കൊല്‍ക്കത്ത: ബി.ജെ.പി ദേശീയ സെക്രട്ടറിയായി ചുമതലയേറ്റതിന് തൊട്ടു പിന്നാലെ ദേശീയ മാധ്യമങ്ങളിലുള്‍പ്പെടെ വിവാദ പരാമര്‍ശത്തിന്റെ പേരിലാണ് അനുപം ഹസ്ര ഇടംപിടിക്കുന്നത്. തനിക്ക് കൊവിഡ് പിടിപെടുകയാണെങ്കില്‍ നേരെ പോയി മമത ബാനര്‍ജിയെ കെട്ടിപിടിക്കുമെന്നായിരുന്ന അനുപം ഹസ്രയുടെ വിവാദ പരാമര്‍ശം.
ഇതാദ്യമായല്ല അനുപം ഹസ്ര വിവാദ പ്രസ്താവനനടത്തി കുപ്രസിദ്ധി നേടുന്നത്.തൃണമൂല്‍ കോണ്‍ഗ്രസിനോടൊപ്പം പ്രവര്‍ത്തിക്കുന്ന സമയത്ത് വിവാദ പരാമര്‍ശങ്ങള്‍കൊണ്ട് മമത ബാനര്‍ജിയ്ക്ക് സ്ഥിരം തലവേദനയായ ആളാണ് ഇപ്പോഴത്തെ ബി.ജെ.പിയുടെ മുന്‍നിര നേതാക്കളിലൊരാളായ അനുപം ഹസ്ര.
2018ല്‍ വിവാദപരാമര്‍ശങ്ങള്‍ക്ക് പിന്നാലെ ഹസ്രയ്ക്ക് ഫേസ്ബുക്ക് അക്കൗണ്ട് ഉള്‍പ്പെടെ ഡീആക്റ്റിവേറ്റ് ചെയ്യേണ്ടിയും വന്നിരുന്നു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു, മഹാത്മ ഗാന്ധി തുടങ്ങിയവരെക്കുറിച്ചും ഇയാള്‍ മോശമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. മഹാത്മഗാന്ധിയെ രാഷ്ട്രപിതാവായി അംഗീകരിക്കുന്നതില്‍ തനിക്ക് എതിര്‍പ്പുണ്ടെന്നായിരുന്നു 2018ല്‍ അനുപം ഹസ്ര ഫേസ്ബുക്കില്‍ കുറിച്ചത്.
സുഭാഷ് ചന്ദ്രബോസുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു ഹസ്രയുടെ ഫേസ്ബുക്ക് പോസ്റ്റ്. ‘ഗാന്ധിയും നെഹ്‌റുവും കൂടി സുഭാഷ് ചന്ദ്രബോസിനെ ഇരയാക്കിയിരുന്നില്ലെങ്കില്‍ അദ്ദേഹത്തിന് രാഷ്ട്രപിതാവിന്റെ പദവി ലഭിക്കുമായിരുന്നു’എന്നാണ് ഹസ്ര അന്ന് ഫേസ്ബുക്കില്‍ കുറിച്ചത്.
ഇതിന് പിന്നാലെ അന്ന് തൃണമൂല്‍ നേതാവായിരുന്ന ഹസ്രയ്ക്ക് പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസുമയച്ചിരുന്നു. നിരന്തരം പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഹസ്രയുടെ ഭാഗത്തു നിന്ന് ഉണ്ടായ പശ്ചാത്തലത്തിലാണ് നടപടിയെന്നായിരുന്നു അന്ന് വിഷയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചത്. ഇതിന് പിന്നാലെ തന്റെ ഫേസ്ബുക്ക് പോസ്റ്റ് പാര്‍ട്ടിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയതിനാല്‍ അക്കൗണ്ട് ഡീആക്റ്റിവേറ്റ് ചെയ്യുന്നുവെന്നായിരുന്നു അനുപം ഹസ്ര പ്രതികരിച്ചത്.
2019ന്റെ തുടക്കത്തിലായിരുന്നു പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് അദ്ദേഹത്തെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുന്നത്.
ഞായറാഴ്ച ഉച്ചയ്ക്ക് പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ പങ്കെടുത്ത ശേഷം സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബറൂയിപൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു മമതയ്‌ക്കെതിരെ പരാമര്‍ശം നടത്തിയത്. കൊവിഡ് വന്നാല്‍ മമതയെ പോയികെട്ടിപ്പിടിക്കുമെന്നായിരുന്നു ഹസ്രയുടെ വിവാദ പ്രസ്താവന. വിവാദ പരാമര്‍ശത്തില്‍ ഹസ്രയ്‌ക്കെതിരെ പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Controversial BJP leader Anupam Hasra’s Controversial statement