| Thursday, 2nd May 2013, 9:15 am

വിവാദ കവിത: രണ്ടാഴ്ചയായിട്ടും എ.ഡി.ജി.പി ബി. സന്ധ്യ വിശദീകരണം നല്‍കിയില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിവാദ കവിതയുടെ പേരില്‍ ഡി.ജി.പി വിശദീകരണം ആവശ്യപ്പെട്ടെങ്കിലും രണ്ടാഴ്ചയായിട്ടും അത് നല്‍കാന്‍ എ.ഡി.ജി.പി ബി. സന്ധ്യ തയ്യാറായില്ല.

രാഷ്ട്രീയക്കാരെയും മാധ്യമപ്രവര്‍ത്തകരേയും ആക്ഷേപിച്ച്  കവിതയെഴുതിയതിന്റെ പേരിലാണ് ബറ്റാലിയന്‍ എ.ഡി.ജി.പി ബി. സന്ധ്യയോട് ഡി.ജി.പി വിശദീകരണം തേടിയത്. []

ഒരു വാരികയില്‍ “എനിക്ക് ഇങ്ങനെയേ ആവാന്‍ കഴിയൂ എന്ന പേരിലാണ് ബി. സന്ധ്യ കവിത എഴുതിയത്.

പൊലീസ് ഉദ്യോഗസ്ഥര്‍ സാഹിത്യ സൃഷ്ടി നടത്തുന്നതിന് സര്‍വീസ് ചട്ടം  തടസമല്ല. എന്നാല്‍ എ.ഡി.ജി.പിയുടെ കവിതാരൂപത്തിലുള്ള പരാമര്‍ശങ്ങള്‍ സാഹിത്യത്തിന്റെ പരിധിയില്‍ പരിഗണിക്കാവുന്നതല്ല എന്നാണ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് മേധാവി വിശദീകരണം തേടിയത്.

എന്നാല്‍ ഡി.ജി.പിക്ക് മറുപടി നല്‍കാന്‍ എ.ഡി.ജി.പി തയ്യാറാകാത്ത സാഹചര്യത്തില്‍ തുടര്‍ നടപടി എന്താകണം എന്ന കാര്യത്തില്‍ ആശയക്കുഴപ്പം ഉടലെടുത്തിരിക്കുകയാണ്.

ഒരു നാവുണ്ടെന്ന് കരുതി ആര്‍ക്കെതിരെയും ഇല്ലാത്തത് ചൊല്ലി പൂരപ്പാട്ട് പാടാന്‍ നീയെന്താ പത്രമെഴുത്ത് തൊഴിലാളിയോ എന്ന് ചോദിച്ചാണ് എ.ഡി.ജി.പി കവിത തുടങ്ങിയത്.

തുടര്‍ന്നങ്ങോട്ട് ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി രാഷ്ട്രീയക്കാര്‍ വരെ താന്‍ നിരന്തരം ബന്ധപ്പെടുന്ന ഓരോ വിഭാഗത്തിനും എതിരെ ആക്ഷേപം ചൊരിഞ്ഞിട്ടുണ്ട്.

രണ്ടു കാലുണ്ടെന്നു കരുതി ആരെയും കാലുവാരാന്‍, കുതികാല്‍ വെട്ടാന്‍ നീയെന്താ രാഷ്ട്രീയക്കാരനോ എന്നാണ് രാഷ്ട്രിയ നേതൃത്വത്തെ പരാമര്‍ശിച്ചുള്ള വരികള്‍. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെയാണ് വിവരം ശ്രദ്ധയില്‍പ്പെട്ട ഡി.ജി.പി കെ.എസ്. ബാലസുബ്രഹ്മണ്യം ഇടപെട്ടത്.

രണ്ടു കണ്ണുകളുണ്ടെന്നുകരുതി എന്തുമേതും ഒളിഞ്ഞുമാത്രം നോക്കാന്‍, അതു കാഴ്ചപ്പൂരമാക്കാന്‍, നീയെന്താ ദൃശ്യമാധ്യമക്കൂലിക്കാരനോ?” എന്നും ചോദിക്കുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും എ.ഡി.ജി.പി വെറുതെവിട്ടില്ല.

പല തട്ടിലുമുള്ള മൂല്യശോഷണത്തെക്കുറിച്ച് പരിതപിക്കുന്ന കവയത്രി പറഞ്ഞവസാനിപ്പിക്കുന്നത് വെറുമൊരു പൗരന്‍ മാത്രമായ തനിക്ക് ഇങ്ങനെയേ ആവാന്‍ കഴിയൂ എന്നാണ്.

മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥരിലൊരാളായ സന്ധ്യ ,അടുത്തിടെ പേരൂര്‍ക്കട സായുധ ബറ്റാലിയനിലെ വന പരിശീലനത്തിനിടെ ട്രെയിനികള്‍ തനിക്കെതിരെ തോക്ക് ചൂണ്ടിയതില്‍ ക്ഷുഭിതയായി പരിശീലനം പിരിച്ചുവിട്ടത് വിവാദമായിരുന്നു.

ബി.സന്ധ്യയുടെ നടപടി മാധ്യമങ്ങളില്‍ തുടരെ വാര്‍ത്തയായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കവിതയിലൂടെ പുറത്തുവന്ന വിമര്‍ശനം എന്നാണ് വിലയിരുത്തപ്പെടുന്നത്.

തുടര്‍ന്ന് എ.ഡി.ജി.പി സ്വീകരിച്ച പ്രതികാര നടപടികളില്‍ പൊലീസുകാര്‍ അസ്വസ്ഥരായിരുന്നു. മാധ്യമങ്ങളും ഇതിനെ വിമര്‍ശിച്ചിരുന്നു.

പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരസ്യപ്രസ്താവനയോ വിമര്‍ശമോ നടത്താനുള്ള അധികാരം നിലവിലെ ചട്ടത്തിലില്ല. എന്നാലും സര്‍ഗസൃഷ്ടി നടത്തുന്നതിന് കാര്യമായ വിലക്കുകളുമില്ല. എന്നാല്‍ സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ അടച്ചാക്ഷേപിക്കുന്ന സന്ധ്യയുടെ കവിത പുതിയൊരു വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.

Latest Stories

We use cookies to give you the best possible experience. Learn more