കഴിഞ്ഞ ദിവസമായിരുന്നു വിരാട് കോഹ്‌ലി ഏഷ്യാ കപ്പില്‍ താന്‍ റണ്ണടിച്ചുകൂട്ടാന്‍ പോവുന്ന ബാറ്റ് അവതരിപ്പിച്ചത്. നിലവില്‍ ഇംഗ്ലീഷ് വില്ലോ ഉപയോഗിച്ചുള്ള എം.ആര്‍.എഫ് ജീനിയസ് ബാറ്റാണ് അദ്ദേഹം ഉപയോഗിക്കുന്നത്, എന്നാല്‍ ഏഷ്യാ കപ്പിനായി അദ്ദേഹം പ്രത്യേക ഗോള്‍ഡ് വിസാര്‍ഡ് നിലവാരമുള്ള ലിമിറ്റഡ് എഡിഷന്‍ ബാറ്റാണ് ഉപയോഗിക്കാന്‍ ഒരുങ്ങുന്നത്.
ടോപ് ഗ്രേഡ് എ വില്ലോ ഉപയോഗിച്ച് നിര്‍മിച്ച ബാറ്റിന് ഏകദേശം 22,000 രൂപയോളമാണ് വില.
പുതിയ ബാറ്റ് അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ വിരാടും അദ്ദേഹത്തിന്റെ ബാറ്റും ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയമായി മാറുകയും ചെയ്തിരുന്നു.
കസ്റ്റമൈസ്ഡ് ബാറ്റുകള്‍ ക്രിക്കറ്റ് ലോകത്ത് സാധാരണമാണ്. എന്നാല്‍ പല കസ്റ്റമൈസ്ഡ് ബാറ്റുകളും ക്രിക്കറ്റ് ലോകത്ത് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ബാറ്റിന്റെ രൂപകല്‍പനയും, സാധാരണ ബാറ്റില്‍ നിന്നും ഇത്തരം ബാറ്റുകള്‍ക്ക് വരുത്തിയ മാറ്റങ്ങളുമായിരുന്നു വിവാദമായത്. അത്തരത്തില്‍ ക്രിക്കറ്റില്‍ വിവാദമായ കസ്റ്റമൈസ്ഡ് ബാറ്റുകളെ കുറിച്ചാണ് ഇനി സംസാരിക്കുന്നത്.
ഗോള്‍ഡന്‍ ബാറ്റ് – ക്രിസ് ഗെയ്ല്‍
അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിരാട് കോഹ്‌ലിക്ക് മുമ്പ് തന്നെ ഗോള്‍ഡന്‍ ബാറ്റ് അവതരിപ്പിച്ച താരമായിരുന്നു വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ്റ്റ്ഫര്‍ ഹെന്റി ഗെയ്ല്‍ എന്ന ക്രിസ് ഗെയ്ല്‍. ബി.ബി.എല്ലിന്റെ 2015 എഡിഷനിലായിരുന്നു താരം ഗോള്‍ഡന്‍ ബാറ്റ് അവതരിപ്പിച്ചത്.
ഇന്ത്യന്‍ ബാറ്റ് നിര്‍മാതാക്കളായ സ്പര്‍ട്ടാന്‍സായിരുന്നു ഗെയ്‌ലിനായി ആ ബാറ്റ് നിര്‍മിച്ചത്. 2015 ബി.ബി.എല്ലില്‍ മെല്‍ബണ്‍ റെനഗെഡ്‌സിന് വേണ്ടിയായിരുന്നു ഗെയ്ല്‍ ആ ബാറ്റുമായി രംഗത്തെത്തിയത്. ആ മത്സരത്തില്‍ താരം തിളങ്ങുകയും ചെയ്തിരുന്നു.
എന്നാല്‍ അടുത്ത മത്സരം മുതല്‍ താരം തന്റെ പഴയ ബാറ്റിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. ക്രിക്കറ്റ് ഓസ്‌ട്രേലിയ ആ ബാറ്റ് വിലക്കിയതിന് പിന്നാലെയായിരുന്നു ഗെയ്ല്‍ പഴയ ബാറ്റിലേക്ക് മടങ്ങിയത്.
ഗെയ്‌ലിന്റെ ബാറ്റില്‍ മെറ്റല്‍ ഉപയോഗിച്ചിട്ടുണ്ടെന്നായിരുന്നു മത്സരത്തിന് പിന്നാലെ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ക്രിസ് ഗെയ്‌ലിനെ ആ ബാറ്റ് ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കിയത്. എന്നാല്‍ ബാറ്റില്‍ യാതൊരു വിദത്തിലുള്ള മെറ്റലും തങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്ന് ബാറ്റിന്റെ നിര്‍മാതാക്കളായ സ്പര്‍ട്ടാന്‍സ് വ്യക്തമാക്കിയരുന്നു.
ബ്ലാക്ക് വില്ലോ – ആന്ദ്രേ റസല്‍
വിവാദമായ അടുത്ത ബാറ്റും ഒരു കരീബിയന്‍ താരത്തിന്റേത് തന്നെയാണ്. വിന്‍ഡീസ് ഓള്‍ റൗണ്ടര്‍ ആന്ദ്രേ റസലായിരുന്നു ആ വിവാദ ബാറ്റിന്റെ ഉടമ. ആ ബാറ്റ് അവതരിപ്പിച്ചതാകട്ടെ 2016-17 ബി.ബി.എല്ലിലും. വിന്‍ഡീസ് ടീമിലെ തന്നെ ക്രിസ് ഗെയ്ല്‍ ഗോള്‍ഡന്‍ ബാറ്റ് അവതരിപ്പിച്ച് വിവാദത്തിലായത് തൊട്ടുമുമ്പത്തെ സീസണിലായിരുന്നു എന്നതായിരുന്നു ഏറ്റവും വലിയ പ്രത്യേകത.
ബാറ്റുമായി റസല്‍ ക്രീസിലെത്തിയപ്പോള്‍ എല്ലാവരും അമ്പരന്നിരുന്നു. കറുത്ത വില്ലോയും പിങ്ക് പിടിയുമുള്ള ബാറ്റായിരുന്നു താരം ഉപയോഗിച്ചത്. റസല്‍ ക്രീസിലെത്തിയ നിമിഷം തന്നെ വിവാദങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ ആ ബാറ്റ് ഉപയോഗിക്കാനുള്ള അനുവാദം റസല്‍ നേരത്തെ തന്നെ ക്രിക്കറ്റ് ഓസ്‌ട്രേലിയയില്‍ നിന്നും സ്വന്തമാക്കിയിരുന്നു.
എന്നാല്‍ ഗെയ്‌ലിന്റെ ബാറ്റുപോലെ തന്നെ വണ്‍ ടൈം വണ്ടറാവാനായിരുന്നു റസലിന്റെ ബാറ്റിന്റെ വിധിയും. നേരത്തെ ബാറ്റ് ഉപയോഗിക്കാന്‍ അനുവാദം നല്‍കിയ അതേ ക്രിക്കറ്റ് ഓസ്‌ട്രേലിയ തന്നെയായിരുന്നു ബാറ്റ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതും.
ബാറ്റിന്റെ ബ്ലാക്ക് വില്ലോ കാരണം പന്തിന്റെ നിറത്തില്‍ മാറ്റം വരുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ക്രിക്കറ്റ് ഓസ്‌ട്രേലിയ ബാറ്റിന് വിലക്കേര്‍പ്പെടുത്തിയത്. ഇതോടെ ടൂര്‍ണമെന്റിലെ ബാക്കി മത്സരങ്ങള്‍ക്ക് താരത്തിന് പഴയ ബാറ്റിലേക്ക് മടങ്ങേണ്ടതായും വന്നു.
മങ്കൂസ് ബാറ്റ് – മാത്യു ഹെയ്ഡന്‍
ബാറ്റ് നിര്‍മാണത്തില്‍ റെവല്യൂഷനാകുമെന്ന് എല്ലാവരും ഒരുപോലെ പ്രതീക്ഷിച്ച ഐറ്റം, അതായിരുന്നു 2013 ഐ.പി.എല്ലില്‍ മാത്യു ഹെയ്ഡന്‍ അവതരിപ്പിച്ച മങ്കൂസ് ബാറ്റ്. നീളമേറിയ പിടിയും ചെറിയ വില്ലോയുമുള്ള ആ ബാറ്റ് നിമിഷനേരം കൊണ്ട് തന്നെ ശ്രദ്ധയാകര്‍ഷിച്ചു.
ആക്രമണോത്സുക ബാറ്റിങ്ങിന് ഇത്ത്രതോളം ലീത്തലായ ഒരു വെപ്പണ്‍ വേറെ കാണില്ല. ബാറ്റിന്റെ നീളമേറിയ പിടി കാരണം കൂറ്റനടികള്‍ പോലും അനായാസം കളിക്കാന്‍ ബാറ്ററിന് സാധിച്ചു.
ഇത് അടിവരയിട്ടുറപ്പിക്കുന്ന പ്രകടനമായിരുന്നു ഹെയ്ഡന്‍ ദല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ പുറത്തെടുത്തതും. 43 പന്തില്‍ നിന്നും ഒമ്പത് ഫോറും ഏഴ് സിക്‌സറും സഹിതം 93 റണ്‍സാണ് തന്റെ ‘കീരിക്കൊപ്പം’ അടിച്ചു നേടിയത്.
എന്നാല്‍ ഈ ബാറ്റ് ഉപയോഗിക്കുന്നതിന്റെ നിയമസാധുത പലരും ചോദ്യം ചെയ്തിരുന്നു. അതേസമയം തന്നെ ബംഗ്ലാദേശ് താരം മുഹമ്മദ് അഷ്‌റഫുള്‍, സുരേഷ് റെയ്‌ന എന്നിവര്‍ മങ്കൂസിനെ പിന്തുണച്ചിരുന്നു.
ഹെയ്ഡന് പിന്നാലെ റെയ്‌നയും മങ്കൂസ് ബാറ്റ് ഉപയോഗിച്ച് റണ്ണടിച്ചുകൂട്ടിയിരുന്നു. എന്നാല്‍ മങ്കൂസ് ഉപയോഗിച്ച് ഡിഫന്‍സ് കളിക്കുന്നത് ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് അദ്ദേഹം ട്രഡീഷണല്‍ ബാറ്റിലേക്ക് മാറുകയും ചെയ്തിരുന്നു.
അലുമിനിയം ബാറ്റ് – ഡെന്നീസ് ലില്ലി
ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ഡെന്നീസ് ലില്ലി ക്രിക്കറ്റ് ലോകത്തെ തന്നെ ഞെട്ടിച്ചത് തന്റെ പുതിയ ബാറ്റിലൂടെയായിരുന്നു. അലുമിനിയം ബാറ്റുമായിട്ടായിരുന്നു 1979ല്‍ പെര്‍ത്തില്‍ നടന്ന ആഷസിലെ ആദ്യ ടെസ്റ്റില്‍ അദ്ദേഹം കളിക്കാനിറങ്ങിയത്. 12 ദിവസം മുമ്പ് വിന്‍ഡീസിനെതിരെ നടന്ന മത്സരത്തിലും ലില്ലി അലുമിയം ബാറ്റ് ഉപയോഗിച്ചിരുന്നു.
ആഷസില്‍, രണ്ടാം ദിവസത്തിലെ ആദ്യ സെഷനിലെ നാലാം പന്തില്‍ ഇയാന്‍ ബോഥമിനെതിരെ ലില്ലി ഒരു സ്‌ട്രെയ്റ്റ് ഷോട്ട് കളിച്ചിരുന്നു. മൂന്ന് റണ്‍സാണ് താരം ഓടിയെടുത്തത്. എന്നാല്‍ ഇതില്‍ അന്നത്തെ ഓസീസ് ക്യാപ്റ്റന്‍ ഗ്രെഗ് ചാപ്പല്‍ തൃപ്തനായിരുന്നില്ല. സാധാരണ ബാറ്റ് ആയിരുന്നുവെങ്കില്‍ അത് ബൗണ്ടറിയാകുമായിരുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഇതിന് പിന്നാലെ പന്ത്രണ്ടാമനായ റോഡ്‌നി ഹോഗിനോട് ലില്ലിക്ക് സാധാരണ ബാറ്റ് നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ലില്ലി അത് വകവെക്കാതെ അലുമിനിയം ബാറ്റ് ഉപയോഗിച്ച് ബാറ്റിങ് തുടര്‍ന്നു.
ലില്ലിയുടെ ബാറ്റ് കാരണം പന്തിന് കേടുപറ്റുന്നു എന്ന് ഇംഗ്ലണ്ട് നായകനും അമ്പയര്‍മാരെ അറിയിച്ചിരുന്നു. ഒടുവില്‍ ചാപ്പല്‍ തന്നെ ഗ്രൗണ്ടില്‍ നേരിട്ടെത്തി ലില്ലിക്ക് സാധാരണ ബാറ്റ് നല്‍കുകയായിരുന്നു. എന്നാല്‍ ഇത് ഇഷ്ടപ്പെടാതിരുന്ന ലില്ലി അലുമിനിയം ബാറ്റ് വലിച്ചെറിഞ്ഞായിരുന്നു പ്രതിഷേധിച്ചത്. തുടര്‍ന്ന് അദ്ദേഹം സാധാരണ ബാറ്റ് ഉപയോഗിച്ച് ഇന്നിങ്‌സ് പൂര്‍ത്തിയാക്കുകയും ചെയ്തു.
മോണ്‍സ്റ്റര്‍ ബാറ്റ് ഓഫ് 1771 – Unknown
ക്രിക്കറ്റില്‍ ബാറ്റിന്റെ പേരില്‍ നടക്കുന്ന ആദ്യ വിവാദമായിരുന്നു 1771ലെ മോണ്‍സ്റ്റര്‍ ബാറ്റ് സംഭവം. ഈ സംഭവത്തിന് പിന്നാലെയാണ് ക്രിക്കറ്റ് ബാറ്റിന്റെ വീതിയെ സംബന്ധിച്ചുള്ള നിയമങ്ങളില്‍ മാറ്റം വരുത്താന്‍ ഇടയായത്.
1771ലെ ഒരു മത്സരത്തില്‍ വലിയ ബാറ്റുമായി ക്രീസിലെത്തിയായിരുന്നു ബാറ്റര്‍ എതിരാളികളെ ഒന്നടങ്കം ഞെട്ടിച്ചത്. മൂന്ന് സ്റ്റമ്പും കവര്‍ ചെയ്യാന്‍ പോന്ന വലിപ്പത്തിലായിരുന്നു ബാറ്റിന്റെ ഡിസൈന്‍. ഇതിനാല്‍ തന്നെ ബൗളര്‍മാര്‍ക്ക് ഇയാളെ ബൗള്‍ഡാക്കുന്നത് അസംഭവ്യവുമായിരുന്നു.
എന്നാല്‍ എതിര്‍ ടീം ക്യാപ്റ്റന്റെ നേതൃത്വത്തില്‍ ടീം ഒന്നാകെ ബാറ്റിനെതിരെ രംഗത്തുവന്നു. അതിനുപിന്നാലെ ഈ ബാറ്റ് വിലക്കണമെന്നാവശ്യപ്പെട്ട് അവര്‍ ഒരു പെറ്റീഷനും സമര്‍പ്പിച്ചു. ഈ പെറ്റീഷന്റെ അടിസ്ഥാനത്തിലാണ് ബാറ്റിന്റെ വീതി പരമാവധി നാലേകാല്‍ ഇഞ്ചായി കുറക്കാന്‍ തീരുമാനമായത്.
Content Highlight: Controversial bats in Cricket