| Tuesday, 25th November 2014, 12:02 pm

സംസ്ഥാന കലോത്സവം: മാനാഞ്ചിറ മുഖ്യവേദിയാക്കുന്നതിനെതിരെ നഗരസഭ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മുഖ്യവേദിയായി മാനാഞ്ചിറ മൈതാനം വിട്ടുകൊടുക്കാനാകില്ലെന്ന് കോഴിക്കോട് മേയര്‍ എം.കെ പ്രേമജം. അവിടെ വേദി നിര്‍മ്മിക്കാനുള്ള സാഹചര്യമില്ലെന്നും പുല്‍ത്തകിടി നശിക്കുമെന്നും മേയര്‍ പറഞ്ഞു.

മാനാഞ്ചിറ പ്രധാനവേദിയാക്കാനായി വിട്ടുകൊടുത്താല്‍ അതിന് സമീപം ഗതാഗത കുരുക്കും ക്രമസമാധാന പ്രശ്‌നവും ഉണ്ടാവും. ഇത്തരം പരിപാടികള്‍ക്ക് മാനാഞ്ചിറ മൈതാനം വിട്ടുകൊടുക്കാനാകില്ലെന്നാണ് നിലവില്‍ കോര്‍പ്പറേഷന്റെ തീരുമാനമെന്നും മേയര്‍ വ്യക്തമാക്കി.

സ്‌കൂള്‍ കലോത്സവത്തിന് മാനാഞ്ചിറയല്ലാതെ മറ്റ് വേദികളും കോഴിക്കോട് ഉണ്ടെന്ന് എ. പ്രദീപ് കുമാര്‍ എം.എല്‍.എ പ്രതികരിച്ചു. മറ്റൊരു നിവൃത്തിയുമില്ലെങ്കില്‍ മാത്രമേ മാനാഞ്ചിറ മുഖ്യവേദിയായി നല്‍കാനാവൂ.

മാനാഞ്ചിറ ഇതുപോലെ തന്നെ സംരക്ഷിക്കപ്പെടണമെന്നതാണ് തന്റെ നിലപാടെന്നും എ. പ്രദീപ് കുമാര്‍ എം.എല്‍.എ വ്യക്തമാക്കി.

മാനാഞ്ചിറ മുഖ്യവേദിയാക്കി 18 വേദികളിലായി കലോത്സവം നടത്താനായിരുന്നു തീരുമാനം. എന്നാല്‍ മാനാഞ്ചിറ മുഖ്യവേദിയാക്കി ഔദ്യോഗിക പ്രഖ്യാപനം വന്നതിന് പിന്നാലെ തന്നെ നഗരസഭ ഇക്കാര്യത്തിലുള്ള എതിര്‍പ്പ് വിദ്യാഭ്യാസ മന്ത്രിയെ അറിയിച്ചിരുന്നു. 25 ലക്ഷം ചിലവഴിച്ച് അടുത്തിടെ നവീകരിച്ച മാനാഞ്ചിറ ഒഴിവാക്കി സ്വപ്‌നനഗരി പ്രധാന വേദിയാക്കണമെന്ന നിര്‍ദേശവും നഗരസഭ മുന്നോട്ടുവെച്ചിരുന്നു.

എന്നാല്‍ സ്വപ്‌നനഗരി മുഖ്യവേദിയായാല്‍ ചെയര്‍മാനായി എ. പ്രദീപ് കുമാര്‍ എം.എല്‍.എ വരുമെന്നത് ഭരണപക്ഷത്ത് എതിര്‍പ്പുയര്‍ത്തിയിട്ടുണ്ട്. നേരത്തെ മന്ത്രി എം.കെ മുനീറിനെ ചെയര്‍മാനാക്കായിരുന്നു തീരുമാനിച്ചത്.

മാനാഞ്ചിറതന്നെ വേണമെന്ന് പിടിവാശിയില്ലെന്നും ഇക്കാര്യത്തില്‍ തര്‍ക്കമില്ലെന്നും മന്ത്രി പി.കെ. അബ്ദുറബ്ബ് പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. വേദി സ്ഥിതി ചെയ്യുന്ന പ്രദേശത്തിന് അനുസരിച്ച് ചെയര്‍മാന്‍ മാറും. ഇപ്പോള്‍ നിശ്ചയിച്ചത് മാനാഞ്ചിറയാണെന്നും അദ്ദേഹം വിശദീകരിച്ചു. എന്തായാലും മുഖ്യവേദിയെച്ചൊല്ലി ആശയക്കുഴപ്പം തുടരുകയാണ്.

ഇനി നഗരസഭ മാനാഞ്ചിറ വിട്ടുകൊടുത്താലുമുണ്ട് പ്രശ്‌നങ്ങള്‍. മൈതാനത്തിന്റെ നടുക്ക് ഇപ്പോള്‍ ഭീമാകാരമായ ഒരു വെങ്കല പ്രതിമയുണ്ട്. ലളിത കലാ അക്കാഡമിയുടെ നേതൃത്വത്തില്‍ അടുത്തിടെ കോഴിക്കോട് സംഘടിപ്പിക്കപ്പെട്ട ശില്‍പ്പികളുടെ ക്യാമ്പില്‍ പ്രശസ്ത ശില്‍പ്പി കെ.എസ്. രാധാകൃഷ്ണന്‍ നിര്‍മിച്ചതാണ് “കാലം” എന്നു പേരിട്ട ഈ ശില്‍പ്പം.

മുഖ്യവേദിക്കായുള്ള വിശാലമായ പന്തല്‍ നിര്‍മിക്കുന്നതിന് ഇത് തടസമാവും. ഇനി കഷ്ടപ്പെട്ട് പ്രതിമ പന്തലികത്താക്കാം എന്നു വച്ചാല്‍ അത് കാഴ്ചയ്ക്ക് തടസവുമാവും. കലോത്സവത്തിന്റെ ഭാഗമായി ഈ ശില്‍പ്പം മൈതാനത്തിന്റെ നടുക്കുനിന്ന് എടുത്തുമാറ്റിയാല്‍ അത് കലാകാരന്‍മാരുടെ പ്രതിഷേധവും ക്ഷണിച്ചു വരുത്തും.

We use cookies to give you the best possible experience. Learn more