ജോഡോ യാത്രയും കോൺഗ്രസിൻ്റെ 'മാതൃകാപരമായ' ഫണ്ട് പിരിവും | D Kerala
ഡൂള്‍ന്യൂസ് ഡെസ്‌ക്

കോണ്‍ഗ്രസ് നേതാവ് കടയില്‍ കയറി വരുന്നു പിരിവ് ചോദിക്കുന്നു, വ്യാപാരി 500 രൂപ കൊടുക്കുന്നു.. ഇത് കണ്ട് ക്ഷുഭിതനായ നേതാവ് പറയുന്നു 2000 എടുക്കാന്‍, ഇല്ലെന്ന് വ്യാപാരി പറയുന്നു, നീ കൂടുതല്‍ ഒണ്ടാക്കല്ലെയെന്ന് പറഞ്ഞ് നേതാവ് കടയിലെ സാധനങ്ങള്‍ വലിച്ചെറിയുന്നു, വ്യാപാരിയെ ഭീഷണിപ്പെടിത്തുന്നു പോകുന്നു.

ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവിന്റെ പിരിവിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്കുള്ള ഫണ്ട് പിരിവിനിടെയായിരുന്നു അക്രമം. കുന്നിക്കോട്ടെ പച്ചക്കറി വ്യാപാരി അനസിനെയാണ് സംഭാവന കുറഞ്ഞുപോയെന്ന പേരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആക്രമിച്ചത്.

രണ്ടായിരം രൂപ കോണ്‍ഗ്രസ് നേതാക്കള്‍ രസീത് എഴുതി. അഞ്ഞൂറ് രൂപ മാത്രമേ തരാന്‍ കഴിയൂ എന്ന് പറഞ്ഞതോടെ പ്രകോപിതരായി സാധനങ്ങള്‍ വലിച്ചെറിയുകയായിരുന്നെന്നും അനസ് പറഞ്ഞു.

‘ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് ഒരു സംഘം കോണ്‍ഗ്രസുകാര്‍ കടയില്‍ വന്നു. 500 രൂപ പിരിവുകൊടുത്തപ്പോള്‍ പറ്റില്ലെന്ന് പറഞ്ഞു. രണ്ടായിരം രൂപ നിര്‍ബന്ധമായും വേണമെന്ന് പറഞ്ഞു. കടയില്‍ അക്രമമുണ്ടാക്കി. ത്രാസ് അടിച്ചുപൊട്ടിച്ചു. സ്റ്റാഫിനെ മര്‍ദിച്ചു. പച്ചക്കറി വാങ്ങാനെത്തിയ സ്ത്രീകളെ അസഭ്യം പറഞ്ഞു. സാധനങ്ങള്‍ വാരിയെറിഞ്ഞ് നാശനഷ്ടമുണ്ടാക്കി. സഹിക്കാന്‍ പറ്റാത്ത ആക്രമണമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നുമുണ്ടായത്. കുന്നിക്കോട് ഷാമിയാസ് വെഡ്ഡിങ്ങിന്റെ ഉടമസ്ഥന്‍ ഷമീറാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്.’എന്നാണ് അനസ് പറഞ്ഞത്

സംസ്ഥാനത്ത് 19 ദിവസം നീണ്ടുനില്‍ക്കുന്ന ഭാരത് ജോഡാ യാത്രക്ക് ഗതാഗതം, ഭക്ഷണം, താമസസൗകര്യം, മറ്റ് ചെലവുകള്‍ ഉള്‍പ്പെടെ ഭാരിച്ച ചെലവാണ് കെ.പി.സി.സിക്ക് മേല്‍ വരിക. ഭാരത് ജോഡോ യാത്രക്ക് എത്ര രൂപ ചെലവ് വരുമെന്നതില്‍ നേതാക്കളൊന്നും തന്നെ പുറത്ത് വിട്ടിട്ടില്ല.

എന്നാല്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായും അടുത്ത വൃത്തങ്ങള്‍ പറയുന്നത് അഞ്ച് കോടി രൂപയോളം ആകെ ചെലവ് വരുമെന്നാണ്. എട്ട് ജില്ലകളിലെ ഓരോ ബൂത്ത് കമ്മിറ്റിക്കും 50,000 രൂപയുടെ കൂപ്പണുകളാണ് പ്രാദേശിക ചെലവുകള്‍ കണ്ടെത്തുന്നതിനായി നല്‍കിയിരിക്കുന്നത്.

അതേസമയം, പിരിവ് നല്‍കാത്തതിന് കൊല്ലത്ത് വ്യാപാരിയെ ആക്രമിച്ച നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് നടപടി. യുത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അടക്കം മൂന്ന് പേരെയാണ് കോണ്‍ഗ്രസ് നേതൃത്വം സസ്‌പെന്‍ഡ് ചെയ്തത്.

കൊല്ലത്തെ വിളക്കുടി വെസ്റ്റ് മണ്ഡലം പ്രസിഡന്റ് സലീം സൈനുദ്ദീന്‍, ഡി സി സി അംഗം കുന്നിക്കോട് ഷാജഹാന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എച്ച്. അനീഷ് ഖാന്‍ എന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.

ഇത്തരം നടപടികള്‍ കോണ്‍ഗ്രസില്‍ അംഗീകരിക്കാനാകില്ലെന്നും അവര്‍ കോണ്‍ഗ്രസ് ആശയങ്ങള്‍ക്ക് എതിരായാണ് പ്രവര്‍ത്തിച്ചതെന്നുമാണ് സംഭവത്തില്‍ നടപടി എടുത്തുകൊണ്ട് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞത്.

എന്തായാലും, സസ്പെന്‍ഷനിലായ കോണ്‍ഗ്രസ് നേതാക്കളുടെ മാതൃകാപരമായ പിരിവിന്റെ ചില ഭാഗങള്‍ നമുക്കൊന്ന് കാണാം…

Content Highlight: Controversial Fund Collection of congress leaders for Bharat Jodo yatra