| Friday, 4th November 2016, 10:24 pm

അഫ്‌സലുല്‍ ഉലമക്ക് പഠിക്കുന്ന ടിന്റു എന്ന പെണ്‍കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കിതാബ് തൗഹീദിനു പകരം സുന്നി ആശയങ്ങള്‍ക്ക് പ്രാമുഖ്യമുള്ള ഒരു പുസ്തകം പകരം വെച്ച് പരിഹരിക്കാവുന്ന പ്രശ്‌നവുമല്ല ഇത്. പകരം സുന്നി പുസ്തകം എന്നതാണ് പുസ്തകത്തിനെതിരെ സമരം പ്രഖ്യാപിച്ച സുന്നി വിദ്യാര്‍ഥികളുടെ സംഘടനകളുടെ നിലപാടെങ്കില്‍ നാട്ടിന്‍പുറത്ത് വഹാബിസം പ്രചരിപ്പിക്കാനിറങ്ങിയ പഴയ അറബി മുന്‍ഷിമാരുടെ പുതിയ പതിപ്പുകള്‍ എന്നേ അവരെക്കുറിച്ചും കരുത്തേണ്ടതുള്ളൂ. പകരം കേരളത്തിലെ അറബി ഭാഷാ പഠനം അടിമുടി മാറ്റിയെഴുതാന്‍ കഴിയും വിധത്തിലുള്ള, ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുന്ന ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ ഈ വിവാദങ്ങള്‍ക്കു കഴിയട്ടെ.



സ്‌കൂള്‍ പഠനകാലത്ത് എന്റെ പെങ്ങള്‍ക്ക് ടിന്റു എന്നു പേരുള്ള ഒരു കൂട്ടുകാരിയുണ്ടായിരുന്നു. അച്ഛന്റെ കോഴിക്കോടേക്കുള്ള സ്ഥലം മാറ്റമാണ് തിരുവിതാംകൂര്‍ സ്വദേശികളായ ടിന്റുവിന്റെ കുടുംബത്തെ ഞങ്ങളുടെ നാട്ടില്‍ എത്തിച്ചത്. സ്‌കൂളില്‍ അവളുടെ അടുത്ത കൂട്ടുകാരി പെങ്ങളായിരുന്നു. ആ സൗഹൃദമാണ് അവളെ അറബി പഠിക്കാന്‍ പ്രേരിപ്പിച്ചത്.

അങ്ങിനെ രണ്ടാം ഭാഷയായി ടിന്റുവും അറബിയെടുത്തു. പൊതുവെ മുസ്‌ലിം കുട്ടികള്‍ മാത്രം തിരഞ്ഞെടുക്കാറുള്ള അറബി ഭാഷാ പഠനത്തിനു ചേര്‍ന്ന ടിന്റു സ്‌കൂളിലെ അധ്യാപകര്‍ക്കും കുട്ടികള്‍ക്കുമെല്ലാം ഒരു കൗതുകമായിരുന്നു. അന്നു സ്‌കൂളിലെ അറബി അധ്യാപകനായിരുന്ന അബ്ദുറഹിമാന്‍ മാഷുടെ അകമഴിഞ്ഞ പ്രോത്സാഹനവും ടിന്റുവിന്റെ അച്ഛന്റെ പിന്തുണയും നല്‍കിയ ആത്മവിശ്വാസം ആകണം ടിന്റുവിനെ അറബി ഭാഷ പഠനം മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിച്ചത്.

പൊതുവില്‍ പഠനത്തില്‍ മിടുക്കിയായിരുന്ന ടിന്റുവിന് അറബി പരീക്ഷയിലും മോശമല്ലാത്ത മാര്‍ക്ക് തന്നെ കിട്ടിയിരുന്നു. വീണ്ടും സ്ഥലം മാറ്റം കിട്ടിയപ്പോള്‍ അവര്‍ സ്വന്തം നാട്ടിലേക്ക് തന്നെ തിരിച്ചു പോയി. ഇടക്കെപ്പോഴോ അവള്‍ കത്തെഴുതിയ കാര്യം പെങ്ങള്‍ പറഞ്ഞിരുന്നു. വീട്ടില്‍ ഫോണ്‍ ഇല്ലാത്ത കാലമായതിനാലും പിന്നീട് പഴയ വീട് മാറിയതോടെ അവരുടെ വിലാസം നഷ്ടപ്പെട്ടതിനാലും ടിന്റുവിന്റെ കുടുംബവുമായുള്ള ബന്ധവും മുറിഞ്ഞു. തിരുവിതാംകൂര്‍ ഭാഗത്ത് എവിടെയെങ്കിലും സന്തോഷത്തോടെ കഴിയുന്നുണ്ടാകണം അവളുടെ കുടുംബം.

കോഴിക്കോട് സര്‍വ്വകലാശാലയിലെ ബി.എ  അഫ്‌സലുല്‍ ഉലമ സിലബസ്സിന്റെ ഭാഗമായി പഠിപ്പിച്ചുകൊണ്ടിരിക്കുന്ന “കിത്താബു തൗഹീദ് “ എന്ന പുസ്തകത്തെ ചുറ്റിപ്പറ്റിയുള്ള വിവാദമാണ് ടിന്റുവിന്റെ അറബി പഠനത്തെ വളരെക്കാലത്തിനു ശേഷം ഓര്‍ക്കാന്‍ ഇടയാക്കിയത്.

സൗദി സലഫി പണ്ഡിതനായ മുഹമ്മദുബ്‌നു സ്വാലിഹ് അല്‍ ഉസൈമീന്‍ എഴുതി  ഡോ. കോയക്കുട്ടി ഫാറൂഖി വിവര്‍ത്തനം ചെയ്ത പുസ്തകം പ്രവാചക ചരിത്രത്തെ ഉള്‍പ്പടെയുള്ള സുന്നി വിശ്വാസങ്ങളെ തെറ്റായി അവതരിപ്പിക്കുകയും സലഫീ വിരുദ്ധമായ വിശ്വാസം വെച്ചു പുലര്‍ത്തുന്നവര്‍ക്കെതിരെ കൊലവിളി നടത്തുകയും ചെയ്യുന്നു എന്നാണു പുസ്തകത്തെ കുറിച്ച് പുറത്തുവന്ന വാര്‍ത്തകള്‍. വിവിധ വാര്‍ത്താ മാധ്യമങ്ങളില്‍ വന്ന  വിവാദ പരാമര്‍ശങ്ങളുടെ ചിത്രങ്ങളും അര്‍ഥം ഉള്‍പ്പടെയുള്ള വിശദീകരണങ്ങളില്‍ നിന്നും  പ്രസ്തുത ആരോപണം ശരിയാണെന്നാണ് മനസ്സിലാകുന്നത്. അതുകൊണ്ടുകൂടിയായിരിക്കുമല്ലോ ഒറ്റദിവസം കൊണ്ട് തന്നെ പുസ്തകം പിന്‍വലിക്കാന്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് തീരുമാനിച്ചതും.

സലഫിസത്തെ കുറിച്ചതും ഐ.എസിന്റെ താത്വിക അടിത്തറയായി അതു പ്രവര്‍ത്തിക്കുന്നുവെന്ന കണ്ടെത്തലുകളുടെയും കേരളത്തില്‍ നിന്ന് കാണാതായ ചെറുപ്പക്കാരുടെ സലഫീ ബന്ധത്തിന്റെയും പശ്ചാത്തലം “കിത്താബു തൗഹീദ്” നെതിരെ വേഗത്തില്‍ നടപടിയെടുക്കാന്‍ അധികൃതരെ  പ്രേരിപ്പിച്ചിരിക്കാം. ഒരു വിഭാഗത്തിന്റെ ആശയത്തിന് എതിരാണ് എന്നത് കിതാബു തൗഹീദിനെ ഒരു മോശം പുസ്തകമാക്കുന്നില്ല എന്നു നിലപാടെടുത്ത യൂണിവേഴ്‌സിറ്റിയിലെ തന്നെ ഒരു മുന്‍ അറബി അദ്ധ്യാപകന്‍ കൂടിയായ വി.സി ഡോ. മുഹമ്മദ് ബഷീര്‍ പിന്നീട് നിലപാട് തിരുത്തിയതും ഇതൊക്കെ കൊണ്ടാകണം.

സലഫി ധാരയില്‍ പെട്ട ഒരു അദ്ധ്യാപകന്‍ തയ്യാറാക്കിയ, സലഫികള്‍ക്കു മേല്‍ക്കൈ ഉള്ള ഒരു ബോര്‍ഡ് ഓഫ് സ്റ്റഡീസ് തയ്യാറാക്കിയ ഒരു പുസ്തകത്തിനെതിരെ സുന്നി പക്ഷത്തുള്ള രണ്ടു വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ പ്രതിഷേധം എന്ന നിലയിലാണ് രണ്ടുപക്ഷത്തുമുള്ള പലരും ഈ വിവാദത്തോടു പ്രതികരിച്ചത്.

പുസ്തകം സിലബസ്സില്‍ നിന്നും ഒഴിവാക്കേണ്ടത് തന്നെയാണെങ്കിലും സമരം നടത്താന്‍ സുന്നികള്‍ തിരഞ്ഞെടുത്ത സമയം ശരിയായില്ല എന്നാണു ജമാഅത്തെ ഇസ്‌ലാമിക്കാരായ ആളുകള്‍ പ്രതികരിച്ചത്. അഫ്‌ളലുല്‍ ഉലമ കോഴ്‌സിന് യു.ജി.സി നല്‍കിയ അംഗീകാരം റദ്ദാക്കാന്‍ ഒരു മുസ്‌ലിം വിരുദ്ധ ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും സുന്നികളുടെ സമരം അവരെ സഹായിക്കും എന്ന പേടിയാണ് എസ്.ഐ.ഒക്കാര്‍ പങ്കുവെച്ചത്.

പക്ഷെ, ഈ ആളുകള്‍ പറയുന്നത് പോലെ  കേരളത്തിലെ സലഫി-സുന്നി ആശയ ധാരയിലുള്ളവര്‍ക്കിടയിലെ  ഒരു പ്രശ്‌നം മാത്രമല്ല ഈ പുസ്തകവും അതെ കുറിച്ചുള്ള വിവാദങ്ങളും  എന്നു കരുതുന്നതാവും കൂടുതല്‍ ശരി.  കേരളത്തിലെ അറബി ഭാഷാ പഠനവുമായി ബന്ധപ്പെട്ട മര്‍മ്മ പ്രധാനമായ ചില പ്രശ്‌നങ്ങളിലേക്ക് കൂടി “കിത്താബു തൗഹീദ്” നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുന്നുണ്ട്.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് കേരളത്തില്‍ അറബിക് സര്‍വ്വകലാശാല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു ഉയര്‍ന്നുവന്ന വിവാദങ്ങള്‍ ഓര്‍ക്കുന്നുണ്ടാകുമല്ലോ. മുസ്‌ലിംകളുടെ സാമൂഹിക  പിന്നാക്കാവസ്ഥ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ടു ജസ്റ്റിസ് സച്ചാര്‍ കമ്മറ്റി മുന്നോട്ടു വെച്ച നിര്‍ദേശങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കുന്നതിന് കുറിച്ച ആലോചിക്കാന്‍ വേണ്ടി എല്‍.ഡി.എഫ് നിയോഗിച്ച പാലോളി കമ്മറ്റിയുടെ നിര്‍ദേശമായിരുന്നു സംസ്ഥാനത്ത ഒരു അറബിക് സര്‍വ്വകലാശാല സ്ഥാപിക്കുക എന്നത്.

അതുകൊണ്ടുതന്നെ, അറബിക് സര്‍വ്വകലാശാല സ്ഥാപിക്കുന്നതിനെതിരെ യു.ഡി.എഫ് ഭരണകാലത്ത് നടന്ന നീക്കങ്ങളെ മുസ്‌ലിം സംഘടനകള്‍ തങ്ങളുടെ ആത്മാഭിമാനത്തിനു വേണ്ടിയുള്ള പോരാട്ടമായാണ് കണ്ടത്. അറബി സര്‍വ്വകലാശാല സ്ഥാപിക്കുന്നത് സാമൂഹിക ധ്രുവീകരണം ഉണ്ടാക്കുമെന്ന് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയത് അവരുടെ പ്രതിഷേധത്തിന്റെ കനം കൂട്ടി.

മലയാളികളില്‍ ഭൂരിഭാഗം ആളുകളുടെയും ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു ഭാഷയുടെ പേരില്‍ ഒരു സര്‍വ്വകലാശാല സ്ഥാപിക്കാതിരിക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ പറഞ്ഞ കാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മാത്രമല്ല, അത്തരം വാദങ്ങളാണ് സാമുദായിക ധ്രുവീകരണത്തിന് ആക്കം കൂട്ടുക.  

അപ്പോഴും കേരളത്തിലെ മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥയും അറബിക് സര്‍വ്വകലാശാലയുടെ അഭാവവും തമ്മില്‍ എങ്ങിനെ ബന്ധപ്പെട്ടുകിടക്കുന്നു എന്ന കാര്യം വിശദീകരിക്കപ്പെടേണ്ടതുണ്ട്. ഈ നിര്‍ദേശം മുന്നോട്ടു വെച്ച എല്‍.ഡി.എഫിന്റെ പാലോളി കമ്മറ്റിയോ, നിര്‍ദേശം നടപ്പിലാക്കാന്‍ വേണ്ടി സമരത്തിനിറങ്ങിയ യു.ഡി.എഫിന്റെ ഭാഗമായി നിന്നവര്‍  ഉള്‍പ്പടെയുള്ള മുസ്‌ലിം സംഘടനകളോ ഇക്കാര്യത്തില്‍ തൃപ്തികരമായ ഒരു വിശദീകരണം നല്‍കിയിട്ടില്ല.

അതെ സമയം അറബി സര്‍വ്വകലാശാല ആവശ്യമില്ല എന്നു വിശദീകരിച്ചു കൊണ്ട് അക്കാലത്ത് മുസ്‌ലിംകളില്‍ നിന്ന് തന്നെ ചിലര്‍ രംഗത്തെത്തിയിരുന്നു. കേരളത്തില്‍ നിലവിലുള്ള അറബി ഭാഷാ പഠന വിഭാഗങ്ങളുടെ അവസ്ഥ തന്നെ പരിതാപകരമാണെന്നും, ഇത്രയും കാലത്തെ പഠനത്തിനു ശേഷവും നേരെ ചൊവ്വേ അറബി സംസാരിക്കാനോ എഴുതാനോ പോലും കഴിയാത്ത ബിരുദ ധാരികളെയാണ് കേരളത്തിലെ അറബി ഭാഷാ പഠനം സംഭാവന ചെയ്തത് എന്നും പറഞ്ഞുകൊണ്ടായിരുന്നു അവര്‍ രംഗത്ത് എത്തിയത്.

ആ വിമര്‍ശനം ശരിയായിരുന്നു താനും. കേരളത്തില്‍ നിന്ന് കഴിഞ്ഞ  കാലങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട  അറബി പുസ്തകങ്ങളില്‍, മലയാളികളുടെ അറബി രചനകളില്‍ 90 ശതമാനവും വന്നത് യൂണിവേഴ്‌സിറ്റിയുടെ ഭാഗമായ അറബിക് പഠന വിഭാഗങ്ങളില്‍ ഒരിക്കല്‍ പോലും പഠിക്കാത്തവരില്‍ നിന്നായിരുന്നു.

എന്നാല്‍ ആ സൗകര്യങ്ങളിലൂടെ കടന്നുപോയവരുടെ സംഭാവനയോ  തീര്‍ത്തും ശുഷ്‌കവുമായിരുന്നു. വന്ന ശ്രദ്ധിക്കപ്പെടുന്ന ചുരുക്കം  പ്രസിദ്ധീകരണങ്ങള്‍ തന്നെ കേരളത്തിന് പുറത്തുള്ള ഹൈദരാബാദ് ഇഫ്‌ളു, ജെ.എന്‍.യു ന്യൂദല്‍ഹി എന്നിവിടങ്ങളില്‍ പഠിച്ചവരുടേതാണ്. ഗുണ നിലവാരത്തിന്റെ കാര്യത്തില്‍ കേരളത്തിലെ അറബിക് ഭാഷാ പഠനം നേരിടുന്ന ഗുരുതരമായ നിലവാരത്തകര്‍ച്ച തന്നെയാണ് ഇതിനു പ്രധാന കാരണം.

ഈ ഗുണ നിലവാരമില്ലായ്മയുടെ കാരണം എവിടെയാണ് എന്നു അന്വേഷിക്കുമ്പോള്‍ ആണ് കിതാബു തൗഹീദ് പോലുള്ള പുസ്തകങ്ങള്‍ നമ്മുടെ മുന്നില്‍ വരുന്നത്. ദൈവശാസ്ത്രപരമായി മുസ്‌ലിംകള്‍ വെച്ച് പുലര്‍ത്തുന്ന വിശ്വാസത്തിന്റെ അടിസ്ഥാനമാണ് തൗഹീദ് (ഏകദൈവ വിശ്വാസം) എന്ന ആശയം.

ഈ ആശയത്തില്‍ സലഫികള്‍  വെച്ച് പുലര്‍ത്തുന്ന ഒരു പ്രത്യേക നിലപാടിനെ ന്യായീകരിക്കുന്ന പുസ്തകമാണത്. അറബി ഭാഷയും സാഹിത്യവും പഠിപ്പിക്കുന്ന ഒരു സിലബസ്സില്‍ അത്തരം ഒരു പുസ്തകത്തിന്റെ സാംഗത്യം എന്താണ്?. മതപരമായ ആദര്‍ശ വിശ്വാസങ്ങളും അവയിലെ മുടിനാരിഴ കീറിയുള്ള ചര്‍ച്ചകളും ആണോ ഒരു ഭാഷാ സാഹിത്യ സിലബസ്സില്‍ പഠിപ്പിക്കേണ്ടത്?

കേരളത്തിലെ അറബി ഭാഷാ പഠനം തന്നെ സംവിധാനിച്ചിരിക്കുന്നത്  മതപരമായ ചില വൈകാരികതകളുടെ മേലാണ്. മുസ്‌ലിംകള്‍ക്ക് അറബി ഭാഷയുമായി ചില പ്രത്യേക ബന്ധം ഉണ്ടെന്നു ശരിയാണ്. പക്ഷെ അറബി മുസ്‌ലിംകളുടെ മാത്രം ഭാഷയല്ല തന്നെ. ഫലസ്തീനിയാണ് എന്നു പരിചയപ്പെടുത്തിയ ഉടനെ സലാം ചൊല്ലിയിട്ടും ഒരു അറബി സലാം മടക്കാതിരുന്നപ്പോള്‍ വിശദീകരണം ചോദിച്ച ഒരു മലയാളിയോട് താന്‍ കൃസ്താനിയാണ് എന്നു ആ ഫലസ്തീനി മറുപടി പറഞ്ഞ അനുഭവം ഒരു സുഹൃത്ത് ഈയിടെ പറയുകയുണ്ടായി. അതാണ് മലയാളി മുസ്‌ലിംകളുടെ  അറബ് ദേശത്തെയും ഭാഷയെയും കുറിച്ചുള്ള നിലപാടുകളുടെ പൊതു സ്വഭാവം. അറബി സമം ഇസ്‌ലാം എന്നതാണ്  അവരുടെ മുദ്രാവാക്യാം. ഇതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല അവരുടെ പിന്തുണ ഉറപ്പാക്കാന്‍ മത്സരിക്കുന്ന മതേതര പാര്‍ട്ടികളുടെ നിലപാടും.

കേരളത്തിലെ ഒരു സര്‍വ്വകലാശാലയിലെ അറബിക് കോഴ്‌സ് ആര്‍ക്കും ചേരാവുന്ന ഒരു കോഴ്‌സാണ്. മുജാഹിദുകള്‍ക്കോ, ജമാഅത്തെ ഇസ്‌ലാമിക്കാര്‍ക്കോ സുന്നികള്‍ക്കോ മാത്രമല്ല അതിനുള്ള അവകാശം. അങ്ങിനെയുള്ള ഒരു ഭാഷാ പഠന കോഴ്‌സില്‍ എങ്ങിനെയാണ്/എവിടെയാണ് കിതാബ് തൗഹീദ് പോലുള്ള പുസ്തകങ്ങളുടെ സ്ഥാനം?

ആര്‍ക്കും അവകാശപ്പെട്ട ഒരു കോഴ്‌സിനെ എങ്ങിനെയാണ്, എന്തുകൊണ്ടാണ് മുസ്‌ലിംകള്‍, അല്ലെങ്കില്‍ അവരിലെ ചില പ്രത്യേക വിഭാഗങ്ങള്‍ മാത്രം സ്വന്തമാക്കി വെച്ചിരിക്കുന്നത്? അറബി പഠിക്കണം എന്നാഗ്രഹിക്കുന്ന ഒരു മുസ്‌ലിം വിദ്യാര്‍ഥിക്കു  ആ കോഴ്‌സില്‍ ചേരാന്‍ താല്‍പര്യം ജനിപ്പിക്കുന്ന എന്തു വിഭവമാണ് കേരളത്തിലെ അറബി ഭാഷാ സിലബസ്സുകളില്‍ ഉള്ളത്?

കേരളത്തിലെ അറബി ഭാഷാ പഠനം സജീവമാക്കുന്നതില്‍ വലിയ പങ്കു വഹിച്ച ഒരാളാണ് സി.എച്ച് മുഹമ്മദ് കോയ. സി.എച്ച് വിദ്യഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് അറബി ഭാഷാ പഠനത്തിനാവശ്യമായ പല സൗകര്യങ്ങളും ഔദ്യോഗികമായി തന്നെ നിലവില്‍ വരുന്നത്.

പക്ഷെ ഈ സൗകര്യങ്ങളൊക്കെയും മുസ്‌ലിംകള്‍ക്കിടയിലെ ചില പ്രത്യേക മത വിഭാഗങ്ങള്‍, പ്രത്യേകിച്ചും കേരളത്തിലെ മുജാഹിദ് സംഘടനകള്‍ ദുരുപയോഗം ചെയ്തതിന്റെ പരിണിത ഫലമാണ് അറബി ഭാഷാ പഠനം ഇന്ന് നേരിടുന്ന പ്രതിസന്ധിയുടെ പ്രധാന കാരണം. മുസ്‌ലിം ലീഗില്‍ സ്വാധീനം ഉള്ള മുസ്‌ലിം മത സംഘടനാ എന്ന നിലയില്‍ അറബി ഭാഷയുമായി ബന്ധപ്പെട്ട നയ രൂപീകരണങ്ങളില്‍ ഏറെയും നടന്നത് മുജാഹിദ് നേതാക്കളുടെ മുന്‍കൈയില്‍ ആയിരുന്നു എന്നതാണ് വാസ്തവം.

വിശ്വാസപരമായി തങ്ങള്‍ പുലര്‍ത്തുന്ന ആശയങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം കിട്ടാനുള്ള മാര്‍ഗമായി അത്തരം സംവിധാനങ്ങളെ അവര്‍ ചുരുക്കിക്കളഞ്ഞു. സി.എച്ചിന്റെ ഏറ്റവും വലിയ സംഭാവനയെന്നു വിശേഷിപ്പിക്കപ്പെടുന്ന  സ്‌കൂളുകളിലെ അറബി അധ്യാപക നിയമനവും ഗ്രാമങ്ങളിലേക്കുള്ള മുജാഹിദ് സംഘടനകളുടെ വളര്‍ച്ചയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട് എന്നു കാണാം.

കേരളത്തിലെ ഏതൊരു പൗരനും ഉപകാരപ്പെടുന്ന രൂപത്തില്‍ ഉപയോഗപ്പെടുത്താന്‍ കഴിയുമായിരുന്ന ഒരു സംവിധാനം അങ്ങിനെ കിതാബു തൗഹീദിന്റെ വിവിധ വ്യാഖ്യാനങ്ങള്‍ പഠിപ്പിക്കുന്ന സംവിധാനമായി മാറി. അതുകൊണ്ടുതന്നെയാണ്   സര്‍വ്വകലാശാല ഉള്‍പ്പടെയുള്ള  അറബി ഭാഷയുമായി ബന്ധപ്പെട്ട മുസ്‌ലിം സംഘടനകളുടെ ആവശ്യങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ഇവിടുത്തെ മറ്റു മത സാമൂഹിക വിഭാഗങ്ങളോമുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളോ തയ്യാറാകാതെ പോയത്.  അതില്‍ അവരെ പരിഭവം പറയുന്നതില്‍ എന്തെങ്കിലും ന്യായമുണ്ട് എന്നു തോന്നുന്നില്ല.

അറബി ഭാഷാ പഠനം എന്നത് മുസ്‌ലിംകളുടെ തൗഹീദ് പഠിപ്പിക്കലല്ല എന്ന തിരിച്ചറിവാണ് ഇവിടുത്തെ ബോര്‍ഡ് ഓഫ് സ്റ്റഡീസിനും അറബി അക്കാദമിക്കുകള്‍ക്കും ആദ്യം വേണ്ടത്. അതു മുസ്‌ലിംകളുടെ മാത്രം അവകാശവുമില്ല. വിദേശ സര്‍വകലാശാലകളിലെ അറബി പഠന വിഭാഗങ്ങളില്‍ ഏറ്റവും അധികം എത്തുന്നത് മുസ്‌ലിമേതരര്‍ ആണത്രേ.

ഭാഷാ പഠനത്തെയും ദൈവ ശാസ്ത്ര പഠനത്തെയും വേര്‍തിരിച്ചുകാണാന്‍ കഴിയാത്ത വിധം ശുഷ്‌കിച്ചുപോയ അറബിക് അധ്യാപകരാണ് ഇവിടെ കുറ്റക്കാര്‍. ഭാഷാപഠനവും ദൈവശാസ്ത്ര പഠനവും തമ്മില്‍ ബന്ധപ്പെട്ടുകിടയ്ക്കുന്ന മേഖലകള്‍ ഉണ്ട്. അതുപക്ഷേ പഠിപ്പിക്കേണ്ടത് അടിസ്ഥാന പരമായ അറിവുകള്‍ നല്‍കുന്ന ബിരുദ പഠന സിലബസ്സുകളില്‍ അല്ല. വിമര്‍ശനപരമായ വായനയ്ക്കു കൂടുതല്‍ ഇടമുള്ള ഗവേഷണ പഠന മേഖലകളിലാണ്.  അതിനുപകരം ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തുകൊണ്ട് ഒരു പ്രത്യേക വിശ്വാസ ധാരക്ക് മേല്‍ക്കോയ്മ ലഭിക്കാനാവശ്യമായ സാഹചര്യം ഒരുക്കുന്നതിനുവേണ്ടി അറബി ഭാഷ പഠനത്തെ ദുരുപയോഗം ചെയ്ത അധ്യാപകര്‍ ഏതെങ്കിലും തരത്തിലുള്ള മാപ്പു അര്‍ഹിക്കുന്നില്ല. പരിശുദ്ധം എന്നു അവര്‍ തന്നെ കരുതുന്ന ഭാഷയെ സമൂഹ മധ്യത്തില്‍ പരിഹസിക്കാനുള്ള അവസരം ഒരുക്കിക്കൊടുക്കുകയാണ് അവര്‍ ചെയ്തിരിക്കുന്നത്.

അറബി ഭാഷയുമായി ബന്ധപ്പെട്ടു കേരളത്തില്‍ നടന്ന ഒരു സംവാദവും ഗുണപരമായ ഒരു മാറ്റങ്ങളും കൊണ്ടുവന്നിട്ടില്ല എന്നതാണ് പുതിയ വിവാദങ്ങള്‍ തെളിയിക്കുന്നത്. കിതാബ് തൗഹീദിനു പകരം സുന്നി ആശയങ്ങള്‍ക്ക് പ്രാമുഖ്യമുള്ള ഒരു പുസ്തകം പകരം വെച്ച് പരിഹരിക്കാവുന്ന പ്രശ്‌നവുമല്ല ഇത്. പകരം സുന്നി പുസ്തകം എന്നതാണ് പുസ്തകത്തിനെതിരെ സമരം പ്രഖ്യാപിച്ച സുന്നി വിദ്യാര്‍ഥികളുടെ സംഘടനകളുടെ നിലപാടെങ്കില്‍ നാട്ടിന്‍പുറത്ത് വഹാബിസം പ്രചരിപ്പിക്കാനിറങ്ങിയ പഴയ അറബി മുന്‍ഷിമാരുടെ പുതിയ പതിപ്പുകള്‍ എന്നേ അവരെക്കുറിച്ചും കരുത്തേണ്ടതുള്ളൂ. പകരം കേരളത്തിലെ അറബി ഭാഷാ പഠനം അടിമുടി മാറ്റിയെഴുതാന്‍ കഴിയും വിധത്തിലുള്ള, ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുന്ന ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ ഈ വിവാദങ്ങള്‍ക്കു കഴിയട്ടെ.

പെങ്ങളോടുള്ള ചങ്ങാത്തം കാരണം പണ്ട് അറബി പഠിക്കാന്‍ തുടങ്ങിയ ടിന്റു കഷ്ടകാലത്തിണങ്ങാനം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ അഫസലുല്‍ ഉലമ കോഴ്‌സിന് ചേര്‍ന്നിരുന്നെങ്കിലോ എന്നു വെറുതെ ആലോചിച്ചു പോയി. കിതാബു തൗഹീദ് പഠിച്ച്,  ഞങ്ങളുടെ വീട്ടിലേക്കു പള്ളിയില്‍ നിന്നും കൊണ്ടുവന്ന നേര്‍ച്ച ചോറ് എത്രയോ തവണ തിന്ന, വീട്ടിലെ മൗലീദിന്റെ പിറ്റേ ദിവസം ടിന്റുവിനും കൂടി എന്നുപറഞ്  പെങ്ങളുടെ പാത്രത്തില്‍ ഉമ്മ അധികം വിളമ്പിയ ചോറിനു വേണ്ടി കാത്തു നിന്ന, ആ പെണ്‍കുട്ടി ഒരുപക്ഷെ അന്ധാളിച്ച് നില്‍ക്കുമായിരുന്നു. നേര്‍ച്ച ചോറ് തിന്ന ടിന്റുവിന്റെ രക്തത്തിനും ധനത്തിനും ഇസ്‌ലാമില്‍ വിലയുണ്ടാവുമായിരുന്നോ?

We use cookies to give you the best possible experience. Learn more