ആന എഴുന്നള്ളിപ്പിലെ നിയന്ത്രണം; ദേവസ്വങ്ങള്‍ സുപ്രീം കോടതിയില്‍
Daily News
ആന എഴുന്നള്ളിപ്പിലെ നിയന്ത്രണം; ദേവസ്വങ്ങള്‍ സുപ്രീം കോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th December 2024, 6:59 pm

ന്യൂദല്‍ഹി: ആന എഴുന്നള്ളിപ്പിലെ നിയന്ത്രണം റദ്ദാക്കണമെന്ന ആവശ്യവുമായി ദേവസ്വങ്ങള്‍ സുപീം കോടതിയില്‍. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്നാണ് ദേവസ്വങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഉത്തരവില്‍ പറയുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ച് പൂരം നടത്താന്‍ കഴിയില്ലെന്നും ഹരജിയില്‍ പറയുന്നു. മൃഗസ്നേഹികളുടെ സംഘം സുപ്രീം കോടതിയിൽ തടസ ഹരജിയും നൽകിയിട്ടുണ്ട്.

നേരത്തെ ആന എഴുന്നള്ളിപ്പില്‍ നിയന്ത്രണം നടപ്പിലാക്കിയതില്‍ ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ പൂരപ്രേമി സംഘം ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയിരുന്നു.

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്നായിരുന്നു പൂരപ്രേമികളുടെ ആവശ്യം. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലെ ജഡ്ജിമാര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. കേരളത്തിലെ ആചാര പെരുമ തകര്‍ക്കാന്‍ വിദേശ ഗൂഢാലോചനയുണ്ടെന്നും സംഘം പരാതിയില്‍ ആരോപിച്ചിരുന്നു.

എഴുന്നള്ളിപ്പില്‍ ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലവും ആനയും ആളുകളും തമ്മില്‍ എട്ട് മീറ്റര്‍ അകലവും പാലിക്കണമെന്നതാണ് പ്രധാന നിയന്ത്രണം.

മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനയെ എഴുന്നള്ളിക്കാന്‍ പാടുള്ളുവെന്നും രണ്ട് എഴുന്നള്ളിപ്പ് ഉള്ളപ്പോള്‍ ആനകള്‍ക്ക് 24 മണിക്കൂര്‍ നിര്‍ബന്ധിത വിശ്രമം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

കൂടാതെ ആനകളെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുമ്പോള്‍ 100 കിലോ മീറ്ററില്‍ കൂടുതല്‍ കൊണ്ടുപോകരുതെന്നും അമിക്കസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നുണ്ട്. ആനകളെ നടത്തിക്കുകയാണെങ്കില്‍ 30 കിലോമീറ്ററില്‍ കൂടുതല്‍ നടത്താനും പാടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രസ്തുത റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള ഉത്തരവിനെതിരെയാണ് ദേവസ്വങ്ങള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം നിയന്ത്രണങ്ങള്‍ ലംഘിച്ച തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിനെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചിരുന്നു.

മതത്തിന്റെ പേരില്‍ എന്തും ചെയ്യാനാകില്ലെന്ന് കോടതി വിമര്‍ശനവും ഉന്നയിച്ചിരുന്നു. ഉത്തരവ് ലംഘിച്ചത് കോടതിയോടുള്ള പരസ്യമായ വെല്ലുവിളിയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlight: Control of Elephant Ezhunallipp; Devaswam in the Supreme Court