| Saturday, 11th November 2023, 3:30 pm

വിവാദ പോസ്റ്റർ പിൻവലിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്; പരിപാടി നിശ്ചയിച്ച പ്രകാരം നടക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിവാദമായതോടെ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാർഷികവുമായി ബന്ധപ്പെട്ട നോട്ടീസ് പിൻവലിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്.

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 87-ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി സംസ്‌കാരിക പുരാവസ്തു വകുപ്പ് പുറത്തിറക്കിയ പോസ്റ്ററായിരുന്നു നേരത്തെ വിവാദങ്ങൾക്ക് തുടക്കമിട്ടത്.

തിരുവിതാംകൂർ രാജകുടുംബത്തെ പ്രകീർത്തിക്കുകയും ഗൗരി പാർവതി തമ്പുരാട്ടിയെയും ഗൗരി ലക്ഷ്മി തമ്പുരാട്ടിയെയും ഹിസ് ഹൈനസ് എന്നുമാണ് പോസ്റ്ററിൽ വിശേഷിപ്പിച്ചിരിക്കുന്നത്.

നോട്ടീസിൽ തെറ്റുണ്ടെങ്കിൽ തിരുത്തുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ തൃശൂരിൽ വച്ച് പറഞ്ഞിരുന്നു.
അതേസമയം പരിപാടി നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നും തിരുവിതാംകൂർ കുടുംബാംഗങ്ങൾ തന്നെ പരിപാടിയിൽ പങ്കെടുക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു. പോസ്റ്റർ പൂർണമായും പിൻവലിക്കുകയാണെന്ന് അവർ അറിയിച്ചു.

ക്ഷേത്രപ്രവേശന വിളംബരം സ്ഥാപിതമായ ഗ്രന്ഥശാല സനാതന ധർമം ഹിന്ദുക്കളെ ഉത്‌ബോധിപ്പിക്കുക എന്ന രാജകല്പനയുടെ സ്മാരകമാണെന്നും പോസ്റ്ററിൽ പറയുന്നുണ്ടായിരുന്നു.

ജനക്ഷേമകരമായ അനേകം പ്രവർത്തനങ്ങൾകൊണ്ടും ലളിതമധുരമായ സ്വഭാവവൈശിഷ്ട്യംകൊണ്ടും മഹാജനങ്ങളുടെ സ്നേഹബഹുമാനാദികൾക്ക് പാത്രീഭവിച്ച തിരുവിതാംകൂർ രാജ്ഞിമാരായ എച്ച്.എച്ച്. പൂയം തിരുനാൾ ഗൗരീപാർവ്വതീഭായി തമ്പുരാട്ടിയും എച്ച്.എച്ച്. അശ്വതി തിരുനാൾ ഗൗരീലക്ഷ്മീഭായി തമ്പുരാട്ടിയും ഈ മഹനീയ സംരംഭത്തിന് ഭദ്രദീപം തെളിയിച്ച് മഹാരാജാവിന്റെ പ്രതിമയ്ക്കുമുമ്പിൽ പുഷ്പാർച്ചന നടത്തുമെന്നാണ് നോട്ടീസിൽ പറയുന്നത്.

സർക്കാർ നടത്തുന്ന ഒരു പരിപാടിക്ക് ഇത്തരമൊരു പോസ്റ്റർ തയ്യാറാക്കപ്പെട്ടതിന് വൻ വിമർശനങ്ങൾ ഉയർന്നിരുന്നു.

Content Highlight: Controversial poster withdrawn by Thiruvithamkoor Devaswom board

We use cookies to give you the best possible experience. Learn more