നും തിരിക്കും. ഇന്ന് രാത്രി ഇന്ത്യയിലേക്കുള്ള വിമാനം കയറുമെന്നാണ് എന്റെ വിശ്വാസം.” മലേഷ്യന്‍ സര്‍ക്കാര്‍ ഉറവിടങ്ങളില്‍ നിന്നു വിവരം ലഭിച്ചതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ടു ചെയ്യുന്നു.
അതേസമയം, റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവുമാണെന്ന് സാക്കിര്‍ നായിക് പറഞ്ഞു. ” അന്യായമായ വിചാരണ നേരിടേണ്ടിവരുമെന്ന് തോന്നുന്നിടത്തോളം കാലം എനിക്ക് ഇന്ത്യയിലേക്ക് വരാനുള്ള പദ്ധതിയില്ല. സര്‍ക്കാര്‍ നീതിയുക്തമായി പെരുമാറുമെന്ന് എനിക്ക് തോന്നുമ്പോള്‍ തീര്‍ച്ചയായും ഞാന്‍ സ്വദേശത്തേക്ക് തിരിച്ചുവരും.” നായിക് പറഞ്ഞു.
2016ല്‍ ഇന്ത്യവിട്ട സാക്കിര്‍ നായിക് അതിനുശേഷം മലേഷ്യയിലെ പുത്രജയയിലായിരുന്നു. അദ്ദേഹത്തിന് അവിടെ സ്ഥിരവാസത്തിനുള്ള അനുമതി ലഭിക്കുകയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും നല്ല സ്വീകരണം ലഭിക്കുകയും ചെയ്തിരുന്നു.
Also Read:ദല്‍ഹിയിലെ അധികാരത്തര്‍ക്കം; കെജ്‌രിവാളിനു വിജയം; സംസ്ഥാന സര്‍ക്കാര്‍ തന്നെ ഭരണാധികാരി
എന്‍.ഐ.എ അന്വേഷിക്കുന്ന കേസുകളില്‍ പിടികിട്ടാപ്പുള്ളിയായ ഇദ്ദേഹത്തെ കൈമാറണമെന്ന് ഇന്ത്യന്‍ അന്വേഷണ സംഘം മലേഷ്യയോട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് നല്‍കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് മലേഷ്യ ചൂണ്ടിക്കാട്ടിയത്. “റോ പോലുള്ള ഇന്ത്യന്‍ അതോറിറ്റികളുമായി ഞങ്ങള്‍ നടത്തിയ സംഭാഷണത്തില്‍ ഞങ്ങളാവശ്യപ്പെട്ടത് ഒരു ഇന്റര്‍പോള്‍ നോട്ടീസ് നല്‍കാനാണ്. അതു കിട്ടിയാല്‍ ഞങ്ങള്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്യും. എന്നാല്‍ അവര്‍ അത് നല്‍കിയിട്ടില്ല.” എന്നാണ് മലേഷ്യന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഇന്ത്യയുമായുള്ള ആലോചനകളുടെ ഭാഗമായാണോ സാക്കിര്‍ നായിക് തിരിച്ചുവരുന്നത് എന്ന കാര്യം മലേഷ്യന്‍ പൊലീസ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.
“പൊതുപ്രഭാഷണങ്ങളിലൂടെയും ക്ലാസുകളിലൂടെയും സാക്കിര്‍ നായിക് വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്താന്‍ ശ്രമിക്കുന്നു” എന്ന കുറ്റമാണ് സാക്കിര്‍ നായിക്കിനെതിരെ എന്‍.ഐ.എ ചുമത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ സംപ്രേഷണം ചെയ്യുന്ന പീസ് ടി.വിയെന്ന ചാനല്‍ ബംഗ്ലാദേശ് നിരോധിച്ചിരുന്നു. 22 പേരുടെ മരണത്തിന് ഇടയാക്കിയ ധാക്ക തീവ്രവാദി ആക്രമണത്തിലെ പ്രതികള്‍ അദ്ദേഹത്താല്‍ സ്വാധീനിക്കപ്പെട്ടിരുന്നുവെന്ന് മൊഴി നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഇത്.