| Saturday, 21st March 2015, 1:14 pm

കെ.എസ്.എഫ്.ഡി.സിയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ നിയമനം: പ്രതിഷേധവുമായി സിനിമാ പ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി രാജ്‌മോഹന്‍ ഉണ്ണിത്താനെ നിയമച്ചത് വിവാദമാകുന്നു. ഉണ്ണിത്താനെ നിയമിച്ചത് സിനിമാ പ്രവര്‍ത്തകര്‍ക്കിടെ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്.

കോര്‍പ്പറേഷന്‍ ഭരണസമിതിയുള്ള നടന്മാരായ മണിയന്‍ പിള്ള രാജു, സിദ്ദിഖ്, സംവിധായകന്‍ ഷാജി കൈലാസ് അടക്കമുള്ളവര്‍ രാജ് മോഹന്‍ ഉണ്ണിത്താന്റെ നിയമത്തില്‍ പ്രതിഷേധിച്ച് രാജിക്കൊരുങ്ങുന്നുവെന്നു റിപ്പോര്‍ട്ടുണ്ട്.

സിനിമാ മേഖലയില്‍ രാഷ്ട്രീയം കലര്‍ത്താനുള്ള നീക്കമാണ് രാജ്‌മോഹനെ എതിര്‍ക്കുന്നതിനു കാരണമെന്ന് മണിയന്‍ പിള്ള രാജു പറഞ്ഞു. കൂടുതല്‍ പേര്‍ വരും ദിവസങ്ങളില്‍ രാജിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ രാജിവെക്കുന്ന ഒഴിവിലേക്കും രാഷ്ട്രീയക്കാരെ നിയമിക്കാമെന്ന് മണിയന്‍ പിള്ള രാജു പരിഹസിച്ചു.

ചലച്ചിത്ര വികസന കോര്‍പ്പറേഷനെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റിയ സാബു ചെറിയാന്‍ സ്ഥാനമൊഴിഞ്ഞപ്പോഴാണ് കെ.പി.സി.സി വക്താവ് കൂടിയായ രാജ്‌മോഹന്‍ ഉണ്ണിത്താനെ ആ സ്ഥാനത്തേക്ക് നിയമിച്ചത്. സിനിമാ മേഖലയില്‍ ഉള്ളവര്‍ക്കു തന്നെ ആ സ്ഥാനം നല്‍കണമെന്നാണ് അംഗങ്ങളുടെ ആവശ്യം.

അതിനിടെ, രാജ്‌മോഹന്‍ ഉണ്ണിത്താനെ നിയമിച്ചത് കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചല്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കെ.എസ്.എഫ്.ഡി.സിയില്‍ മുമ്പും രാഷ്ട്രീയ നിയമനങ്ങള്‍ ഉണ്ടായിട്ടുണ്ട്. സംഘടനാപാടവും കഴിവും മുന്‍നിര്‍ത്തിയാണ് രാജ്‌മോഹന്‍ ഉണ്ണിത്താനെ ചെയര്‍മാനായി നിയമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സിനിമാക്കാരുടെ രാജിതീരുമാനമറിഞ്ഞ്, താനും സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു.

We use cookies to give you the best possible experience. Learn more