| Thursday, 19th December 2024, 12:41 pm

ആന എഴുന്നള്ളിപ്പിലെ നിയന്ത്രണം; ഹൈക്കോടതി ഉത്തരവിന് സ്റ്റേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആന എഴുന്നള്ളിപ്പില്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന് സ്റ്റേ. സുപ്രീം കോടതിയുടേതാണ് നടപടി. കോടതി ഉത്തരവിനെതിരെ ദേവസ്വങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ച നടപടിയെ തുടര്‍ന്നാണ് സ്റ്റേ.

ചട്ടങ്ങള്‍ പാലിച്ച് എഴുന്നള്ളിപ്പ് നടത്താമെന്ന് സുപ്രീം കോടതി പറഞ്ഞു. ഹൈക്കോടതി ഉത്തരവ് പ്രയോഗികമാണെന്ന് കരുതുന്നില്ലെന്നും കോടതി വ്യക്തമാക്കി.

ഹരജികളിലെ എതിര്‍ കക്ഷികള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരിനും ആനകളുടെ ഉടമസ്ഥരുടെ സംഘടനയ്ക്കും ഉൾപ്പെടെയാണ് നോട്ടീസ് അയച്ചത്.

ജസ്റ്റിസ് നഗരത്‌നയാണ് ഹരജി പരിഗണിച്ചത്. ഗൂന്യതയില്‍ നിന്ന് ഉത്തരവ് ഇറക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.

മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ഹരജിക്കാര്‍ക്കായി കോടതിയില്‍ ഹാജരായത്. ഹൈക്കോടതി ഉത്തരവ് തൃശൂര്‍ പൂരം അടക്കമുള്ളവയ്ക്ക് പ്രായോഗികമല്ലെന്നും നിലവിലുള്ള ചട്ടങ്ങള്‍ അനുസരിച്ചാണ് പൂരങ്ങളും മറ്റ് ചടങ്ങുകളും നടക്കുന്നതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളാണ് സുപ്രീം കോടതിയെ സമീപിച്ചത്. നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്നാണ് ദേവസ്വങ്ങള്‍ ആവശ്യപ്പെട്ടിരുന്നത്.

ഉത്തരവില്‍ പറയുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ച് പൂരം നടത്താന്‍ കഴിയില്ലെന്നും ദേവസ്വങ്ങള്‍ ഹരജിയില്‍ പറഞ്ഞിരുന്നു. ദേവസ്വങ്ങള്‍ക്ക് പുറമെ മൃഗസ്‌നേഹികളുടെ സംഘം സുപ്രീം കോടതിയില്‍ തടസ ഹരജിയും നല്‍കിയിരുന്നു.

എഴുന്നള്ളിപ്പില്‍ ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലവും ആനയും ആളുകളും തമ്മില്‍ എട്ട് മീറ്റര്‍ അകലവും പാലിക്കണമെന്നതാണ് ഹൈക്കോടതിയുടെ മാര്‍ഗരേഖയിലെ പ്രധാന നിയന്ത്രണം.

മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനയെ എഴുന്നള്ളിക്കാന്‍ പാടുള്ളുവെന്നും രണ്ട് എഴുന്നള്ളിപ്പ് ഉള്ളപ്പോള്‍ ആനകള്‍ക്ക് 24 മണിക്കൂര്‍ നിര്‍ബന്ധിത വിശ്രമം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

കൂടാതെ ആനകളെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുമ്പോള്‍ 100 കിലോ മീറ്ററില്‍ കൂടുതല്‍ കൊണ്ടുപോകരുതെന്നും അമിക്കസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നുണ്ട്. ആനകളെ നടത്തിക്കുകയാണെങ്കില്‍ 30 കിലോമീറ്ററില്‍ കൂടുതല്‍ നടത്താന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.

ഈ ഉത്തരവാണ് സുപ്രീം കോടതി ഇപ്പോള്‍ സ്റ്റേ ചെയ്തിരിക്കുന്നത്.

Content Highlight: Control of Elephant Ezhunnallipp; Stay of High Court order

We use cookies to give you the best possible experience. Learn more