| Saturday, 2nd November 2024, 3:42 pm

ലക്കി ഭാസ്കറിന് മാറ്റ് കൂട്ടുന്ന മലയാളി തിളക്കം, നിമിഷ് രവിയും ബംഗ്ലാനും നിസാരക്കാരല്ല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുൽഖർ സൽമാനെ നായകനാക്കി വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ ലക്കി ഭാസ്കർ ബ്ലോക്ക്ബസ്റ്റർ വിജയം നേടി മുന്നേറുകയാണ്. പ്രേക്ഷകരെ ആദ്യാവസാനം രസിപ്പിക്കുന്ന ഒരു പീരീഡ് ഡ്രാമ ത്രില്ലറായി ഒരുക്കിയ ചിത്രത്തിൽ ഭാസ്‍കർ എന്ന കേന്ദ്ര കഥാപാത്രമായി ദുൽഖർ സൽമാൻ ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

എന്നാൽ ദുൽഖർ സൽമാനെ കൂടാതെ രണ്ട് മലയാളികൾ കൂടെ ലക്കി ഭാസ്കറിനെ മനോഹരമാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ചിത്രത്തിന് ക്യാമറ ചലിപ്പിച്ച നിമിഷ് രവിയും ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ നിർവഹിച്ച ബംഗ്ലാനുമാണ് ആ രണ്ട് പ്രതിഭകൾ.

ലക്കി ഭാസ്കറിന്റെ ഏറ്റവും വലിയ മികവ് അതിലെ ദൃശ്യങ്ങളുടെ മനോഹാരിതയും കഥ നടക്കുന്ന പശ്ചാത്തലത്തിന്റെ പൂർണതയുമാണ്. നിമിഷ് രവി ഒരുക്കിയ ദൃശ്യങ്ങൾ കഥാന്തരീക്ഷത്തെ ഏറ്റവും മനോഹരമായി ഒപ്പിയെടുത്തപ്പോൾ, 1980-90 കാലഘട്ടത്തിലെ ബോംബെ നഗരത്തെ അമ്പരപ്പിക്കുന്ന സൂക്ഷ്മതയോടെയാണ് ബംഗ്ലാൻ പുനഃസൃഷ്ടിച്ചത്.

അദ്ദേഹം ഹൈദരാബാദിൽ നിർമിച്ച കൂറ്റൻ സെറ്റുകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ മഗധ ബാങ്ക്, ബോംബെ തെരുവുകൾ, ഭാസ്കറിന്റെ വീട് തുടങ്ങി ഏറ്റവും പൂർണതയോടെയാണ് കഥയിലെ ഓരോ ഭാഗങ്ങൾക്ക് വേണ്ടിയും അദ്ദേഹം പ്രൊഡക്ഷൻ ഡിസൈൻ ഒരുക്കിയിരിക്കുന്നത്. കഥയും കഥാപാത്രങ്ങളും അവരുടെ പശ്ചാത്തലവും ഏറ്റവും വിശ്വസനീയമായി പ്രേക്ഷകരുടെ മനസിൽ പതിഞ്ഞതിൽ ഇവരുടെ പങ്ക് വളരെ വലുതാണ്.

ലുക്കാ, സാറാസ്, ദുൽഖർ സൽമാന്റെ കുറുപ്പ്, മമ്മൂട്ടി നായകനായ റോഷാക്ക്, കിംഗ് ഓഫ് കൊത്ത, ഇനി റിലീസ് ചെയ്യാനുള്ള മമ്മൂട്ടി ചിത്രം ബസൂക്ക എന്നിവയാണ് നിമിഷ് രവി ഇതിനു മുൻപ് ക്യാമറ ചലിപ്പിച്ച സിനിമകൾ. കുറുപ്പിലെ ദൃശ്യങ്ങൾക്ക് 2022 ലെ മികച്ച ഛായാഗ്രാഹകനുള്ള സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡും നിമിഷ് സ്വന്തമാക്കി. ഒട്ടേറെ മലയാള ചിത്രങ്ങൾക്ക് വേണ്ടി കലാസംവിധാനം നിർവഹിച്ചിട്ടുള്ള വിനേഷ് ബംഗ്ലാൻ, കമ്മാര സംഭവം, കുറുപ്പ്, രോമാഞ്ചം തുടങ്ങിയ ചിത്രങ്ങളുടെ പ്രൊഡക്ഷൻ ഡിസൈനറായും പ്രവർത്തിച്ചിട്ടുണ്ട്.

ഇപ്പോൾ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ചിത്രം കാന്താര ചാപ്റ്റർ 1 , ഇനി തുടങ്ങാൻ പോകുന്ന പൃഥ്വിരാജ് നായകനാവുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കാളിയൻ എന്നിവയുടെയും പ്രൊഡക്ഷൻ ഡിസൈൻ ബംഗ്ലാനാണ് നിർവഹിക്കുന്നത്. കമ്മാര സംഭവം എന്ന ചിത്രത്തിലൂടെ പ്രൊഡക്ഷൻ ഡിസൈനർക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‍കാരവും കേരളാ സംസ്ഥാന ചലച്ചിത്ര പുരസ്‍കാരവും അദ്ദേഹം സ്വന്തമാക്കിയിരുന്നു.

കുറുപ്പിന് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചപ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് തന്നെ ചിത്രത്തിലെ ഫ്രയിമുകളും ഭാഗങ്ങളും വന്നിട്ടുണ്ട്.

ദീപാവലി റിലീസായാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. ബോക്സ് ഓഫീസിൽ മിന്നുന്ന പ്രകടനം കാഴ്ച വെക്കുന്ന ഭാസ്കർ ആദ്യ രണ്ട് ദിനം കൊണ്ട് നേടിയ ആഗോള ഗ്രോസ് 26 കോടി 20 ലക്ഷത്തിനും മുകളിലാണ്. കേരളത്തിൽ നിന്ന് മാത്രം ഇതിനോടകം 4 കോടിക്ക് മുകളിലാണ് ചിത്രം നേടിയ ഗ്രോസ് കളക്ഷൻ. ആദ്യ ദിനം 12 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടിയ ചിത്രത്തിന് രണ്ടാം ദിനം 14 കോടിയോളമാണ് ലഭിച്ചത്. മഹാനടി, സീതാരാമം എന്നിവക്ക് ശേഷം തെലുങ്കിൽ ദുൽഖറിന്റെ ഹാട്രിക് ഹിറ്റിലേക്കാണ് ലക്കി ഭാസ്കർ കുതിക്കുന്നത്.

Content Highlight: Contributions Of Nimish Ravi And Banglan In Lucky Baskar

We use cookies to give you the best possible experience. Learn more