കൊച്ചി: സുരക്ഷിത മാര്‍ഗമായ നിയന്ത്രിത സ്‌ഫോടനം വഴി മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കുമെന്ന് ആര്‍.ഡി.ഒ സ്‌നേഹില്‍ കുമാര്‍ സിങ്. ക്രെയിനുകള്‍ ഉപയോഗിച്ചാല്‍ കാലതാമസം വരുമെന്നതിനാലാണ് സാങ്കേതിക വിദ്യമാറ്റിയത്. ഒക്ടോബര്‍ 9ന് മുമ്പ് പൊളിക്കലിനുള്ള കമ്പനികളുമായി കരാറിലൊപ്പിടുമെന്നും ആര്‍.ഡി.ഒ വ്യക്തമാക്കി.
നാളെ മുതല്‍ ഒക്ടോബര്‍ മൂന്ന് വരെ ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നും സ്‌നേഹില്‍ കുമാര്‍ സിങ് പ്രതികരിച്ചു. നാളെ ഫ്‌ളാറ്റില്‍ ഉള്ളവരെ കണ്ട് സംസാരിക്കുകയും സഹകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുമെന്നും ഫ്‌ളാറ്റ് ഉടമകള്‍ക്ക് ഒഴിയുന്നതിന് ആവശ്യമായ എല്ലാ സഹായവും നഗരസഭ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഫ്ളാറ്റുടമകള്‍ക്ക് നഷ്പരിഹാരം നിശ്ചയിക്കാന്‍ സുപ്രീംകോടതി സമിതിയെ നിയോഗിച്ചു. റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി കെ ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായാണ് സമിതി. ഫ്ളാറ്റ് നിര്‍മ്മാതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.
സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി അറിയിച്ചുകൊണ്ട് നാല് ഫ്‌ലാറ്റ് നിര്‍മാതാക്കള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ആല്‍ഫയുടെ ഡയറക്ടര്‍ പോള്‍ രാജ്, ഹോളി ഫെയ്ത്ത് ബില്‍ഡേഴ്സിന്റെ മാനേജിങ് ഡയറക്ടര്‍ സണ്ണി ഫ്രാന്‍സിസ്, ജയിന്‍ ഹൗസിങ് ആന്റ് കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സന്ദീപ് മാലിക്, കെപി വര്‍ക്കി ആന്റ് ബില്‍ഡേഴ്സിന്റെ മാനേജിനങ് ഡയറക്ടര്‍ കെവി ജോസ് എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇത് ചൂണ്ടിക്കാട്ടി ഇവര്‍ക്ക് കോടതി നോട്ടീസയച്ചു.