|

കാലിക്കറ്റ് സര്‍വകലാശാലയിലെ വിവാദമായ സലഫി പാഠപുസ്തകം പിന്‍വലിക്കാന്‍ തീരുമാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്


വൈസ് ചാന്‍സലര്‍ കെ. മുഹമ്മദ് ബഷീറാണ് പുസ്തകം പിന്‍വലിക്കാനുള്ള തീരുമാനമെടുത്തത്. പുസ്തകം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് വൈസ്ചാന്‍സലര്‍ക്ക് നിവേദനം നല്‍കിയിരുന്നു. 


കോഴിക്കോട്: അസഹിഷ്ണുതാ പരാമര്‍ശങ്ങള്‍ നിറഞ്ഞ കാലിക്കറ്റ് സര്‍വകലാശാലയിലെ ബി.എ അഫ്‌സലുല്‍ ഉലമ പാഠപുസ്തകം കിതാബുത്തൗഹീദ് പിന്‍വലിക്കാന്‍ തീരുമാനം.

വൈസ് ചാന്‍സലര്‍ കെ. മുഹമ്മദ് ബഷീറാണ് പുസ്തകം പിന്‍വലിക്കാനുള്ള തീരുമാനമെടുത്തത്. പുസ്തകം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് വൈസ്ചാന്‍സലര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ശനിയാഴ്ച സര്‍വകലാശാലയിലേക്ക് എസ്.എസ്.എഫ് മാര്‍ച്ചും പ്രഖ്യാപിച്ചിരുന്നു.

സലഫികളല്ലാത്തവരെല്ലാം മുശ്‌രിക്കുകളാണെന്നും (ദൈവത്തില്‍ പങ്കു ചേര്‍ക്കുന്നവര്‍) ജാറം (ഖബര്‍) സന്ദര്‍ശിക്കുന്നവരെ കൊല്ലാന്‍ പ്രവാചകന്‍ അനുവദിച്ചിട്ടുണ്ടെന്നതടക്കമുള്ള പരാമര്‍ശങ്ങളാണ് പുസ്തകത്തിലുണ്ടായിരുന്നത്. സൗദിയിലെ സലഫി പണ്ഡിതനായ മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍ ഉസൈമീന്റെ ഈ പുസ്തകം സംഗ്രഹിച്ചിരിക്കുന്നത് സലഫി പണ്ഡിതനായ കോയക്കുട്ടി ഫാറൂഖിയാണ്.

പ്രവാചകന്റെ പേരിലും ഖുര്‍ആന്റെ പേരിലും വളരെ ദൂരവ്യപകമായ അപകടങ്ങള്‍ സൃഷ്ടിക്കുന്ന ആശയങ്ങളാണ് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് മുസ്‌ലിം സമൂഹത്തിനകത്ത് തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

പ്രതിരോധത്തിന്റെ ഭാഗമായി മാത്രമേ മതത്തില്‍ യുദ്ധത്തിന് അനുമതിയുള്ളൂ എന്ന് മുസ്‌ലിം ലോകം വിശ്വസിക്കുന്നിടത്താണ് അത്യന്തം അപകടകരമായ ആശയങ്ങളുള്ള പുസ്തകം കോളേജുകളില്‍ പഠിപ്പിക്കാനെത്തിയത്.

1997ല്‍ വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ച പുസ്തകമാണ് വീണ്ടും ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി മുഹമ്മദലി കിനാലൂര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞിരുന്നു. കഴിഞ്ഞ മൂന്നുമാസമായി പാഠപുസ്തകം യൂണിവേഴ്‌സിറ്റി കോളജുകളില്‍ പഠിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നിയമിച്ച വഹാബി സ്വാധീനമുള്ള ബോര്‍ഡ് ഓഫ് സ്റ്റഡീസാണ് പുസ്തകം വീണ്ടും ഉള്‍പ്പെടുത്തിയതെന്ന് എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് എന്‍.വി അബ്ദുറസാഖ് സഖാഫി പറഞ്ഞിരുന്നു.

Latest Stories

Video Stories