വാര്‍ത്താ ചാനലുകളെ നിയന്ത്രിക്കണമെന്ന് ഹരജി
Kerala
വാര്‍ത്താ ചാനലുകളെ നിയന്ത്രിക്കണമെന്ന് ഹരജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th August 2013, 12:30 am

[]കൊച്ചി: രാജ്യത്തെ വാര്‍ത്താ ചാനലുകള്‍ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചു. []

വാര്‍ത്താ ചാനലുകള്‍ സംപ്രേക്ഷണം ചെയ്യുന്ന വിശ്വാസ്യതയില്ലാത്ത വാര്‍ത്തകള്‍ തടയുന്നതിന് നിയമനിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി.

കോട്ടയം ചങ്ങനാശേരി സ്വദേശി കെ. ബിജുവാണു ഹരജി നല്‍കിയിരിക്കുന്നത്. കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍, ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ എന്നിവയാണ് എതിര്‍ കക്ഷികള്‍.

സ്വകാര്യ വാര്‍ത്താ ചനാലുകളുടെ മത്സരം വര്‍ധിച്ചുവരികയാണെന്നും സത്യത്തില്‍ നിന്നകന്ന് ബ്രേക്കിങ്‌ ന്യൂസുകള്‍ നല്‍കുന്നതിനുള്ള പ്രവണത തുടരുകയാണെന്നും ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

യഥാര്‍ത്ഥ വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തിക്കുന്നതിന് പകരം വാര്‍ത്തയുടെ വിശ്വാസ്യത പോലും പരിശോധിക്കാതെയാണ് പല ചാനലുകളും വാര്‍ത്ത പുറത്തുവിടുന്നത്.

ചാനലുകള്‍ നല്‍കുന്ന പല വാര്‍ത്തകളും പിന്നീട് സത്യമല്ലെന്ന് ബോധ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ ന്യൂസ് ചാനലുകള്‍ സംപ്രേക്ഷണം ചെയ്യുന്നത് തടയുന്ന തരത്തില്‍ നിയമനിര്‍മാണം നടത്തണമെന്ന് ഹരജി ആവശ്യപ്പെടുന്നു.

ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹര്‍ജി പരിഗണിക്കും.