ആന എഴുന്നള്ളിപ്പിലെ നിയന്ത്രണം; ജഡ്ജിമാർക്കെതിരെ ചീഫ് ജസ്റ്റിസിന് പരാതിയുമായി പൂരപ്രേമി സംഘം
Kerala News
ആന എഴുന്നള്ളിപ്പിലെ നിയന്ത്രണം; ജഡ്ജിമാർക്കെതിരെ ചീഫ് ജസ്റ്റിസിന് പരാതിയുമായി പൂരപ്രേമി സംഘം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th December 2024, 12:21 pm

തിരുവനന്തപുരം: ആന എഴുന്നള്ളിപ്പിൽ നിയന്ത്രണം നടപ്പിലാക്കിയതിൽ ഹൈക്കോടതി ജഡ്ജിമാർക്കെതിരെ പരാതിയുമായി പൂരപ്രേമി സംഘം. ചീഫ് ജസ്റ്റിസിനാണ് പൂരപ്രേമി സംഘം പരാതി നൽകിയത്. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്നാണ് പൂരപ്രേമികളുടെ ആവശ്യം.

ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലെ ജഡ്ജിമാർക്ക് എതിരെയാണ് പരാതി നൽകിയത്. മൃഗസംരക്ഷണ സംഘടനയായ ‘പെറ്റ’യുടെ അഭിഭാഷകനായിരുന്നു ഹൈക്കോടതി ജഡ്ജി പി.ഗോപിനാഥെന്ന് പൂരപ്രേമി സംഘം പരാതിയില്‍ പറയുന്നു. കേരളത്തിലെ ആചാര പെരുമ തകർക്കാൻ വിദേശ ഗൂഢാലോചനയുണ്ടെന്നും സംഘം പരാതിയിൽ ആരോപിച്ചു.

ആന എഴുന്നള്ളിപ്പില്‍ പുറപ്പെടുവിച്ച മാനദണ്ഡം ലംഘിച്ചതിന് തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിനെതിരെ കഴിഞ്ഞ ദിവസം രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി മുന്നോട്ടുവന്നിരുന്നു. മതത്തിന്റെ പേരില്‍ എന്തും ചെയ്യാനാകില്ലെന്നും ഉത്തരവ് ലംഘിച്ചത് കോടതിയോടുള്ള പരസ്യമായ വെല്ലുവിളിയാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ആനകളെ എഴുന്നള്ളിക്കുമ്പോള്‍ ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലവും ആനയും ആളുകളും തമ്മില്‍ എട്ട് മീറ്റര്‍ അകലവും പാലിക്കണമെന്ന മാനദണ്ഡമാണ് ക്ഷേത്രം ലംഘിച്ചത്.

മതപരമായ ചടങ്ങുകൾക്ക് മാത്രമേ ആനയെ എഴുന്നള്ളിക്കാൻ പാടുള്ളു എന്നും രണ്ട് എഴുന്നള്ളിപ്പ് ഉള്ളപ്പോൾ ആനകൾക്ക് 24 മണിക്കൂർ നിർബന്ധിത വിശ്രമം നൽകണമെന്നുമായിരുന്നു മാനദണ്ഡം. കൂടാതെ ആനകളെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുമ്പോൾ 100 കിലോ മീറ്ററിൽ കൂടുതൽ കൊണ്ടുപോകരുതെന്നും നേരത്തെ അമിക്കസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ടിൽ നിർദേശിക്കുന്നുണ്ട്. ആനകളെ നടത്തിക്കുകയാണെങ്കിൽ 30 കിലോമീറ്ററിൽ കൂടുതൽ നടത്താനും പാടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.

ജനങ്ങളെ ആനകളുടെ സമീപത്ത് നിന്നും പത്ത് മീറ്റർ അകലത്തിൽ നിർത്തണമെന്നും ആനകൾ തമ്മിൽ മൂന്ന് മീറ്റർ അകലം വേണമെന്നും അമിക്കസ് ക്യൂറി റിപ്പോർട്ട് നിർദേശിച്ചിരുന്നു. പുഷ്പവൃഷ്ടി, വാന്ഗാൾ തുടങ്ങിയവ ആനകളെക്കൊണ്ട് ചെയ്യിപ്പിക്കാനും പാടില്ലെന്ന് റിപ്പോർട്ട് പറയുന്നു. അഞ്ച് ആനകളെക്കാൾ കൂടുതൽ ആനകളുള്ള എഴുന്നള്ളിപ്പിന് മുന്നോടിയായി അനുമതി വാങ്ങാനും ഹൈക്കോടതി അറിയിച്ചിരുന്നു.

കാട്ടാനകളെ നാട്ടാനയായി ഉപയോഗിക്കുന്നതില്‍ ഹൈക്കോടതിയുടെ സ്വമേധയായുള്ള ഹരജി പരിഗണിക്കുന്നതിനിടെ തിമിംഗലം കരയിലെ ജീവി അല്ലാത്തതില്‍ നന്ദി പറയണമെന്നും ഉത്സവങ്ങള്‍ക്ക് ആനയെ എഴുന്നള്ളിക്കുന്നത് ദുരിതവും ഭീകരവുമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ആന എഴുന്നള്ളിപ്പിൽ നിയന്ത്രണം നടപ്പിലാക്കിയതിന് പിന്നാലെ പൂരപ്രേമികളടക്കമുള്ള നിരവധിപേർ വിമർശനവുമായി മുന്നോട്ടുവന്നിരുന്നു. ഇതിനിടയിലാണ് ഹൈക്കോടതി ജഡ്ജിമാർക്കെതിരെ പരാതിയുമായി പൂരപ്രേമി സംഘം മുന്നോട്ട് വന്നിരിക്കുന്നത്.

 

Content Highlight: Control of Elephant Breeding; Poorpremi Sangam has complained to the Chief Justice